അഫ്ഗാന് ടി.വിയില്‍ വനിതാ അവതാരക തിരിച്ചെത്തി
കാബൂള്‍: താലിബാന് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം അനുവദിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെ അഫ്ഗാന് ടെലിവിഷനായ ടോളോ ന്യൂസില്‍ വനിതാ അവതാരകര്‍ തിരിച്ചെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ പ്രമുഖ ടി.വി ചാനലാണ് ടോളോ ന്യൂസ്.
ടോളോ ന്യൂസില്‍ ഇന്നലത്തെ പ്രഭാത പരിപാടിയില്‍ വനിതാ അവതാരക പരിപാടി അവതരിപ്പിച്ചതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാംദാദെ ഘോഷ് എന്ന പരിപാടി വനിതാ അവതാരക അവതരിപ്പിക്കുന്നതിന്റെ വിഡിയോയും ഫോട്ടോകളും ട്വിറ്ററില്‍ വന്നിട്ടുണ്ട്.
താലിബാന്റെ കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ മര്ദനത്തിനിരയാകുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാബൂളിലെ തൊഴിലില്ലായ്മ റിപ്പോര്‍ട്ട് ചെയ്ത ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ക്കും കാമറമാനും താലിബാന് അംഗങ്ങളുടെ മര്‍ദനമേറ്റു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന് വക്താവ് അറിയിച്ചിരുന്നു. ടോളോ ന്യൂസിനോട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശിരോവസ്ത്രം ധരിക്കുന്നത് ഉറപ്പാക്കണമെന്ന് താലിബാന് ആവശ്യപ്പെട്ടിരുന്നു.
താലിബാന് അധികാരം പിടിച്ചയുടന്‍ ബെഹഷ്ത ആര്ഗന്ദ് എന്ന എന്ന വനിതാ മാധ്യമപ്രവര്‍ത്തക ഒരു താലിബാന് നേതാവിനെ ഇന്റര്‍വ്യൂ ചെയ്തു. അഫ്ഗാന് ചരിത്രത്തില്‍ ആദ്യമായി താലിബാന് നേതാവിന്റെ അഭിമുഖം തയാറാക്കിയ മാധ്യമപ്രവര്‍ത്തക ഏതാനും ദിവസങ്ങള്‍ക്കകം കാബൂള്‍ വിട്ടു എന്ന വാര്‍ത്തയാണ് പിന്നീടുവന്നത്.
വനിതയായതിനാല്‍ ജോലിചെയ്യാന്‍ അനുവദിച്ചില്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."