ശൈഖ് ജീലാനിയും കേരളീയ മുസ്‌ലിംകളും
ശൈഖ് ജീലാനിയും കേരളീയ മുസ്‌ലിംകളും
ഹാരിസ് ബാഖവി കമ്പളക്കാട്
ഇസ്‌ലാമിക ചരിത്രത്തില്‍ അസാമാന്യ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മുഹ്‌യിദ്ദീന്‍ ശൈഖ് എന്നറിയപ്പെട്ട ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). പേര്‍ഷ്യയിലെ ജീലാനി ജില്ലയിലെ നയീഫില്‍ ഹി: 471ല്‍ ഇമാം ഹസന്‍(റ)ന്റെ പരമ്പരയില്‍ പെട്ട അബൂ സ്വാലിഹിന്റെയും ഇമാം ഹുസൈന്‍(റ)ന്റെ പരമ്പരയില്‍പെട്ട ഫാത്തിമയുടേയും മകനായാണ് ജനനം. സത്യസന്ധതയിലും ദാനശീലത്തിലും മുന്‍പന്തിയിലായിരുന്ന ശൈഖ്. ബഗ്ദാദിലെ വിദ്യാര്‍ഥി ജീവിതകാലത്ത് പലതരം പ്രതിസന്ധികളെ അദ്ദേഹം തരണം ചെയ്തിരുന്നു. ബുദ്ധിസാമര്‍ഥ്യവും ഭക്തിയും കാരണം മറ്റു വിദ്യാര്‍ഥികളേക്കാള്‍ വൈജ്ഞാനിക രംഗത്ത് അദ്ദേഹം ഏറെ മുന്‍പന്തിയിലായിരുന്നു. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ അദ്ദേഹത്തില്‍ അഗാധമായ ആത്മീയ ഔത്സുക്യമുണ്ടായിരുന്നു. അതിനാല്‍ വിവിധ ആത്മീയ പരിശീലനക്കളരി തേടിപ്പോകല്‍ പതിവായി. ഇസ് ലാമിക ചലനങ്ങള്‍ക്ക് നവോന്മേഷം നല്‍കിയ ഹുജ്ജുത്തുല്‍ ഇസ്‌ലാം അബൂ ഹാമിദുല്‍ ഗസ്സാലി(റ) ബഗ്ദാദ് വിട്ടു പുറത്തുപോയ അതേ കാലയളവില്‍ തന്നെ ആത്മീയ ചക്രവാളത്തില്‍ ത്വരീഖത്ത് പട്ടവുമായി തലയുയര്‍ത്തിയ മറ്റൊരു യോദ്ധാവിനെ ബാഗ്ദാദിനു വീണുകിട്ടുകയായിരുന്നു ശൈഖിലൂടെ.
ഇസ്‌ലാമിന് അന്യമായ ദുരാചാരങ്ങളും ഗ്രീക്ക് തത്ത്വചിന്തകരില്‍ നിന്നും മറ്റും പകര്‍ന്ന നവീനാശയങ്ങളും വിശ്വാസികളെ കീഴ്‌പ്പെടുത്തിയിരുന്ന സന്ദര്‍ഭത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന സമുദായ ഉത്ഥാനകന് കുതിരശക്തി കൈവരുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമായ അയ്യായിരത്തിലധികം ആളുകള്‍ ശൈഖ് ജീലാനി മുഖേന ഇസ്‌ലാം ആശ്ലേഷിച്ചതായും ഒരു ലക്ഷത്തിലധികം മുസ്‌ലിംകള്‍ അദ്ദേഹത്തിനു മുമ്പില്‍ വന്ന് സന്മാര്‍ഗം പുല്‍കിയതായും സര്‍വത് സൗലത്ത് തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതക്രമങ്ങളും വാക്കുകളും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. സല്‍ജൂഖി സുല്‍ത്താന്‍മാരും ഖലീഫമാരും പരസ്പരം പോരടിക്കുന്ന അത്യന്തം ഭീതിജനകമായ കാലത്തായിരുന്നു ശൈഖിന്റെ ജീവിതം. തന്റെ കാലത്തോടും കാലികരോടും യോജിച്ച, അവരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അവരുടെ ശരീരത്തിനും മനസിനും ചികിത്സയാക്കാനുതകുന്ന വാക്കുകളും പ്രസംഗങ്ങളും ഉപദേശങ്ങളുമായിരുന്നു ശൈഖിന്റേത്.
ഇസ്‌ലാമിന്റെ പ്രഭ തന്മയത്വത്തോടെ നൂറ്റാണ്ടുകളിലേക്ക് പകര്‍ന്ന ശൈഖ് ജീലാനി 90 വര്‍ഷം ജീവിച്ച് ഹി: 561ല്‍ ഈ ലോകത്തോട് വിടപറഞ്ഞു. ബാഗ്ദാദില്‍ ജീവിച്ച അദ്ദേഹം കേരളത്തില്‍ വിശിഷ്യാ മലബാറില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. സ്വഹാബത്തിന്റെ കൂട്ടത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത മുഹ്‌യിദ്ദീന്‍ എന്ന പേര് കേരളത്തില്‍ ഇത്ര വ്യാപകമായതിനു പിന്നില്‍ നമ്മുടെ മുന്‍തലമുറയ്ക്ക് അദ്ദേഹത്തിനോടുണ്ടായിരുന്നു ആത്മീയ സ്വാധീനമല്ലാതെ മറ്റെന്ത്? മുഹ്‌യിദ്ദീന്‍, മൊയ്തീന്‍, കുഞ്ഞിമൊയ്തീന്‍, മൊയ്തുട്ടി, മൊയ്തു, മോന്തീന്‍, ഏന്തീന്‍, മോയിന്‍, മോയി, ഉണ്ണിമോയി തുടങ്ങി ശൈഖിന്റെ നാമവുമായി ബന്ധപ്പെട്ട എത്ര പേരുകളാണ് നമ്മുടെ നാട്ടില്‍. ഇത് ശൈഖ് ചെലുത്തിയ സ്വാധീനമാണ്. കുഗ്രാമങ്ങളില്‍ പോലും തലയുയര്‍ത്തി നില്‍ക്കുന്ന അല്ലാഹുവിന്റെ വിശുദ്ധ ഗേഹങ്ങള്‍ക്ക് മുഹ്‌യിദ്ദീന്‍ മസ്ജിദ് എന്ന് നാമകരണം ചെയ്തതിനു പിന്നിലെ വികാരവും മറ്റൊന്നല്ല.
മുഹ്‌യിദ്ദീന്‍ ശൈഖുമായുള്ള കേരളീയരുടെ ബന്ധത്തിനും അദ്ദേഹത്തിന്റെ സ്വാധീനത്തിനും പിന്നിലെ ഒരു കാരണം കോഴിക്കോട് ഖാസിയായിരുന്ന ഖാസി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീന്‍ മാലയാണെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. കേരളീയ മുസ്‌ലിംകള്‍ മുഹ്‌യിദ്ദീന്‍ മാല ആലപിക്കാന്‍ തുടങ്ങിയിട്ട് 400 ആണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ക്രി. 1607ലാണ് മുഹ്‌യിദ്ദീന്‍ മാല വിരചിതമായത്. താളാത്മകമായ മുഹ്‌യിദ്ദീന്‍ മാലയുടെ ഈരടികള്‍ ഉരുവിടാനും അവ ഈണത്തില്‍ ആലപിക്കാനും പ്രായഭേദമില്ലാതെ മുസ്‌ലിംകള്‍ തയാറായി. ഒരു കൈയില്‍ വിശുദ്ധ ഖുര്‍ആനും മറുകൈയില്‍ മുഹ്‌യിദ്ദീന്‍ മാലയുമെന്നത് ഒരു കാലത്തെ കേരളീയ മുസ്‌ലിം വീടുകളുടെ അകത്തളങ്ങളിലെ കാഴ്ചയായിരുന്നു. അച്ചടിയന്ത്രം കേരളത്തിലെത്തുന്നതിനു മുമ്പുതന്നെ മുസ്‌ലിം മനസ്സുകളിലും നാവിന്‍തുമ്പിലും ഈ മാലപ്പാട്ട് സ്ഥാനം പിടിച്ചിരുന്നു. അല്ലാഹുവിന്റെ സച്ചരിതരായ അടിമകളെ പ്രകീര്‍ത്തിക്കല്‍ പുണ്യകര്‍മമായതിനാല്‍ മുഹ്‌യിദ്ദീന്‍ മാല അദ്വിതീയ സ്ഥാനമര്‍ഹിക്കുന്നു. മറ്റു മാലപ്പാട്ടുകളൊക്കെ മുഹ്‌യിദ്ദീന്‍ മാലയ്ക്കുശേഷം രചിക്കപ്പെട്ടവയാണ്. പ്രസവവേദന അനുഭവിക്കുന്ന ഘട്ടത്തിലും മറ്റും മുഹ്‌യിദ്ദീന്‍ മാലയും നഫീസത്ത് മാലയുമൊക്കെ ചൊല്ലിയിരുന്ന മഹത്തായൊരു പാരമ്പര്യവും നമുക്കുണ്ട്. ഇല്ലായ്മയിലും വല്ലായ്മയിലും പരിഭവങ്ങളില്ലാതെ അവര്‍ ജീവിച്ചിരുന്നത് ഇത്തരം ആത്മീയാനുഭൂതികളിലൂടെ മാത്രമായിരുന്നു. ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ള ജീവിതവും മഹാത്മാക്കളോടുള്ള സ്‌നേഹവും അവരുടെ ഏറ്റവും വലിയ കൈമുതലായിരുന്നു.
പടര്‍ന്നു പന്തലിച്ചിരുന്ന പകര്‍ച്ചവ്യാധികളെയും മാറാരോഗങ്ങളെയുമൊക്കെ അവര്‍ പ്രതിരോധിച്ചിരുന്നത് പോലും ഇത്തരത്തിലുള്ള ജീവിതരീതിയിലൂടെയായിരുന്നു. പണ്ഡിതനും വലിയ്യുമായ തമിഴ്‌നാട് കായല്‍ പട്ടണത്തുകാരന്‍ സ്വദഖത്തുല്ലാഹില്‍ ഖാഹിരി രചിച്ച ഖുത്വുബിയ്യത്ത് കേരളീയ വിദ്യാര്‍ഥിക്കുപോലും സുപരിചിതമാണ്. ഏതാവശ്യങ്ങള്‍ക്കും കാര്യസാധ്യങ്ങള്‍ക്കും വേണ്ടി ഖുത്വുബിയ്യത്ത് നേര്‍ച്ചയാക്കുകയെന്ന പതിവ് മലയാളികളില്‍ ഇന്നും വ്യാപകമാണ്.
കേരളീയ മുസ്‌ലിംകളുടെ സവിശേഷ പാരമ്പര്യമായ അറബിമലയാള സാഹിത്യത്തിന് മുഹ്‌യിദ്ദീന്‍ മാലയോളം മുതല്‍ക്കൂട്ടായ മറ്റൊന്നില്ല. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെക്കാള്‍ അഞ്ചു വര്‍ഷത്തെ പഴക്കമുള്ള മുഹ്‌യിദ്ദീന്‍ മാല കേരളീയ മുസ്‌ലിം സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അതിന്റെ പ്രസക്തി വര്‍ധിച്ചുവരിക തന്നെയാണ്. കേരളീയ പുതുതലമുറ പഴമയിലേക്കും പാരമ്പര്യത്തിലേക്കും വഴിനടക്കുകയാണ്. മഹാത്മാക്കളോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കലും അവരുടെ പ്രകീര്‍ത്തനങ്ങളുരുവിടലും അവരുടെ നാമങ്ങള്‍ സന്താനങ്ങള്‍ക്ക് നല്‍കലും ഇനിയും തുടരും.
ഖുര്‍ആനും തിരുസുന്നത്തും കാണിച്ചുതന്ന വിശുദ്ധ വഴി മുറിഞ്ഞുപോവരുത്. അമ്പിയാക്കളുടേയും ഔലിയാക്കളുടേയും ഗുണപാഠ കഥകള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ അയവിറക്കുന്നുണ്ട്. അവ പൂര്‍വഗാമികളുടെ വഴികളാണ്. അവരെക്കുറിച്ചുള്ള ഓര്‍മകളാണ് ഇസ്‌ലാമിക സംസ്‌കൃതിയില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്തേണ്ടത്. അവയെ നശിപ്പിച്ചു ലക്ഷ്യബോധമില്ലാത്ത ജീവിക്കല്‍ ബുദ്ധിശാലിയുടെ ലക്ഷണമല്ല. മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന വിസ്മയ മനുഷ്യനെക്കുറിച്ച് ഇനിയും പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടക്കേണ്ടിയിരിക്കുന്നു.
ബഗ്ദാദില്‍ അന്ത്യവിശ്രമംകൊള്ളുന്ന മുഹ്‌യിദ്ദീന്‍ ശൈഖ് ലോകത്തെ വിവിധ രാജ്യക്കാരായ അനേകായിരങ്ങളുടെ ഹൃത്തടത്തില്‍ ഇന്നും ആത്മീയാനുഭൂതി പകര്‍ന്നുനല്‍കുന്നുവെന്ന് ദിനേന അദ്ദേഹത്തിന്റെ മഖ്ബറയ്ക്കരികിലെത്തുന്ന ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു ബഹുമാനിച്ചവരെയും വസ്തുവിനെയും ആദരിക്കുകയെന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."