കണ്ടം നിറയ്ണ കാളപ്പൂട്ടുത്സവം
എഴുത്ത്, ചിത്രം: നിധീഷ് കൃഷ്ണന്
വേഗരാജാക്കന്മാരെ കണ്ടെത്താന്‍ കോഴിക്കോട് പെരുമണ്ണ അറത്തില്‍ പറമ്പില്‍ മുല്ലമണ്ണ കോയസ്സന്‍ സാഹിബ് മെമ്മോറിയല്‍ കാളപ്പൂട്ട് കണ്ടത്തില്‍ പൂട്ടാനെത്തിയ വമ്പന്മാരുടെ തിരക്കായിരുന്നു. ഇത്തവണ മത്സരപ്പൂട്ടിന് വിവിധ ജില്ലകളില്‍ നിന്ന് അമ്പത്തിഒന്നോളം ജോഡി കന്നുകളാണ് എത്തിയിരുന്നത്. വിവിധ വര്‍ണവൈവിധ്യങ്ങളില്‍ മിനുക്കിയൊരുക്കിയ കന്നുകളെ കാണേണ്ട കാഴ്ച തന്നെ. പുല്ല, മൈലന്‍, കണ്ണപ്പന്, മൊകാല, അരക്കന്‍, പാണ്ടന്‍, കരിമ്പന്‍, ചുണങ്ങന്‍ - കന്നുകളുടെ നിറങ്ങള്‍ക്കനുസരിച്ച് അവയെ വിളിക്കുന്ന പേരുകളാണിത്. വെള്ളനിറമുള്ളവയെ പുല്ലയെന്നും കറുപ്പിനെ മൈലനെന്നും ചുവപ്പ് നിറമുള്ളവയെ കണ്ണപ്പനെന്നും മുഖത്ത് പലനിറങ്ങളും ദേഹം വേറെ നിറവുമുള്ളവയെ മൊകാലയെന്നുമായി പലനിറങ്ങളുള്ള കന്നുകള്‍ക്ക് രസകരമായ പലപേരുകളാണ് നല്കിപ്പോരുന്നത്. പ്രായ-ലിംഗ വ്യത്യാസമില്ലാതെ നാട്ടിലെ മനുഷ്യരായ മനുഷ്യരെല്ലാം സൗഹാര്‍ദത്തോടെയും അതിലേറെ ആവേശത്തോടെയും ഈ കാര്‍ഷിക വിനോദ കൂട്ടായ്മക്ക് ഒത്തുചേരുന്നു.
ഈ കണ്ടത്തില്‍ മതമോ ജാതിയോ വിഭാഗീയതയോ ഇല്ല. കര്‍ഷകന്റെ വിനോദം മാത്രമല്ല, ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് കാളപ്പൂട്ട് ഇപ്പോള്‍ നടത്തിപ്പോരുന്നത്. കൊച്ചു കുട്ടികള്‍ കണ്ടത്തില്‍ പൂട്ട് കാണാനെത്തുന്നവര്‍ക്ക് വെള്ളവും ഉപ്പിലിട്ട പഴങ്ങളും കച്ചവടം നടത്തി പോക്കറ്റ് മണി കണ്ടെത്തുന്നു. അങ്ങനെ ഒരു നാട് മുഴുവന്‍ ഈ വിനോദത്തിന് കൂട്ടാവുന്നു.
കാളപ്പൂട്ടിന് ഉപയോഗിക്കുന്ന മൂരികളെ അതിനുവേണ്ടി മാത്രം പാകപ്പെടുത്തിയെടുക്കുന്നതാണ്. മറ്റുള്ള ജോലിക്കൊന്നും ഇവയെ ഉപയോഗിക്കാറില്ല. ദിവസവുമുള്ള കുളി, പ്രത്യേകരീതിയില്‍ പാകപ്പെടുത്തിയ ആടിന്റെ തല, ആട്ടിന്‍ സൂപ്പ്, നിരവധിയായ ധാന്യങ്ങള്‍(കടല,ഉഴുന്ന്, ചെറുപയര്‍,മുതിര) ചേര്‍ത്തുള്ള രഹസ്യക്കൂട്ട്, പുറമെ പച്ചമരുന്ന്, അരിഷ്ടം എന്നിങ്ങനെ വിലപിടിപ്പുള്ള വി.ഐ.പി ഭക്ഷണരീതിയാണ് ഇവര്‍ക്ക് നല്കി വരുന്നത്. മൂരിയും കാളയും സ്വന്തമായുള്ള ഒരു തെളിക്കാരന് മാത്രമാണ് ഈ രഹസ്യക്കൂട്ട് അറിയുക. ഈ കൂട്ട് സാധാരണക്കാരുമായി ഇവര്‍ പങ്കുവയ്ക്കാറില്ല. വളരെ വിശ്വസ്തനായ തെളിക്കാരന് ഉടമസ്ഥന് പകര്ന്നുനല്കുന്ന അറിവാണിത്. കാളപ്പൂട്ടിനും ഊര്ച്ചത്തെളിക്കുമായി ഉപയോഗിക്കുന്ന മികച്ച മൂരിയെ പാകപ്പെടുത്തിയെടുക്കാന്‍ എട്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഇസ്മായില്‍ പറയുന്നു.
ആഴം കൂടുതലില്ലാത്ത ചതുരാകൃതിയിലുള്ള മണല്‍പ്പരപ്പുള്ള കണ്ടമാണ് കാളപ്പൂട്ടിനും ഊര്ച്ചത്തെളിക്കുമായി ഉപയോഗിക്കാറുള്ളത്. പാടത്തിനടിയില്‍ കുണ്ടോ കുഴിയോ ഉണ്ടെങ്കില്‍ അത് പാറപ്പൊടി ഉപയോഗിച്ച് നികത്തി സമമായ ഉയരത്തില്‍ വെള്ളം നിറച്ചാണ് പാടം തയാറാക്കുന്നത്. പണ്ട് കാലത്ത് കര്‍ഷകര്‍ അവരുടെ പാടത്ത് വിത്ത് പാകുന്നതിനു മുമ്പ് വൃത്തിയാക്കിയൊരുക്കുന്ന പാടത്താണ് ഊര്ച്ചത്തെളി സാധാരണയായി നടത്തിവന്നിരുന്നത്. കാളപ്പൂട്ടിന് ഉപയോഗിക്കുന്ന കണ്ടം അതിനുവേണ്ടി മാത്രമാണ് ഉപയോഗിക്കുക, അവിടെ കൃഷി നടത്താറില്ല.
കാളപ്പൂട്ടും ഊര്ച്ചത്തെളിയും തമ്മിലുള്ള വ്യത്യാസമാണ് സാധാരണക്കാര്‍ക്ക് പൊതുവെ ഉണ്ടാവുന്ന സംശയം. വ്യത്യാസം പറയുമ്പോള്‍ കാളപ്പൂട്ടില്‍ തെളിക്കാരന്റെ വലതുവശത്ത് കാളയും ഇടതുവശത്ത് എരുത് അഥവാ മൂരിയെയുമാണ് കെട്ടുക. ഊര്ച്ചത്തെളിക്ക് ഇരവശത്തും മൂരികളെയാണ് ഉപയോഗിക്കുക. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെയാണ്. കാളപ്പൂട്ടില്‍ കാളക്കും മൂരിക്കും കഴുത്തിന് നുകം (രണ്ട് കന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിത്രപ്പണിയോടുകൂടിയ മരപ്പണി) കെട്ടിയതിന് പിന്നിലുള്ള അധികം വീതിയില്ലാത്ത മുട്ടിയില്‍ നിന്ന് ഒരു തെളിക്കാരന് മാത്രമാണ് മൃഗങ്ങളെ നിയന്ത്രിക്കുക. ഊര്‍ച്ച പക്ഷേ അങ്ങനെയല്ല, മൂരികളെ മുന്നില്‍നിന്ന് നിയന്ത്രിക്കാന്‍ ഒരാളുണ്ടാവും. നുകം കെട്ടിയതിന് പിറകുവശത്തായി മുട്ടിക്ക് പകരം അല്പം വീതിയേറിയ വള്ളിച്ചെരുപ്പ് എന്ന് പറയുന്ന മരപ്പലകയിലാണ് രണ്ടാമത്തെ തെളിക്കാരന് കയറിനിന്ന് നിയന്ത്രിക്കുക. കൂരി, കാഞ്ഞിരം, കാസാവ്, എരഞ്ഞിക്കൊമ്പ് എന്നിവയുടെ വടികളും കാട്ടിലെ ചിലയിനം കുറ്റിച്ചെടികളുടെ തണ്ടുമാണ് കന്നുകളുടെ വേഗത കൂട്ടുന്നതിന് പൂട്ടുകാര്‍ ഉപയോഗിക്കുക. ഏറ്റവും നല്ല മുന്കയറ്റുകാരനും പൂട്ടിക്കാരനും അയ്യായിരം മുതല്‍ മുപ്പതിനായിരത്തോളം വിലകള്‍ വരുന്ന ട്രോഫികളാണ് നല്‍കുന്നത്.
പലതരം കുപ്രചാരണങ്ങളും ഈ വിനോദവുമായി ബന്ധപ്പെട്ടുണ്ട്. ഓട്ടത്തിന്റെ വേഗത കൂട്ടാന്‍ മൂരിക്കും കാളക്കും മദ്യം നല്‍കുന്നുണ്ട് എന്നാണ് പൊതുവെ പറയപ്പെടുന്ന ഒരു കാര്യം. പക്ഷേ ലക്ഷങ്ങള്‍ ചെലവിട്ട് കഠിന പ്രയത്നത്തിലൂടെ പാകപ്പെടുത്തിയെടുക്കുന്ന കാളകളോടും കൃഷിയോടും കൂറും സ്നേഹവുമുള്ള ഒരു തെളിക്കാരനും ഇത്തരം പ്രവൃത്തി ചെയ്യില്ല എന്നാണ് പൂട്ടുകാര്‍ പറയുന്നത്. സ്വന്തം മക്കളെപ്പോലെ വളര്‍ത്തിയെടുക്കുന്ന ഈ നാല്ക്കാലികളോട് ഇവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധവും സ്നേഹവുമാണുള്ളത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."