ഇസ്‌റാഈല്‍ നടത്തുന്നത് വംശീയത, ഫലസ്തീന്റേത് മനുഷ്യാവകാശ പോരാട്ടം: സമദാനി
ഇസ്‌റാഈല്‍ നടത്തുന്നത് വംശീയത, ഫലസ്തീന്റേത് മനുഷ്യാവകാശ പോരാട്ടം: സമദാനി
കോഴിക്കോട്: ഫലസ്തീനില്‍ ഹമാസ് നടത്തുന്ന ചെറുത്തുനില്‍പിനെ ഭീകരതയായി കാണുന്നതിനോട് വിയോജിച്ച് എം.പി അബ്ദുസ്സമദ് സമദാനി എം.പി. ഇസ്‌റാഈല്‍ നടത്തുന്നത് വംശീയതയും ഫലസ്തീന്റേത് മനുഷ്യാവകാശ പോരാട്ടവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്‌റാഈല്‍ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ പ്രവര്‍ത്തനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞതിന്റെ പേരില്‍ യു.എന്‍ പ്രതിനിധിക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അന്നവും വെള്ളവും മുടക്കിയുള്ള ഇസ്‌റാഈലിന്റെ പ്രവര്‍ത്തനം ഫലസ്തീനികളുടെ മനസിന് കടുപ്പമേറ്റുമെന്നാണ് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത്. ഇസ്‌റാഈല്‍ ജനീവ കരാര്‍ പാലിക്കുന്നുവെന്ന് ലോകരാജ്യങ്ങള്‍ ഉറപ്പാക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്‌റാഈലിന്റെ പ്രവര്‍ത്തനത്തെ ആദ്യമായി ഭീകരതയെന്നു വിളിച്ചത് ഗാന്ധിജിയാണ്. ജൂതപൗരന്മാരെ ഫലസ്തീനില്‍ കുടിയിരുത്തിയത് ബ്രിട്ടനാണ്. ഫലസ്തീനെ ജൂതര്‍ക്ക് കൊടുക്കുന്നതിനെ ഒരുനിലയ്ക്കും ന്യായീകരിക്കാനാകില്ലെന്ന് സഖ്യകക്ഷികളോടു പറഞ്ഞ ഗാന്ധിജി ജറൂസലം അറബികളുടെ മണ്ണിലലല്ല തിരയേണ്ടതെന്ന് പറഞ്ഞു. ഇസ്‌റാഈലിന്റെ വര്‍ണവെറി നയത്തെ അദ്ദേഹം എതിര്‍ത്തു.
ജൂതന്മാര്‍ക്കനുകൂലമായി തന്നെ സ്വാധീനിക്കാന്‍ പലരും എത്തിയെങ്കിലും ഗാന്ധി തയാറായില്ല. ഫലസ്തീന്‍ വിഷയത്തിലുള്ള അഭിപ്രായം മാറ്റില്ലെന്ന് ഉറച്ചുപറയുകയായിരുന്നു ഗാന്ധി. ജൂതന്മാര്‍ ജനിച്ച് വളര്‍ന്നയിടത്ത് തന്നെ അവരെ പരിപാലിക്കുകയാണ് പരിഹാരമെന്നും ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും പലസ്തീനികളുടെ പോരാട്ടത്തെയും ഒരേപോലുള്ള പോരാട്ടമെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ഹിറ്റ്‌ലര്‍ ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയാണ് ഇസ്‌റാഈല്‍ നടത്തുന്നത്. വ്യാജവാര്‍ത്തകളുടെ യുദ്ധവും ഒരുഭാഗത്തു നടക്കുന്നതായും സമദാനി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."