മെസ്സിയോ ക്രിസ്റ്റിയാനോയോ? ആരാണ് കേമന്‍
ഡീഗോ മറഡോണയോ പെലെയോ എന്ന പോലെ വര്‍ഷങ്ങളായി ഫുട്‌ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചകളിലൊന്നാണ് ലയണല്‍ മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നതും. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ഇരുവരുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ലെങ്കിലും ആരാണ് കേമനെന്ന് ചോദിച്ചാല്‍ ലോകമെമ്പാടുമുള്ള സോക്കര്‍പ്രേമികള്‍ക്ക് ഭിന്നാഭിപ്രായമായിരിക്കും. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇരുവരും കളിക്കമ്പക്കാരുടെ മനസില്‍ കൂടുകൂട്ടിയ താരങ്ങളാണ്. ഇരുവരുടെയും കളിശൈലിയിലും ഭിന്നതകള്‍ ഏറെയാണ്.
ക്ലബ് ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ 701 ഗോളുകളാണ് ഇതുവരെ നേടിയതെങ്കില്‍ 695 ഗോളുകളുമായി മെസ്സിയും തൊട്ടടുത്ത് നില്‍ക്കുന്നു. ക്രിസ്റ്റിയാനോ 2002-03 സീസണില്‍ അഞ്ച് ഗോള്‍ നേടി ക്ലബ് ഫുട്‌ബോളില്‍ സജീവമായപ്പോള്‍ മെസ്സി 2004-05 സീസണില്‍ ഒരു ഗോളടിച്ചാണ് തുടക്കംകുറിക്കുന്നത്. മെസ്സിയേക്കാള്‍ രണ്ട് സീസണ്‍ കൂടുതലായി കളിച്ചാണ് ക്രിസ്റ്റിയാനോ നേരിയ മുന്‍തൂക്കം നേടുന്നത്. 2010-11 സീസണില്‍ ഇരുവരും 53 ഗോളുകള്‍ നേടി. എന്നാല്‍ 2011-12 സീസണില്‍ ക്രിസ്റ്റിയാനോ 60 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി അടിച്ചുകൂട്ടിയത് 73 ഗോളുകളാണ്. 2022-23 സീസണില്‍ ക്രിസ്റ്റിയാനോ മൂന്നും മെസ്സി 12 ഗോളുകളുമടിച്ചു.
എന്നാല്‍ ഗോളടിക്കാന്‍ അവസരം നല്‍കിയവരില്‍ മെസ്സി ക്രിസ്റ്റിയാനോയേക്കാള്‍ ഏറെ മുന്നിലാണെന്ന് കാണാം. 296 അസിസ്റ്റുമായി മെസ്സി മുന്നേറുമ്പോള്‍ ക്രിസ്റ്റിയാനോയ്ക്ക് 201 ഗോള്‍ അസിസ്റ്റാണുള്ളത്. മികച്ച താരമാര് എന്ന ചോദ്യമുന്നയിക്കുമ്പോള്‍ ഗോളടിച്ചത് മാത്രമല്ല, ഗോളവസരങ്ങള്‍ തുറന്നുനല്‍കിയെന്നതും വളരെ പ്രധാനമാണ്. ഇവിടെയാണ് മെസ്സിയുടെ മാന്ത്രികത പ്രകടമാവുക.
ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ 183 മല്‍സരങ്ങളും മെസ്സി 161 മല്‍സരങ്ങളും കളിച്ചു. 140 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. 129 ഗോളുമായി മെസ്സിയും മുന്നേറുകയാണ്. മാഞ്ചസ്റ്ററിനും റയല്‍ മാഡ്രിഡിനുമായി മിന്നുന്ന പ്രകടനം നടത്തിയ ക്രിസ്റ്റിയാനോ ചാംപ്യന്‍സ് ലീഗിലെ എക്കാലത്തേയും വലിയ ഗോള്‍വേട്ടക്കാരനാണ്. ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡും ക്രിസ്റ്റിയാനോയുടെ പേരില്‍ തന്നെ. ഐകര്‍ കസീയസിനെയാണ് മറികടന്നത്. എന്നാല്‍ ചാംപ്യന്‍സ് ലീഗ് ഗോള്‍ ആവറേജില്‍ മെസ്സിയാണ് മുന്നില്‍. ക്രിസ്റ്റിയാനോയുടെ ആവറേജ് 0.77 ആണെങ്കില്‍ മെസ്സിയുടേത് 0.8 ആണ്.
അഞ്ചാം ലോകകപ്പില്‍ പന്തുതട്ടാനാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഖത്തറിലെത്തിയിരിക്കുന്നത്. മെസ്സി 19 മല്‍സരങ്ങളും ക്രിസ്റ്റിയാനോ 17 മല്‍സരങ്ങളും കളിച്ചു. ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റിയാനോയാണ് മുന്നില്‍. ക്രിസ്റ്റിയാനോ ഏഴ് തവണ വലകുലുക്കിയപ്പോള്‍ അര്‍ജന്റീനക്കായി മെസ്സി ആറ് തവണ സ്‌കോര്‍ ചെയ്തു. എന്നാല്‍ ഇരുവര്‍ക്കും തങ്ങളുടെ രാജ്യത്തിനായി കപ്പുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ക്ലബ് ഫുട്‌ബോളിലേതു പോലെ തങ്ങളുടെ മാസ്റ്റര്‍ ക്ലാസ് പ്രകടനം ഇരുവര്‍ക്കും ലോകകപ്പില്‍ പുറത്തെടുക്കാനായിട്ടില്ല എന്നതാണ് സത്യം. 2014ല്‍ അര്‍ജന്റീന ഫൈനലിലെത്തിയപ്പോള്‍ മെസ്സി ഗോള്‍ഡണ്‍ ബോളിന് അര്‍ഹനായിരുന്നുവെന്ന കാര്യം വിസമരിച്ചുകൊണ്ടല്ല ഇത് കുറിക്കുന്നത്.
ദേശീയ ടീമിനായി ക്രിസ്റ്റിയാനോ 191 തവണയും മെസ്സി 165 തവണയും ജഴ്‌സിയണിഞ്ഞപ്പോള്‍ ക്രിസ്റ്റിയാനോ 117 തവണ വലകുലുക്കി. 91 ഗോളുകളുമായി മെസ്സിയും തൊട്ടടുത്തുണ്ട്. ഗോള്‍ ആവറേജില്‍ ക്രിസ്റ്റിയാനോ (0.61) മെസ്സിയേക്കാള്‍ (0.55) മുന്നിലാണ്. മെസ്സിയേക്കാള്‍ രണ്ടു വര്‍ഷം മുമ്പ് ക്രിസ്റ്റിയാനോ ദേശീയ ടീമില്‍ കളിച്ചുതുടങ്ങിയിരുന്നു. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഇറാന്റെ അലി ദായിയുടെ റെക്കോഡും ക്രിസ്റ്റിയാനോ പഴങ്കഥയാക്കി. 109 ഗോളുകളാണ് അലി ദായിയുടെ നേട്ടം. ഇക്കാര്യത്തില്‍ മെസ്സി ക്രിസ്റ്റിയാനോയേക്കാള്‍ അല്‍പം പിന്നിലാണെങ്കിലും ബാറ്റി വസന്തം എന്ന് ഒരു കാലത്ത് വിളിക്കപ്പെട്ട ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ പിന്തള്ളി അര്‍ജന്റീനയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനാവാന്‍ മെസ്സിക്ക് സാധിച്ചു.
ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയവരുടെ കാര്യത്തില്‍ മെസ്സിക്ക് ക്രിസ്റ്റ്യാനോയെക്കാള്‍ വ്യക്തമായ ആധിപത്യമുണ്ട്. ദേശീയ ടീമിനായും ക്ലബ്ലുകള്‍ക്കായും മെസ്സി 28 തവണ കപ്പുയര്‍ത്തി. 22 ടൂര്‍ണമെന്റ് വിജയമാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.
ബാലന്‍ഡിയോര്‍ പുരസ്‌കാരം മെസ്സിക്ക് ഏഴു തവണയും ക്രിസ്റ്റ്യാനോക്ക് അഞ്ചു തവണയും ലഭിച്ചു. ഫിഫ ബെസ്റ്റ് പ്ലെയറായി ക്രിസ്റ്റ്യാനോ രണ്ടു തവണയും മെസ്സി ഒരു തവണയും തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ നാലു തവണയും മെസ്സി മൂന്നു പ്രാവശ്യവും യുവേഫ പ്ലെയര്‍ ഓഫ് ദി ഇയറായി. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ആറു തവണ മെസ്സിയെ തേടിയെത്തിയപ്പോള്‍ ക്രിസ്റ്റിയാനോ നാല് തവണ അര്‍ഹനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."