യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.പിയിലെ ഒരു വിഭാഗം
കൊല്ലം: തമ്മിലടി തുടരുന്ന കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫില്‍ നില്‍ക്കുന്നതിനെതിരേ ആര്‍.എസ്.പിയിലെ ഒരു വിഭാഗം. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് ഇവരുടെ നിലപാട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പരാജയപ്പെട്ടിട്ടുപോലും തമ്മിലടി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. ഒടുവില്‍ ഡി.സി.സി പുനഃസംഘടനയിലെ പൊട്ടിത്തെറികളും വരെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി മത്സരിച്ച അഞ്ചിടത്തും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ ഐക്യമില്ലായ്മ പരാജയത്തിനു കാരണമായെന്ന് ആര്‍.എസ്.പി വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയം ആര്‍.എസ്.പിയെ നശിപ്പിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള ഉചിതമായ സമയമാണിതെന്നും ഇവര്‍ വിലയിരുത്തുന്നു. എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ചപ്പോള്‍ എല്‍.ഡി.എഫിനൊപ്പം നിലകൊണ്ടവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ മുന്നണിബന്ധം ഉപേക്ഷിക്കുന്നതോടെ സാധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
അതേസമയം യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ടെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. മുന്നണി വിടണമെന്നു പറയുന്ന പ്രവര്‍ത്തകരെ കുറ്റം പറയാനാവില്ല. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയപ്പോള്‍ നഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ് നേതാക്കളുടെ വിഴുപ്പലക്കല്‍ അവസാനിപ്പിക്കണമെന്നാണ് ആര്‍.എസ്.പിയുടെ ആവശ്യം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് മുന്നണി. നേതൃത്വം തകരുമ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് ഘടകകക്ഷികള്‍ക്കാണ്.
യു.ഡി.എഫ് അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിനെ പ്രവര്‍ത്തനം ശക്തമാക്കണം. മുന്നണി ശക്തിപ്പെടണമെന്ന് മാത്രമാണ് ആര്‍.എസ്.പിയുടെ ആവശ്യം. സമ്മര്‍ദമുണ്ടാക്കി ഒന്നും നേടാനില്ല. ഉഭകക്ഷി ചര്‍ച്ച നടത്തണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടിട്ടും ഇതുവരെ നടന്നിട്ടില്ല. ആര്‍.എസ്.പിയില്‍ നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ല. നേതാക്കള്‍ ഒരുമിച്ചിരുന്നാണ് തീരുമാനങ്ങളെടുക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ യു.ഡി.എഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും കത്തുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. കത്തിലെ വിവരങ്ങള്‍ സംബന്ധിച്ച് നാലിന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."