മലയാളി മതപണ്ഡിതന്റെ സഞ്ചാരങ്ങള്
മുഹമ്മദ് ഫൈസി പാതാര്
21ാം വയസിൽ തുടങ്ങിയ ആ യാത്ര 28 വർഷത്തോളം നീണ്ടു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലൂടെ ലക്ഷക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചു. സന്ദർശിച്ച രാജ്യങ്ങളെ കൃത്യമായി വിവരിച്ചു. ഓരോ രാജ്യത്തിൻ്റെയും സംസ്‌കാരം, ഭരണസമ്പ്രദായം, അവിടങ്ങളിലെ അത്ഭുതക്കാഴ്ചകൾ എല്ലാം വിവരിച്ച് പുസ്തകവും എഴുതി. 'തുഹതുന്നുദ്വാർ ഫീ ഗറാഇബിൻ ആസ്വാർ വ അജാഇബിൻ അസ്വ്ഫാർ (രാജ്യങ്ങളിലെ വിചിത്രതകളും സഞ്ചാരങ്ങളിലെ അത്ഭുതങ്ങളും സംബന്ധിച്ച് പ്രേഷകർക്കൊരു ഉപഹാരം) എന്നതാണ് പുസ്തകം. 1378 (ഹിജ്‌റ 780)ൽ 74ാം വയസിൽ ആ ലോകസഞ്ചാരി, ഇബ്‌നുബത്തൂത്ത പരലോകം പ്രാപിച്ചു.
ലോകസഞ്ചാരം നടത്തി അനുഭൂതി നേടുക എന്നതിലപ്പുറം കാഴ്ചകളെല്ലാം രേഖപ്പെടുത്തുക എന്നത് വരുംകാലങ്ങളിലേക്കുള്ള സൂക്ഷിപ്പുകളാണ്. ഇവിടെ, യാത്രകളെ ഇഷ്ടപ്പെടുന്ന, കണ്ടകാഴ്ചകളും ലഭിച്ച അറിവുകളും അടയാളപ്പെടുത്തി വയ്ക്കുന്ന, സഞ്ചാരികൾക്ക് ആവേശവും ആത്മവിശ്വാസവും പകർന്നുനൽകുന്ന ഒരാളുണ്ട്, മലപ്പുറം ജില്ലയിലെ മേൽമുറിയിൽ. പി.കെ അബ്ദുൽ ഗഫൂർ അൽ ഖാസിമിയെന്ന് പേര്. ചെറുപ്രായത്തിൽ തന്നെ യാത്രകളോട് അഭിനിവേശം. യു.പി സ്‌കൂൾ പഠനശേഷമുള്ള പള്ളിദർസ് കാലത്തുതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ചു. ദർസ് പഠനശേഷം ഉപരിപഠനത്തിനു പട്ടിക്കാട് ജാമിഅ അറബിക് കോളജിലാണ് ചേർന്നത്. ഒരുവർഷം പൂർത്തിയായപ്പോൾ യാത്രാപ്രിയംകൊണ്ടുമാത്രം പഠനം നിർത്തി യു.പിയിലെ ദയൂബന്ദിലേക്ക്. 1978ൽ ദയൂബന്ദ് പഠനകാലത്ത് ഉത്തർപ്രദേശിന്റെ ഗ്രാമാന്തരങ്ങൾ സന്ദർശിച്ചു. തുടർന്ന് ഡൽഹി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും എത്തി. പഠനശേഷം പഞ്ചാബ്, കശ്മിർ, ജാർഖണ്ഡ്, ബംഗാൾ, അസം, ബിഹാർ, മണിപ്പൂർ, ത്രിപുര, മേഘാലയ, ഹിമാചൽപ്രദേശ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളും സന്ദർശിച്ചു. നാഗാലാന്റ്, മിസോറാം, ദാമൻദിയു, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങൾ കൂടി മാത്രമേ ഇന്ത്യയിൽ ഇനി സന്ദർശിക്കാനുള്ളൂ. അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് പലപ്രാവശ്യം സന്ദർശിച്ചു.
അക്ഷരാവിഷ്കാരങ്ങള്
1982ലാണ് വിദേശയാത്ര തുടങ്ങുന്നത്. പ്രഥമ സന്ദർശനം ഖത്തറിലായിരുന്നു. 1986ൽ കേരളത്തിന്റെ ഹജ്ജ് വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ കപ്പലിൽ ഹജ്ജിനു പോയി സഊദിയിലെത്തി. 1990ൽ യു.എ.ഇ സന്ദർശിച്ചു. ഏറ്റവും കൂടുതൽ തവണ സന്ദർശിച്ചത് ഇവിടെയാണ്, 50 പ്രാവശ്യം. രണ്ടായിരമാണ്ടിനു ശേഷം കൂടുതൽ വിദേശയാത്ര നടത്തി. ബെൽജിയം, ജർമ്മനി, വത്തിക്കാൻ സിറ്റി, പോർച്ചുഗൽ, ഹോങ്കോങ്, ബംഗ്ലാദേശ്, ഓസ്ട്രിയ, നെതർലാന്റ്, സ്വിറ്റ്‌സർലാന്റ്, ഇറ്റലി, മാലദ്വീപ്, ഒമാൻ, ഈജിപ്ത്, മലേഷ്യ, സിംഗപ്പൂർ, അസർബൈജാൻ, ഫലസ്തീൻ, കുവൈത്ത്, ബഹ്‌റൈൻ, തുർക്കി, മൊറോക്കോ, ഉസ്ബകിസ്ഥാൻ, കെനിയ, ഇറാഖ്, ജപ്പാൻ, ഭൂട്ടാൻ, ബ്രിട്ടൻ, നേപ്പാൾ, ജോർദാൻ, ഇസ്‌റാഈൽ, സ്‌പെയ്ൻ, ചൈന, മ്യാന്മർ, ഫ്രാൻസ് തുടങ്ങി 38 രാജ്യങ്ങൾ സന്ദർശിച്ചു. പല രാജ്യങ്ങളിലും യാത്ര ആവർത്തിച്ചു. കേവലമൊരു ആസ്വദനയാത്രയായിരുന്നില്ല അദ്ദേഹത്തിന്റേത്. പഠനവും മനനവും നിറഞ്ഞ വിജ്ഞാനപ്രദമായ യാത്രകളായിരുന്നു ഓരോന്നും. ചരിത്രാന്വേഷകന്റെ യാത്ര. യാത്രാനുഭവങ്ങളെ മറവിയിലേക്ക് നീക്കിവയ്ക്കാനും ഖാസിമി ഒരുക്കമല്ല. ഓരോ യാത്രക്കും അക്ഷരാവിഷ്‌കാരം നൽകും. പുസ്തകമാക്കി ഇറക്കും. യാത്രാനുഭവം വായിക്കുമ്പോളറിയും, ഖാസിമിയുടെ യാത്ര കേവലം ഓടിപ്പോക്കോ കണ്ടുരസിക്കലോ അല്ലെന്ന്.
പള്ളിദർസ് പഠനകാലത്താണ് എഴുത്ത് തുടങ്ങുന്നത്. ആദ്യം ഡയറിയെഴുത്ത്. പിന്നീട് പ്രധാനവാർത്തകൾ, വായിച്ച പുസ്തകങ്ങൾ, അപൂർവ അറിവുകൾ കുറിച്ചുവച്ചു. 1976ൽ പൊട്ടച്ചിറ അൻവരിയ്യ കോളജിൽ മാസാന്തം ഇറങ്ങുന്ന കൈയെഴുത്ത് മാഗസിനിൽ എഴുതാൻ തുടങ്ങി. ശേഷം സമകാലിക പ്രസിദ്ധീകരണങ്ങളിലേക്ക് എഴുത്ത് പടർത്തി. പൊട്ടച്ചിറയിൽ അധ്യാപകനായിരിക്കുമ്പോൾ പൊട്ടച്ചിറ ബീവിയെക്കുറിച്ച് 'നിരുപമവനിത' എന്ന പുസ്തകമെഴുതി. ആദ്യപ്രസിദ്ധീകരണമായിരുന്നു അത്. വളച്ചുകെട്ടലുകളോ ആലങ്കാരികതയോ ഇല്ലാതെ, അനാവശ്യമായി വാക്കുകളെക്കൊണ്ട് അതിശയോക്തി ജനിപ്പിക്കാതെ എല്ലാം ഹ്രസ്വമായി അവതരിപ്പിച്ചു.
38 രാജ്യങ്ങൾ സന്ദർശിച്ചതിൽ 22 യാത്രാവിവരണവും എഴുതി പുസ്തകമാക്കി. നാടിന്റെ ചേലും ചലനവും അളവും ആളുകളും തുടങ്ങി രാജ്യത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, വൈജ്ഞാനിക, മത, രാഷ്ട്രീയ, കായിക, കാലാവസ്ഥവരെ വായനക്കാരന് ബോധ്യമാകുംവിധമാണ് രചനയുടെ രീതി. തികച്ചും അന്വേഷണാത്മക ഗ്രന്ഥങ്ങൾ.
സ്വാലിഹ് നബിയുടെ നാട്ടിൽ, ചരിത്രത്തിന്റെ താഴ്‌വരകൾ, പിരമിഡുകൾ പറയുന്ന കഥ, പശ്ചിമേഷ്യൻ സ്മൃതികളിലൂടെ, ഇസ്തംബൂളിന്റെ വഴിയോരക്കാഴ്ചകൾ, സ്മൃതിയുടെ മലേഷ്യ, ഞാൻ കണ്ട മൊറോക്ക, ചുകപ്പ് മായുന്ന ഉസ്ബക്കിസ്ഥാനിലൂടെ, കെനിയൻ വിശേഷങ്ങൾ, ഓർമ്മകളുടെ ഇന്തോനേഷ്യ, വൻമതിലിന്റെ നാട്ടിൽ, പെട്രോശിലാസൗധങ്ങളുടെ നഗരം, ചരിത്രമുറങ്ങുന്ന ലക്‌സറിൽ, അരുണോദയത്തിന്റെ നാട്ടിൽ, നേപ്പാൾ - ഭൂട്ടാൻ പർവ്വത നിരകളിലൂടെ, വിലപിക്കുന്ന സ്‌പെയിനിൽ, ആധിയടങ്ങാത്ത ഫലസ്തീൻ, യൂറോപ്പിലൂടെ ഒരു പഠനയാത്ര, കനലെരിയുന്ന ഇറാഖിലൂടെ, ഗ്രേറ്റ് ബ്രിട്ടൻ അനുഭവക്കാഴ്ച്ചകൾ, മധ്യേഷ്യൻ നാടുകളിലൂടെ, അമേരിക്ക അനുഭവങ്ങളുടെ തിരുത്തെഴുത്ത് തുടങ്ങിയവ ഖാസിമിയുടെ സഞ്ചാരസാഹിത്യങ്ങളാണ്.
നിരുപമ വനിത, തേരു തെളിച്ച പണ്ഡിതന്മാർ, കൊലക്കയർ, അന്തമാൻ നിക്കോബാർ, ഇമാം ബുഖാരി(റ), മൺമറഞ്ഞ മനീഷികൾ, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയവ ചരിത്രപുസ്തകങ്ങളാണ്. ഖത്മുന്നുബൂവത്തും ഖാദിയാസിനവും, കമ്മ്യൂണിസം ഒരു വിമർശനപഠനം, മുസ്‌ലിം സ്ത്രീയും സലഫീ ഫത്‌വകളും, ശിഥില ചേരികൾ, നബി: പെണ്ണ് വിമർശനങ്ങൾക്കപ്പുറം എന്നിവ വിമർശന രചനകളാണ്. വിശുദ്ധിയുടെ മാസം, ശരീഅത്തും സ്ത്രീകളും, ത്വലാഖ്, നിസ്‌കാരം, ഉംറഃ അനുഷ്ഠാനവും മര്യാദകളും, കാൽപന്തുകളിയുടെ ഇസ്‌ലാമിക വായന, മുസ്‌ലിം വേഷവിധാനം എന്നിവ കർമശാസ്ത്ര ഗ്രന്ഥങ്ങളാണ്. നിസ്‌കാരം എന്ന പുസ്തകം പലതവണ റീപ്രിന്റ് ചെയ്തു. ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ഇതിന്റെ ഉറുദു പരിഭാഷ ഉടൻ പുറത്തിറങ്ങും.
പ്രബോധന വഴിയിൽ
രാജ്യത്ത് ആരാധനയ്ക്കു സൗകര്യമില്ലാത്തയിടങ്ങളിൽ പള്ളികൾ നിർമിച്ചും ആളുകളെക്കൂട്ടി ഇസ്‌ലാമിക പ്രചാരണം നടത്തിയും പ്രബോധനം നടത്തുന്ന അബ്ദുൽ ഗഫൂർ ഖാസിമിയുടെ മുന്നിലെ വഴി വിശാലമാണ്. 1990ൽ കുണ്ടൂരിൽ തുടങ്ങിയ പള്ളിനിർമാണം തമിഴ്‌നാട്, കർണാടക, അസം, കശ്മിർ, ബംഗാൾ, ജാർഖണ്ഡ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ആകെ 155 പള്ളികളാണ് കുണ്ടൂർ മർകസിനു കീഴിലായി ഖാസിമി പണിതുയർത്തിയത്. പള്ളി ഏറെ ആവശ്യമാണെന്ന് ബോധ്യമായ സ്ഥലത്ത് മാത്രമാണ് നിർമിച്ചത്. പള്ളിനിർമാണവുമായി ഇറങ്ങിയപ്പോഴാണ് അറിയപ്പെടാൻ ആഗ്രഹിക്കാതെ, സ്വകാര്യമായി പള്ളിപണിയാൻ സന്നദ്ധരായ ഒരുപാടുപേരെ കണ്ടതെന്ന് ഖാസിമി പറയുന്നു. സാമ്പത്തികമായി ശരാശരിക്ക് താഴെയുള്ളവർവരെ പള്ളി നിർമിക്കാൻ മുന്നോട്ടുവന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
1980ൽ ബിരുദം നേടി മൂന്നുവർഷം പൊട്ടച്ചിറ അൻവരിയ്യ കോളജിലും രണ്ടുവർഷം കടമേരി അറബിക് കോളജിലും ഗഫൂർ ഖാസിമി ജോലി ചെയ്തു. ഈ കാലയളവിൽ വിദ്യാഭ്യാസത്തെക്കുറിച്ചും കാലാനുസൃതം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ധാരണയായി. 1985ൽ അന്തമാനിലെ റൗളത്തുൽ ഉലൂം അറബിക് കോളജിന്റെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷം അവിടെ ജോലിചെയ്തു. ജീവിതത്തിന്റെ നല്ല കാലഘട്ടം എന്നാണ് ഖാസിമി ഇതിനെ വിശേഷിപ്പിക്കുന്നത്. ഒമ്പതു വർഷത്തെ പഠന സിലബസ് ക്രമീകരിച്ചു. ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകൾ കൂടി സിലബസിൽ ഇടംപിടിച്ചു. നാലു വർഷം അന്തമാനിലും പിന്നീട് ഉപരിപഠനം കേരളത്തിലും എന്നായിരുന്നു രീതി. അതുപ്രകാരം കുണ്ടൂർ മർകസ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്, ലഖ്‌നൗ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർഥികൾ ഉപരിപഠനം പൂർത്തീകരിച്ചു. ഇന്നും അന്തമാനിൽ ദീനീപ്രവർത്തന മേഖലയിൽ നേതൃത്വം കൊടുക്കുന്ന നല്ലൊരു ശതമാനം പണ്ഡിതരും ഖാസിമിയുടെ ശിഷ്യന്മാരാണ്. 1989ലാണ് ഖാസിമി കുണ്ടൂരിൽ എത്തുന്നത്. ഇസ്‌ലാമിക സ്ഥാപനം തുടങ്ങാൻ അതിയായ മോഹം പ്രദേശവാസികൾക്കുണ്ടായിരുന്നു. അവർക്കു നേതൃപരമായ ഉപദേശനിർദേശങ്ങൾ നൽകാനാണ് ഖാസിമിയെ നിയമിച്ചത്.
1956 മെയ് 19നു മലപ്പുറം ജില്ലയിലെ മേൽമുറി ആലത്തൂർപടിയിലാണ് ജനനം. പി.കെ അബ്ദുല്ല മുസ്‌ലിയാരാണ് പിതാവ്. മൈമൂനയാണ് മാതാവ്. കെ.കെ അബൂബക്കർ ഹസ്രത്തിന്റെ മകൾ ഖദീജ ഭാര്യയും. ഒരു മകൾ അടക്കം അഞ്ചു മക്കൾ. നാലുപേരും ഫൈസി ബിരുദധാരികളാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."