'റെന്റ് എ കാറുകള്‍' പെരുകുന്നു; കുറ്റകൃത്യങ്ങളും
പൊന്നാനി: ജില്ലയില്‍ റെന്റ് എ കാറുകളും വ്യാജ ടാക്‌സികളും പെരുകുന്നു. സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണു റെന്റ് എ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ പോലും റെന്റ് എ കാറുകള്‍ സുലഭമാണ്. ദിവസവാടകയ്ക്കും മാസവാടകയ്ക്കും ഇത്തരം വാഹനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭിക്കും. ആഢംബര വാഹനങ്ങളാകുമ്പോള്‍ വാടകയിലും നിബന്ധനകളിലും മാറ്റമുണ്ട് . ഇത്തരം അനധികൃത വാഹനങ്ങള്‍ ടാക്‌സി മേഖലയെ ബാധിക്കുകയാണ്.
മയക്കുമരുന്നും കുഴല്‍പ്പണവും കടത്താനും തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും വാടകക്കെടുത്തു വാഹനങ്ങള്‍ ഉപയോഗിച്ചെന്ന നിരവധി കേസുകളാണുള്ളത്. നിയമങ്ങള്‍ പാലിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നിയമംലംഘിക്കുന്നു.
വൈദ്യുതി ബോര്‍ഡ് പോലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ ടാക്‌സി പെര്‍മിറ്റ് എടുത്താണ് സര്‍വിസ് നടത്തേണ്ടത് . എന്നാല്‍ അതതു പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോര്‍ഡ് വെച്ച് ഓടുന്ന ഇത്തരത്തിലുള്ള മിക്ക കരാര്‍ വാഹനങ്ങളും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. ടാക്‌സികളാകുമ്പോള്‍ ചെക്ക് പോസ്റ്റുകള്‍ തൊട്ട് പല പരിശോധന സ്ഥലങ്ങളിലും നിര്‍ത്തി രേഖകള്‍ കാണിക്കണം . എന്നാല്‍ സ്വകാര്യ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കു പരിശോധനകള്‍ കുറവാണ് എന്നതാണ് റെന്റ് എ കാറുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം . കുറ്റകൃത്യങ്ങള്‍ക്ക് സൗകര്യം കൂട്ടുന്നതും ഇതു കൊണ്ടു തന്നെ.
അതതു സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് റെന്റ് എ കാര്‍ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുന്നത് . ഇതു തുടങ്ങാന്‍ ചുരുങ്ങിയത് 50 കാറുകളെങ്കിലും വേണം. ഇതില്‍ 25 എണ്ണം എ സി കാറുകളാവണം . എന്നാല്‍ ഇവിടെ ഒരു കാര്‍ മാത്രമുള്ളവരും വാടകയ്ക്കു കൊടുക്കുന്നുണ്ട്. ഇത്തരത്തില്‍ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ എന്തുപയോഗത്തിനാണു കൊണ്ടുപോകുന്നതെന്ന് ഉടമകള്‍ അറിയുന്നില്ല. ഇത്തരം കാറുകള്‍ വാടകക്കെടുത്ത് ഉടമയറിയാതെ പണയം വെച്ചു വന്‍ തുക കൈക്കലാക്കുന്ന കേസുകള്‍ ജില്ലയില്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഒരാള്‍ ജില്ലയില്‍ അറസ്റ്റിലായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."