സഊദിക്കാർക്ക് കാക്ക ഒരു പാവം ജീവിയില്ല; രണ്ടാം ഘട്ട തുരത്തൽ നടപടിക്ക് തുടക്കമായി
സഊദിക്കാർക്ക് കാക്ക ഒരു പാവം ജീവിയില്ല; രണ്ടാം ഘട്ട തുരത്തൽ നടപടിക്ക് തുടക്കമായി
റിയാദ്: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ കാക്കകൾ വർധിച്ച സാഹചര്യത്തിൽ നിയന്ത്രണ നടപടിയുമായി അധികൃതർ. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്കകളെ തുരത്താനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കമിട്ടത്. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെന്റ് പ്ലാൻ എന്ന പേരിലാണ് കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനം നടത്തുന്നത്.
ജിസാൻ, ഫറസാൻ ദ്വീപ് തുടങ്ങിയ ഇടങ്ങളിലാകും ഈ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇന്ത്യൻ കാക്കകൾ ഏറ്റവുമധികം കണ്ടുവരുന്ന പ്രദേശങ്ങളാണ് ഇവ. പരിസ്ഥിതിക്കും ജനങ്ങൾക്കും കാക്കകൾ ഭീഷണിയും ശല്യവുമായതോടെയാണ് കാക്കകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സഊദി തീരുമാനമെടുത്തത്. കാക്ക സഊദി പരിസ്ഥിതിയുടെ ഭാഗമല്ല. അത്യപൂർവമായിരുന്ന കാക്കകൾ അടുത്തിടെയാണ് ക്രമാതീതമായി വർധിച്ചത്. എണ്ണം പെരുകിയതോടെ അവിടുത്തെ കാലാവസ്ഥക്ക് ആവശ്യമായ പല ചെറുജീവികളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇത് പരിസ്ഥിതിക്ക് ദോഷകരമാകും.
പരിസ്ഥിതി സംരക്ഷിത മേഖലകളിലും, വന്യജീവി സങ്കേതങ്ങളിലും, ആവാസ വ്യവസ്ഥയിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പക്ഷികളെയും ജന്തുക്കളെയും ചെറുക്കുന്നതിന്റെ ഭാഗമായാണ് കാക്കകളെ തുരത്തുന്ന പദ്ധതി നടപ്പിലാക്കുന്നത്. അഡാപ്റ്റീവ് കൺട്രോൾ മാനേജ്‌മെന്റ് പ്ലാൻ എന്ന പേരിലാണ് പദ്ധതി ദേശീയ വന്യജീവി വികസന കേന്ദം നടത്തിവരുന്നത്
കാക്കകളുടെ പുനരുൽപാദനം തടയുക, 70 ശതമാനം കാക്കകളെയും കൂടുകളെയും നിയന്ത്രിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ചെയ്യുക. ഇതിന് മുന്നോടിയായി ഇന്ത്യൻ കാക്കകളുടെ എണ്ണമെടുക്കലും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, തീറ്റകിട്ടുന്ന സ്ഥലങ്ങൾ, സ്വഭാവം എന്നിവ നിർണയിക്കലും നടത്തിയിരുന്നു. 140 ലേറെ കൂടുകൾ ആദ്യഘട്ടമായി നശിപ്പിക്കുകയും ദീപിലുള്ള 35 ശതമാനം കാക്കകളെ കണ്ടെത്തി തുരത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നിലവിൽ ഉള്ളവയുടെ 70 ശതമാനത്തെ കൂടി നിയന്ത്രിക്കാൻ ഒരുങ്ങുന്നത്.
തുടക്കത്തിൽ കൗതുകമായിരുന്ന കാക്കകൾ ടൂറിസ്റ്റ് കേന്ദ്രമായ ഫറസാൻ ദ്വീപിലിപ്പോൾ ശല്യമായി മാറിയിരിക്കുകയാണ്. കാക്കക്കൂട്ടത്തിന്റെ അസഹനീയ ശബ്ദം കൊണ്ടും കാഷ്ടം കൊണ്ടും മേഖലയാകെ ദുരിതത്തിലായ അവസ്ഥയിലാണിപ്പോൾ. കേരളത്തിലും മറ്റും കാണുന്നത് പോലെ വൈദ്യുതി ലൈനിൽ കയറി ഇരുന്ന് പലപ്പോഴും പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറാക്കുകയും ചെയ്യുന്നതായി അധികൃതർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."