' നിസാരമായി കാണുന്നില്ല, കോണ്‍ഗ്രസ് ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവന' കെ.സുധാകരന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ്
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആര്‍.എസ്.എസ്‌നെഹ്‌റു പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്. അംഗീകരിക്കാന്‍ നിവൃത്തിയില്ലാത്ത പ്രസ്താവനയാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. മുന്നണിക്ക് നിരക്കാത്ത പ്രസ്താവനകള്‍ പൊതുവേദിയില്‍ നടത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചരിത്രത്തിന് തന്നെ കളങ്കമുണ്ടാക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും കോണ്‍ഗ്രസില്‍നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നതിനെ ലീഗ് നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'
കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് ലീഗ് കോണ്‍ഗ്രസിനൊപ്പം തുടരുന്നത്. കോണ്‍ഗ്രസില്‍നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നതിനെ ലീഗ് നിസാരമായി കാണുന്നില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണ്' പി.എം.എ സലാം പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയില്‍ മുന്നണിയെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീറും പ്രതികരിച്ചിട്ടുണ്ട്. ആലോചിച്ച് മറുപടി പറയാമെന്നാണ് മറുപടി ലഭിച്ചത്. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. വാക്കുപിഴ എന്ന വിശദീകരണം അംഗീകരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും മുനീര്‍ പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അതൃപ്തി അറിയിച്ചു. പ്രസ്താവനകള്‍ എതിരാളികള്‍ ആയുധമാക്കുമെന്നാണ് വിലയിരുത്തല്‍. കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ദേശീയതലത്തില്‍ തന്നെ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. പുതിയ വിവാദങ്ങളുടെ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നല്‍കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് പുനരാലോചന നടത്തിയേക്കും.
എന്നാല്‍ തന്റെ പ്രസ്താവനയില്‍ സുധാകരന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തനിക്ക് വാക്കുപഴി സംഭവിച്ചതാണന്നും മനസ്സില്‍ പോലും ഉദ്ദേശിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചതെന്നുമായിരുന്നു വിശദീകരണം. ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും സുധാകരന്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."