HOME
DETAILS

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത മാപ്പുസാക്ഷികള്‍

  
backup
September 01 2021 | 19:09 PM

970299-2021

ഹനീഫ പെരിഞ്ചീരി


ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ മലബാര്‍ സമരത്തിലെ ധീരനായകരായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 387 സമരസേനാനികളുടെ പേര് രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കംചെയ്ത ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നടപടി വലിയ വിവാദങ്ങള്‍ക്കു കാരണമായിരിക്കുന്നു. പിന്നാലെ വാഗണ്‍ ട്രാജഡി രക്തസാക്ഷികളെയും പട്ടികയില്‍നിന്ന് വെട്ടിമാറ്റിയിരിക്കുന്നു. മലബാര്‍ സമരത്തിന് ഒരുനൂറ്റാണ്ട് തികയുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഇടപെടല്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ രക്തപങ്കിലമായ ജനകീയ പോരാട്ടത്തിന്റെ പേരാണ് മലബാര്‍ സമരം. ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശ ശക്തികളും തദ്ദേശീയരായ ജന്മിമാരും ചേര്‍ന്ന് നടത്തിയ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ മലബാര്‍ പ്രദേശത്തെ മാപ്പിളമാര്‍ നടത്തിയ ഐതിഹാസിക പോരാട്ടവും ചെറുത്തുനില്‍പ്പുമാണ് മലബാറിലെ സ്വാതന്ത്ര്യസമരം. മര്‍ദക സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയ്‌ക്കെതിരേ 1921ല്‍ നടന്ന പോരാട്ടത്തിലെ ധീരയോദ്ധാക്കളുടെ പേരുകള്‍ ഔദ്യോഗിക ചരിത്രപട്ടികയില്‍നിന്ന് വെട്ടിമാറ്റിക്കൊണ്ട് രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്താനാണ് ഐ.സി.എച്ച്.ആര്‍ ശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ തുടര്‍ച്ചയാണിത്.


മലബാര്‍ സമരത്തിന്റെ കേന്ദ്രബിന്ദു മലബാറിലെ മുസ്‌ലിം പണ്ഡിതന്മാരും ഉമറാക്കളും ആയിരുന്നു. ആ മുന്നണിപ്പോരാളികളില്‍ പ്രധാനം മാപ്പിള സമൂഹമായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഈ ദൃശ്യത തന്നെയാണ് മലബാര്‍ സമരത്തെ വര്‍ഗീയസമരമായി ചിത്രീകരിച്ച് ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കാന്‍ സംഘ്പരിവാറിനെ പ്രകോപിപ്പിക്കുന്ന മുഖ്യകാരണം. മലബാര്‍ സമരം ഹിന്ദുക്കള്‍ക്കെതിരേയുള്ള കലാപമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ആദ്യകാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ബ്രിട്ടീഷ് സൈനിക നീക്കവും അതിനെതിരേ മലബാറിലെ സാധാരണ ജനങ്ങള്‍ നടത്തിയ കരുത്തുറ്റ സംഘടിത സൈനിക പ്രതിരോധവുമായി ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന യുദ്ധമാണ് മലബാര്‍ സമരം. 1921 ഓഗസ്റ്റ് 20നു തിരൂരങ്ങാടിയിലും ഓഗസ്റ്റ് 26നു പൂക്കോട്ടൂരിലും നടന്ന യുദ്ധം ബ്രിട്ടീഷ് സൈന്യത്തിനെതിരേ നടന്ന തദ്ദേശീയരുടെ ഏറ്റവും ശക്തമായ മുന്നേറ്റമായിരുന്നു. ആലി മുസ്‌ലിയാര്‍ ആ വിപ്ലവത്തിന്റെ ആചാര്യനാവുകയും ചെയ്തു.
അക്കാലത്ത് മലബാറില്‍, പ്രത്യേകിച്ച് ഏറനാട്, വള്ളുവനാട് മേഖലകളില്‍ പൂര്‍ണമായ ബ്രിട്ടീഷ് ആധിപത്യം ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. ശക്തമായ ചെറുത്തുനില്‍പ്പില്‍ മലപ്പുറം ആസ്ഥാനമായ ഭരണസംവിധാനം തകര്‍ച്ചയെ നേരിട്ടു. ബ്രിട്ടീഷ് സൈനികരുടെയും കലക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരുടെയും കുടുംബങ്ങള്‍ നഗരത്തില്‍ ഒറ്റപ്പെട്ട സാഹചര്യവും ഉണ്ടായി. മലബാര്‍ വിപ്ലവപോരാളികള്‍ ഒരിക്കല്‍പോലും ബ്രിട്ടീഷ് സേനാധിപന്‍മാരുടെയോ ഉദ്യോഗസ്ഥരുടെയോ കുടുംബാംഗങ്ങള്‍, ഭാര്യമാര്‍, കുട്ടികള്‍ എന്നിവരോട് പ്രതികാരം തീര്‍ത്തില്ല. പിന്നീട് സംഘടിതമായി വന്ന ബ്രിട്ടീഷ് സൈന്യം അന്താരാഷ്ട്ര നിയമങ്ങളും യുദ്ധ തത്വസംഹിതകളും ലംഘിച്ച് നിരാലംബരായ പാവപ്പെട്ട മാപ്പിള സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും വംശഹത്യയ്ക്കു വിധേയമാക്കി.


ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടക്കുന്നത് 1857ലാണെങ്കില്‍ കേരളാ മുസ്‌ലിംകളുടെ സ്വാതന്ത്ര്യസമരം നടക്കുന്നത് 1498ല്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ പടപൊരുതിയായിരുന്നു എന്നതാണു ചരിത്രം. ഗോഡ്‌സെ വിഭാവനം ചെയ്യുന്ന ഇന്ത്യയല്ല, സമുദായ മൈത്രിയില്‍ അധിഷ്ഠിതമായ ഗാന്ധിജിയുടെ ഇന്ത്യയാണ് ഈ സമരങ്ങള്‍ എല്ലാംതന്നെ ലക്ഷ്യംവച്ചിരുന്നത്. 1921-22 കാലഘട്ടങ്ങളില്‍ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലെ 220 ഗ്രാമങ്ങളില്‍ നിന്നുള്ള 23,000 ആളുകളടക്കം കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒന്നര ലക്ഷം മാപ്പിളമാരാണ് അധിനിവേശ ശക്തികള്‍ക്കെതിരേ പോരാടി വീരമൃത്യു വരിച്ചത്.


തുര്‍ക്കിയില്‍ കമാല്‍ അത്താതുര്‍ക്കിന്റെയും ഇറാനില്‍ ഡോക്ടര്‍ മുസദ്ദിഖിന്റെയും ഈജിപ്തില്‍ സയ്യിദ് നഹാസ് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ അക്കാലത്തു നടന്ന മുസ്‌ലിം വിപ്ലവങ്ങള്‍ക്ക് എല്ലാം ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ മുഖമുദ്ര ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഖിലാഫത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്തകളെല്ലാം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അപ്രാപ്യമാക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഒന്നാംലോക മഹായുദ്ധത്തില്‍ തുര്‍ക്കി ഖിലാഫത്തിനെ നശിപ്പിച്ച് മുസ്‌ലിം പുണ്യസ്ഥലങ്ങള്‍ പിടിച്ചടക്കിയതില്‍ ലോകവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്ന സമയമായിരുന്നു അത്. മുസ്‌ലിംകളോട് തലമുറകളായി തുടരുന്ന വിരോധവും ദേശവ്യാപകമായി അലയടിച്ചു വന്ന സ്വാതന്ത്ര്യസമരത്തിന്റെയും തീനാളങ്ങള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുന്നതിനു കാരണമായി.
കേരളത്തില്‍ ശക്തിയാര്‍ജിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിനു നാഷനല്‍ കോണ്‍ഗ്രസും ഗാന്ധിജിയും പിന്തുണ നല്‍കിയിരുന്നു എന്നതും വസ്തുതയാണ്. താങ്ങാനാവാത്ത മൃഗീയ മര്‍ദനങ്ങളും നിരന്തരമായി പുകഞ്ഞുവന്ന ബ്രിട്ടീഷ്‌വിരുദ്ധ മനോഭാവവും സമരങ്ങള്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമൊരുക്കി. 1862 മുതല്‍ മുതല്‍ 1880 വരെയുള്ള 18 വര്‍ഷത്തിനുള്ളില്‍ മാത്രം 91,000 മാപ്പിള കര്‍ഷകരെ കിടപ്പാടങ്ങളില്‍നിന്നും കൃഷിഭൂമികളില്‍നിന്നും ഒഴിപ്പിച്ച് തെരുവിലേക്ക് തള്ളിയതായി മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്

.
കേവലം ഒരു പോത്തു വണ്ടിക്കാരനായിരുന്നെങ്കിലും സാധാരണക്കാരനായ അസാധാരണ മനുഷ്യനായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഏറനാടിനെയും വള്ളുവനാടിനെയും ഒമ്പതു മാസം ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമാക്കി നീതിയുക്തമായ ഭരണം നടപ്പാക്കാന്‍ കുഞ്ഞഹമ്മദ് ഹാജിക്ക് കഴിഞ്ഞു. കുഞ്ഞഹമ്മദ് ഹാജിയുടെ സേനയില്‍ വളണ്ടിയര്‍മാരായി അഞ്ഞൂറില്‍പരം ഹിന്ദുക്കളും അണിനിരന്നിരുന്നു എന്നതാണ് മലബാര്‍ സമരത്തിനു സാമ്രാജ്യത്വ വിരുദ്ധതയുടെ വിശാലമായ രാഷ്ട്രീയമാനം നല്‍കുന്നത്. ഹിന്ദു-മുസ്‌ലിം നേതാക്കള്‍ ഒരുമിച്ച് പള്ളികളില്‍ പോയി പ്രഭാഷണം നടത്തി ജനങ്ങളെ സംഘടിപ്പിച്ച ഉദാഹരണങ്ങളും ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാനാവും.


1922 ജനുവരി 20നു മലപ്പുറം കോട്ടക്കുന്നില്‍ ധീരദേശാഭിമാനിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവച്ചുകൊന്ന് കൊണ്ടാണ് സാമ്രാജ്യത്വ ശക്തികള്‍ നേരിട്ടത്. ഇതില്‍നിന്നുതന്നെ വെള്ളപ്പട്ടാളം അദ്ദേഹത്തെയും അനുചരന്മാരെയും എന്തുമാത്രം ഭയപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. മതപരമായ ഐക്യം, ജന്മിത്ത വിരുദ്ധത തുടങ്ങിയ ഘടകങ്ങള്‍ സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നുണ്ടാവണം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ആലി മുസ്‌ലിയാരെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തൂക്കിലേറ്റിയതും അങ്ങനെ ഒരു സമരം ഔദ്യോഗിക ചരിത്രത്തിന്റെ ഭാഗമാകുന്നതും അതുകൊണ്ടുതന്നെ സംഘ്പരിവാറിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണ്. മലബാര്‍ സമരം ഉള്‍പ്പെടെയുള്ള മുന്നേറ്റങ്ങളെയും അതിലെ പോരാളികളെയും ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റാന്‍ ശ്രമിക്കുന്ന ചരിത്രഗവേഷണ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്നും അധിനിവേശ ശക്തികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് മാപ്പുസാക്ഷികളായ സവര്‍ക്കറെ പോലുള്ളവരുടെ രാഷ്ട്രീയമാണ് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിലൂടെ ഐ.സി.എച്ച്.ആര്‍ മുന്നോട്ടുവയ്ക്കുന്നത്.


മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ വിട്ടുകൊടുക്കുന്നതിനു പകരം ബ്രിട്ടീഷുകാര്‍ അവ കൂട്ടിയിട്ട് ദഹിപ്പിച്ചു കളഞ്ഞത് അവരുടെ ഖബറിടങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരെ തിരിച്ചറിയാതിരിക്കാനും മാത്രമായിരുന്നില്ല, ചരിത്രത്തില്‍നിന്ന് അവരുടെ വേരുകള്‍ അറുത്തുമാറ്റാനുമായിരുന്നു. സമരത്തിന്റെ തെളിവുകള്‍ പൂര്‍ണമായും തുടച്ചുനീക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെ എഴുതപ്പെടാത്ത നൂറുകണക്കിനു ചരിത്ര വസ്തുതകളാണ് സ്വാതന്ത്ര്യസമരങ്ങളില്‍ 1921നെ സവിശേഷമാക്കി മാറ്റുന്നത്. മലബാര്‍ സമരത്തിന്റെ രാഷ്ട്രീയചരിത്രം മായ്ച്ചുകളയാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ വളരെ കൃത്യമായ മുസ്‌ലിംവിരുദ്ധ നിലപാടില്‍നിന്ന് രൂപപ്പെട്ടു വരുന്നതാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്‌ലിം സമൂഹത്തെ അപരജനതയായി ചിത്രീകരിച്ച് പുറന്തള്ളാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇത്തരം ചരിത്രനിഷേധങ്ങള്‍ക്ക് പുറകിലും മുഴച്ചുനില്‍ക്കുന്നത്. മുസ്‌ലിംകളുടെ ദേശസ്‌നേഹ ചരിത്രത്തെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് ഒരു സമുദായത്തിന്റെ അസ്തിത്വത്തെ തന്നെ അദൃശ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത രാഷ്ട്രീയ നേതാക്കളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടിക തയാറാക്കുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. ഈ രാജ്യത്തെ ദേശസ്‌നേഹികളായ നാനാജാതി മത വിഭാഗങ്ങളിലുമുള്ള മനുഷ്യര്‍ ഒന്നുചേര്‍ന്നാണ് ആധുനിക ഇന്ത്യയെ നിര്‍മിച്ചെടുത്തത്. സ്വന്തം ഹൃദയരക്തം കൊണ്ട് ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ പോരാടി ദേശാഭിമാനത്തിന്റെ കഥകള്‍ രചിച്ച കരുത്തുറ്റ പോരാളികളുടെ പേരുകള്‍ അധികാരഹുങ്കില്‍ കേന്ദ്ര സര്‍ക്കാരിനു വെട്ടിമാറ്റാന്‍ സാധിച്ചേക്കാം. എന്നാല്‍ ആദര്‍ശങ്ങളുടെ പ്രചോദന കേന്ദ്രമായ, ദേശാഭിമാനികളുടെ രക്തവും ഓര്‍മകളും തളംകെട്ടിക്കിടക്കുന്ന ഈ മണ്ണിന്റെ ചരിത്രത്തെ ഉഴുതുമറിക്കാന്‍ അവര്‍ക്കു സാധിക്കില്ല. എഴുതപ്പെട്ട ചരിത്രപുസ്തകങ്ങളില്‍ മാത്രമല്ല മലബാര്‍ സമരനായകരുടെ സ്ഥാനം അടയാളപ്പെട്ടിരിക്കുന്നത്. ജന്മിത്വ സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കെതിരേ പൊരുതിയ നൂറുകണക്കിന് അധഃസ്ഥിത കുടിയാന്‍ സമൂഹങ്ങളുടെയും സാധാരണക്കാരായ മുസ്‌ലിം പോരാളികളുടെയും ഹൃദയത്തിലാണ് മലബാര്‍ സമരചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

(കാലിക്കറ്റ് സര്‍വകലാശാല മുന്‍ അക്കാദമിക് കൗണ്‍സില്‍ അംഗമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago