മലിനവായു ശ്വസിച്ച് ആയുസ് കുറയ്ക്കണോ ?
40 ശതമാനം ഇന്ത്യക്കാരുടെയും ആയുര്‍ദൈര്‍ഘ്യം 9 വര്‍ഷം കുറയും
ഉത്തരേന്ത്യയില്‍ 10 മടങ്ങ് മലിനമായ വായുവെന്ന് യു.എസ് ഗവേഷകര്‍
ന്യൂയോര്‍ക്ക്: വായുമലിനീകരണം 40 ശതമാനം ഇന്ത്യക്കാരുടെയും ആയുര്‍ദൈര്‍ഘ്യം 9 വര്‍ഷം കുറയ്ക്കുമെന്ന് യു.എസ് ഗവേഷകരുടെ പഠനറിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയിലെ 48 കോടി ജനങ്ങള്‍ ലോകത്തെ ഏറ്റവും കടുത്ത വായുമലിനീകരണമാണ് നേരിടുന്നത്. ഇത് രാജ്യത്തിന്റെ മറ്റു ഭാഗത്തേക്കും വ്യാപിച്ചു. അന്തരീക്ഷവായു സംശുദ്ധമായി നിലനില്‍ക്കാന്‍ കടുത്ത നടപടികളെടുത്താല്‍ അഞ്ചുവര്‍ഷം കൂടുതല്‍ ആളുകള്‍ ജീവിച്ചേക്കും.
ലോകത്ത് മറ്റെവിടെയുമുള്ളതിന്റെ 10 മടങ്ങ് മലിനമായ വായുവാണ് വടക്കേ ഇന്ത്യക്കാര്‍ ശ്വസിക്കുന്നതെന്ന് ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ഊര്‍ജനയ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ.പി.ഐ.സി) തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മലിനവായു മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതുമൂലം അവിടെ ആളുകളുടെ ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷം മുമ്പത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടര മുതല്‍ മൂന്നു വര്‍ഷം വരെ കുറഞ്ഞിരിക്കുന്നു.ഇ.പി.ഐ.സിയിലെ വായുഗുണജീവിതസൂചികാ റിപ്പോര്‍ട്ടിലെ പുതിയ കണക്കു പ്രകാരം വായുമലിനീകരണം ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിക്കുന്ന അളവിലേക്കു കുറയ്ക്കാനായാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ 10 വര്‍ഷം കൂടുതല്‍ ജീവിച്ചേക്കും. ലോകത്തെ വായുമലിനീകരണത്തിന്റെ നാലിലൊന്ന് ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2019ലെ ദേശീയ ശുദ്ധവായു പദ്ധതി(എന്‍.സി.എ.പി) പോലുള്ള പദ്ധതികളിലൂടെ വായുമലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ ചൈനയെ പോലെ ഫലം കാണാനാകും. ചൈന 2013 മുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതിലൂടെ വായുമലിനീകരണം 29 ശതമാനം കുറച്ചതായി ഇ.പി.ഐ.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ വായുമലിനീകരണം ഏറ്റവും രൂക്ഷമായ 102 നഗരങ്ങളിലെ മലിനീകരണം 2024നുള്ളില്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് എന്‍.സി.എ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."