'രണ്ടും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്നവര്‍' ഹമാസിനെ റഷ്യയോടുപമിച്ച് ബൈഡന്‍; ഇസ്‌റാഈലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്നും യു.എസ് പ്രസിഡന്റ്
'രണ്ടും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്നവര്‍' ഹമാസിനെ റഷ്യയോടുപമിച്ച് ബൈഡന്‍; ഇസ്‌റാഈലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്നും യു.എസ് പ്രസിഡന്റ്
വാഷിങ്ടണ്‍: റഷ്യയും ഹമാസും ഒരുപോലെയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അയല്‍രാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. യുഎസ് പൗരന്മാരെ അഭിസംബോധന ചെയ്താണ് ബൈഡന്റെ പരാമര്‍ശം. ഉക്രൈനേയും ഇസ്‌റാഈലിനേയും സഹായിക്കുക എന്നത് രാജ്യതാല്‍പര്യമാണെന്നും യും.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അമേരിക്ക ലോകത്തിന് ഒരു വഴിവിളക്കാണെന്നും ബൈഡന്‍ പറഞ്ഞു.
'തീവ്രവാദ സംഘടനയായ ഹമാസും സ്വേച്ഛാധിപതികളായ റഷ്യയും ജയിച്ചുകൂട. ഒരു മഹത്തരമായ രാഷ്ട്രം എന്ന നിലയ്ക്ക് നമുക്കുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കാനാവില്ല. പ്രസിഡന്റ് എന്ന നിലയ്ക്ക് ഹമാസ് പിടിയിലുള്ള അമേരിക്കന്‍ ബന്ദികളെ വിട്ടുകിട്ടുന്നതിനാണ് ഇപ്പോള്‍ ഞാന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. വളരെയേറെ വേദനയും ദേഷ്യവും അതേസമയം നിശ്ചയദാര്‍ഢ്യവുമൊക്കെയുള്ള അനേകം മനുഷ്യരെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ കണ്ടു. ഫലസ്തീന്‍ ജനതയുടെ നഷ്ടം ഹൃദയഭേദകമാണ്. നിഷ്‌കളങ്കമായ ഒരു ജീവനും നഷ്ടപ്പെട്ടുകൂട'. ബൈഡന്‍ പറഞ്ഞു.
ഇസ്‌റാഈലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും വാഷിങ്ടണില്‍ നടന്ന പരിപാടിയില്‍ ബൈഡന്‍ വ്യക്തമാക്കി. ഇസ്‌റാഈലിന്റെ അയണ്‍ ഡോം സംവിധാനം കരുത്തുറ്റതാക്കാനാണ് ധനസഹായം. ആഗോളനേതാക്കള്‍ എന്ന നിലയില്‍ അത് തങ്ങളുടെ കടമയാണെന്നാണ് ബൈഡന്‍ അറിയിച്ചത്. ഉക്രൈനിനും സമാന രീതിയില്‍ അമേരിക്ക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗസ്സയിലെ ആശുപത്രി ആക്രമണം ഇസ്‌റാഈല്‍ നടത്തിയതല്ല എന്ന് പ്രസംഗത്തില്‍ ആവര്‍ത്തിക്കാനും ബൈഡന്‍ മറന്നില്ല.
അതേസമയം ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിക്കുകയാണ്. അവസാന മണിക്കൂറില്‍ മാത്രം ഗസ്സയില്‍ ഇസ്‌റാഈല്‍ തകര്‍ത്തത് 10 റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളാണ്. ഗസ്സ സിറ്റിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. 3400 ലേറെ ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഇസ്‌റാഈല്‍ നടത്തുന്നുണ്ട്. ഓരോ പതിനഞ്ച് മിനുട്ടിലും ഗസ്സയില്‍ ഓരോ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."