HOME
DETAILS

പാര്‍ട്ടി ഓഫിസുകള്‍ 'തൊഴില്‍ദാന' കേന്ദ്രമോ?

  
backup
November 16 2022 | 20:11 PM

84635-653-2022-editorial


പാര്‍ട്ടിക്കൊടി പിടിക്കുന്നവര്‍ക്ക് ശുപാര്‍ശക്കത്തുവഴി തൊഴില്‍ ഉറപ്പാക്കുന്ന സി.പി.എമ്മിന്റെ 'പൊതുമിനിമം പരിപാടി'ക്ക് പുതിയ തെളിവുകൂടി പുറത്തുവന്നിരിക്കുകയാണ്. സഹകരണമേഖലയിലെ താല്‍ക്കാലിക നിയമനത്തിന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എഴുതിയ ശുപാര്‍ശക്കത്താണ് ഏറ്റവുമൊടുവില്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. തൈക്കാട് ജില്ലാ മര്‍ക്കന്റയില്‍ സഹകരണസംഘത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരായ മൂന്നുപേരെ നിയമിക്കണമെന്ന ശുപാര്‍ശക്കത്ത് ഇന്നലെയാണ് പുറത്തുവന്നത്. രണ്ട് ജൂനിയര്‍ ക്ലര്‍ക്കുമാരെയും ഡ്രൈവര്‍ തസ്തികയില്‍ ഒരാളെയും നിയമിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയുടെ ലെറ്റര്‍പാഡില്‍ എഴുതിയ കത്തിലുള്ളത്. ഓഫിസ് ഫയല്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തിയ കത്തില്‍ അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും നിര്‍ദേശിക്കുന്നു. 2021 ജൂലൈ 21ന്, മര്‍ക്കന്റയില്‍ സഹകരണസംഘം സെക്രട്ടറി ബാബുജാനിന് സഖാവേ, എന്ന സംബോധനയോടെ കത്ത് തുടങ്ങുന്നു. ആനാവൂര്‍ ശുപാര്‍ശ ചെയ്ത മൂന്നുപേരെ ഏറെത്താമസിയാതെ സംഘത്തില്‍ നിയമിക്കുകയും ചെയ്തു.


സഹകരണ സ്ഥാപനങ്ങളിലെ നിയമനച്ചട്ടങ്ങള്‍ മറികടന്നായിരുന്നു ആനാവൂരിന്റെ വഴിവിട്ട ഇടപെടല്‍. പ്രത്യേക ഏജന്‍സി വഴി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത് എന്നിരിക്കേയാണ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി പാര്‍ട്ടിക്കാര്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ട ഇത്തരം തൊഴിലുറപ്പുകള്‍!
ശുപാര്‍ശക്കത്ത് താന്‍ നല്‍കിയതാണെന്നും നിയമപ്രകാരം മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നുമാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്. സാമ്പത്തികബാധ്യത കണക്കിലെടുത്ത് താല്‍ക്കാലിക ഡ്രൈവറെയും ക്ലര്‍ക്കിനെയും മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കത്തിലുണ്ടായിരുന്നതെന്നും യോഗ്യതയുള്ളവര്‍ക്കു തന്നെയാണ് നിയമനം നല്‍കിയതെന്നും ആനാവൂര്‍ പറയുന്നു. എന്നുമുതലാണ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസറുടെ അധികാരാവകാശങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പതിച്ചുകിട്ടിയതെന്ന് ഇന്നാട്ടിലെ തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളോട് ആനാവൂര്‍ നാഗപ്പനെപോലുള്ളവര്‍ വ്യക്തമാക്കുന്നത് നന്നായിരിക്കും!
തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ ആനാവൂരിന് നല്‍കിയതെന്ന് ആരോപിക്കുന്ന കത്തും, എസ്.എ.ടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍ അനില്‍ നല്‍കിയ കത്തും നേരത്തേ പുറത്തുവന്നിരുന്നു.


തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒതുങ്ങന്നതല്ല പാര്‍ട്ടിക്കത്തില്‍ ജോലി തരപ്പെടുത്തുന്നവരുടെ എണ്ണപ്പെരുപ്പം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് 'സുപ്രഭാതം' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പരമ്പരകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെയാണ്, ഓരോദിവസവും ഇത്തരം ആരോപണങ്ങളും പുറത്തുവരുന്നത്.
പെരുകുന്ന തൊഴിലില്ലായ്മക്കെതിരേ രണ്ടാഴ്ച മുമ്പ്, നവംബര്‍ നാലിന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം മുതല്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ വരെയുള്ള യുവരക്തങ്ങള്‍ മാര്‍ച്ചിന്റെ മുന്നണിയിലുണ്ടായിരുന്നു.നിയമനങ്ങള്‍ക്ക് പാര്‍ട്ടിപ്പട്ടിക ചോദിച്ച് ആര്യ രാജേന്ദ്രന്‍ എഴുതിയ കത്ത് ചൂടന്‍വിവാദങ്ങളുടെയും പ്രതിപക്ഷപ്രതിഷേധത്തിന്റെയും പ്രക്ഷുബ്ധമുനമ്പില്‍ നില്‍ക്കുമ്പോഴാണ് തൊഴിലില്ലായ്മക്കെതിരേ പടനയിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ മേയര്‍ ഡല്‍ഹിയിലെത്തിയത്! എന്തൊരു വിരോധാഭാസമാണിത്.


ഏതെങ്കിലും ഒരു മേയറില്‍ ഒതുങ്ങുന്നതല്ല വളഞ്ഞവഴിയിലുള്ള ഇത്തരം 'തൊഴില്‍ദാനങ്ങള്‍'. ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മുതല്‍ ധനമന്ത്രിവരെ നീളുന്നു 'തൊഴില്‍ദായകരുടെ' നീണ്ടനിര. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ധനവകുപ്പിനു കീഴിലുള്ള സ്പാര്‍ക്കില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമിച്ചത് 54 പാര്‍ട്ടി പ്രവര്‍ത്തകരെയാണ്. മാസ്റ്റര്‍ ട്രെയിനേഴ്‌സ് എന്ന തസ്തികയിലാണ് ഇവരില്‍ 43 പേരെ തിരുകിക്കയറ്റിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം അടക്കം ഗൗരവസ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യേണ്ട സ്പാര്‍ക്ക് പോലുള്ള സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ഒരാശങ്കയും ധനമന്ത്രിക്കില്ലെങ്കില്‍ പിന്നെന്തു പറയാന്‍!


സംസ്ഥാനത്തു നടക്കുന്ന താല്‍ക്കാലിക നിയമനങ്ങളിലേറെയും മറയില്ലാത്ത സ്വജനപക്ഷപാതം നടമാടുകയാണ്. ഓരോ വകുപ്പിലും ഒഴിവുള്ള തസ്തികകള്‍ വകുപ്പുതലവന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ ഒഴിവുകളിൽ പി.എസ്.സി സമയബന്ധിതമായി പരീക്ഷ നടത്തി അര്‍ഹരായവരെ നയമിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തെ പല വകുപ്പുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ സ്ഥിരനിയമനം നടത്തുകയോ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകളില്‍ പിന്‍വാതില്‍നിയമനം അട്ടിപ്പേറവകാശംപോലെയാണ് ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ കണക്കാക്കുന്നത്. ശക്തമായ പ്രതിഷേധമുയരുമ്പോള്‍ നിയമനം പി.എസ്.സിക്ക് വിടുമെന്ന നെടുങ്കന്‍ പ്രഖ്യാപനമുണ്ടാകും. പിന്നീട് അതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തയാറാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോയി ആ നിര്‍ദേശം പൊളിക്കും. സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ട് 10 വര്‍ഷം കഴിഞ്ഞു. അപ്പോഴും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാത്രം നാനൂറോളം തസ്തികകളില്‍ സ്ഥിരനിയമനം നടത്താതെ പാര്‍ട്ടിപ്പട്ടികയില്‍നിന്ന് താല്‍ക്കാലിക നിയമനം നടത്തി തുടര്‍ച്ചാനുമതി നല്‍കുകയാണ്. സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളിലും ഇതുതന്നെ സ്ഥിതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണരംഗത്ത് ഇടപെടാന്‍ അവസരം നല്‍കിയതും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലുണ്ടായ അവിശുദ്ധ നീക്കങ്ങള്‍ തന്നെയാണ്.


35 ലക്ഷത്തിലേറെപ്പേരാണ് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനു കാത്തിരിക്കുന്നത്. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാക്കുന്നതില്‍ ഒരു തടസവുമില്ല. താലൂക്ക് അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും ആവശ്യത്തിന് ജീവനക്കാരുമുണ്ട്. അവരോട് പട്ടിക ചോദിക്കുന്നതിനുപകരം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോട് പട്ടിക ചോദിക്കുന്നതിലെ അസംബന്ധം എന്നാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുക?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago