കാബൂള്‍ വിമാനത്താവള നടത്തിപ്പ് തുര്‍ക്കിയും ഖത്തറും എറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്
ദോഹ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഖത്തറും തുര്‍ക്കിയും സംയുക്തമായി നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കി ഒരു സ്വകാര്യ കമ്പനി വഴി സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് താലിബാനുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.
അടുത്തയാഴ്ച അമേരിക്ക പിന്മാറുന്നതോട് കൂടി ഇത് സംബന്ധമായ കരട് കരാറിന് അന്തിമരൂപം നല്‍കും. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നാറ്റോ സഖ്യകക്ഷികളുമായി കൂടിയാലോചിച്ച് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്.
വിമാനത്താവളത്തിന്റെ സുരക്ഷയും നടത്തിപ്പും ഏറ്റെടുക്കാന്‍ തുര്‍ക്കി നേരത്തേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സുരക്ഷാ ചുമതല തങ്ങള്‍ തന്നെ വഹിക്കുമെന്നായിരുന്നു താലിബാന്റെ നിലപാട്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സമവായത്തില്‍ എത്തിയത്.
താഴെ പറയുന്നവയാണ് കരട് കരാറിലെ പ്രധാന വ്യവസ്ഥകള്‍
- അഫ്ഗാനിസ്താനിലെ നിയമാനുസൃത സര്‍ക്കാരായി താലിബാനെ തുര്‍ക്കി അംഗീകരിക്കും
- തുര്‍ക്കിയും ഖത്തറും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം വിമാനത്താവളം നിയന്ത്രിക്കും
- മുന്‍ തുര്‍ക്കിഷ് സൈനികരും പൊലിസും അടങ്ങുന്ന സ്വകാര്യ കമ്പനി വഴി വിമാനത്താവളത്തിന്റെ സുരക്ഷ തുര്‍ക്കി നിര്‍വഹിക്കും
- സാധാരണ വേഷത്തിലുള്ള തുര്‍ക്കി പ്രത്യക സേനയിലെ അംഗങ്ങള്‍ തുര്‍ക്കി ടെക്‌നിക്കല്‍ സ്റ്റാഫിന് സംരക്ഷണം നല്‍കും. ഈ സേനാ അംഗങ്ങള്‍ വിമാനത്താവള പരിധിക്ക് പുറത്തേക്കു പോകില്ല
- അതേസമയം, മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ട് നടത്തിപ്പിനുള്ള കരാര്‍ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് നല്‍കിയിരുന്നു. ഈ കരാറിന്റെ കാര്യത്തില്‍ താലിബാന്‍ തീരുമാനമെടുക്കേണ്ടി വരും
- കാബൂളിലെ എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി ഇതിനകം അറിയിച്ചിട്ടുണ്ട്. അംബാസഡര്‍ ഉള്‍പ്പെടെയുള്ള പ്രധാന ജീവനക്കാര്‍ ഇപ്പോഴും കാബൂളില്‍ തുടരുന്നുണ്ട്. എംബസിക്ക് സംരക്ഷണം നല്‍കുന്നത് തുര്‍ക്കി പ്രത്യേക സേനയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."