കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി
തലശ്ശേരി: ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാ പിഴവ്മൂലം മുറിച്ചു മാറ്റേണ്ടി വന്നെന്ന തലശേരി ജനറല്‍ ആശുപത്രിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍.
ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ രംഗത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒക്ടോബര്‍ 30 ന് വൈകീട്ടാണ് വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സുല്‍ത്താന്‍ ഗ്രൗണ്ടില്‍ വീണ് പരുക്കേറ്റത്. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്‌റേ മെഷീന്‍ കേടായിരുന്നു. എക്‌സ്‌റേ എടുക്കാന്‍ കൊടുവള്ളി കോഓപറേറ്റീവ് ആശുപത്രിയില്‍ പോയി. ഒരു മണിക്കൂറില്‍ എക്‌സ്‌റേ തലശേരി ആശുപത്രിയില്‍ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്‌സ്‌റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ അടുത്ത ദിവസം ഡോക്ടര്‍ വിജുമോന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ല. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് വിജുമോന്‍ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്നും അറിയിച്ചു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.
പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റി. സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയതായും കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു.
എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായില്ലെന്നാണ് തലശേരി ജനറല്‍ ആശുപത്രിയുടെ വാദം. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് ആശുപത്രിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."