സ്വത്ത് തര്‍ക്കം: ഒടുക്കം സഹോദരന്റെ കൊലപാതകം
അരീക്കോട്: വര്‍ഷങ്ങളായി സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കം ഒടുവില്‍ അബ്ദുറസാഖിന്റെ കൊലപാതകത്തില്‍ കലാശിച്ചെന്നാണു പൊലിസ് പറയുന്നത്. 15 വര്‍ഷം മുമ്പു പിതാവ് മുഹമ്മദ് മരണപ്പെട്ടതിനു ശേഷം കൂട്ടുസ്വത്തായ 20 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ടാണു അബ്ദുറസാഖും സഹോദരന്‍ അബ്ദുല്‍ ജലീലുമായി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പിതാവു മരണപ്പെടുന്നതിനു മുമ്പായി അബ്ദുറസാഖിന് ഒന്നര ഏക്കര്‍ ഭൂമിയും അബ്ദുല്‍ ജലീലിനു 50 സെന്റ് സ്ഥലവും വസ്വിയ്യത്ത് ചെയ്തിരുന്നു. എന്നാല്‍ പിതാവു മരണപ്പെട്ടതോടെ വസ്വിയ്യത്ത് പാലിക്കാന്‍ അബ്ദുല്‍ ജലീല്‍ തയ്യാറായില്ല. എല്ലാ സ്വത്തുകളും ഒരുമിച്ചു ചേര്‍ത്ത് ഓഹരി വെക്കണമെന്ന നിലപാടിലായി അബ്ദുല്‍ ജലീല്‍. നാലു സഹോദരിമാരും ഉമ്മയും അബ്ദുല്‍ ജലീലിന്റെ പക്ഷം ചേര്‍ന്നുവെന്നും പൊലിസ് പറയുന്നു.
സഹോദരിമാരുടെ ഭര്‍ത്താക്കന്മാരും അബ്ദുല്‍ ജലീലും ചേര്‍ന്നു റസാഖിനെ ക്രൂരമായി മര്‍ദിച്ചെന്നു നേരത്തെ റസാഖ് പരാതിപ്പെട്ടിരുന്നു. 10 വര്‍ഷം മുമ്പ് അബ്ദുല്‍ ജലീലും സഹോദരി ഭര്‍ത്താക്കന്മാരും ചേര്‍ന്ന് അബ്ദുറസാഖിനെയും ഭാര്യയേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും റസാഖ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പിന്നിട് അഞ്ചു വര്‍ഷത്തോളം സുഹൃത്തിന്റെ തണലില്‍ തച്ചാം പറമ്പിലാണു അബ്ദുറസാഖും ഭാര്യയും താമസിച്ചത്. ഉപ്പ നല്‍കിയ ഭൂമിയില്‍ വീട് വെക്കാന്‍ അബ്ദുറസാഖ് തറ കെട്ടിയെങ്കിലും പൊളിച്ചു നീക്കുമെന്ന ഭീഷണിയുമായി അബ്ദുല്‍ ജലീലും ഉമ്മയും സഹോദരിമാരും രംഗത്തെത്തി. മാനസികമായി തകര്‍ന്ന അബ്ദുറസാഖിനെ വീട്ടില്‍ കെട്ടിയിട്ടു പട്ടിക ഉപയോഗിച്ചു ക്രൂരമായ മര്‍ദനത്തിനിരയാക്കിയെന്നും കേസുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്നാണു അബ്ദുറസാഖിനു ഉപ്പ നല്‍കിയ ഭൂമിയില്‍ വീട് വെച്ചു നല്‍കിയത്. എന്നാല്‍ അബ്ദുറസാഖിന്റെ പറമ്പിലെ തേങ്ങകളും മറ്റും നേരം പുലരുന്നതിനു മുമ്പ് ഉമ്മയും സഹോദരന്‍ അബ്ദുല്‍ ജലീലും എടുത്തു കൊണ്ടു പോവുക പതിവായിരുന്നെന്ന് ഇയാള്‍ പരാതിപ്പെട്ടിരുന്നു.
കൂട്ടുസ്വത്തിലെ
കുളത്തില്‍ കുളിച്ചതു പ്രകോപിപ്പിച്ചു
പള്ളിയില്‍ പോവാന്‍ വേണ്ടി കൂട്ടുസ്വത്ത് ഭൂമിയിലുള്ള കുളത്തില്‍ നിന്ന് അബ്ദുറസാഖ് കുളിച്ചതാണു അബ്ദുല്‍ ജലീലിനെ പ്രകോപിതനാക്കിയത്. കുളത്തില്‍ ഇറങ്ങിയതിനെ സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അബ്ദുറസാഖിന്റെ ഭാര്യ ഇടപെട്ട് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു. പിന്നീട് ബൈക്കില്‍ പള്ളിയിലേക്ക് പുറപ്പെട്ട അബ്ദുറസാഖിന്റെ പിന്നാലെ മ റ്റൊരു ബൈക്കിലെത്തിയ അബ്ദുല്‍ ജലീല്‍ ബൈക്കില്‍ ഇടിച്ച് തള്ളിയിടുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പള്ളിയില്‍ നിന്ന് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അബ്ദുറസാഖ് റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണു കണ്ടത്. പ്രതി അബ്ദുല്‍ ജലീല്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സ്ത്രീധനം
വാങ്ങാത്തത്
കുടുംബത്തെ ചൊടിപ്പിച്ചു
എതിര്‍പ്പ് വകവെക്കാതെ നിര്‍ധന കുടുംബത്തില്‍ നിന്നു വിവാഹം കഴിച്ചതാണു റസാഖിനെ കുടുംബത്തില്‍ ഒറ്റപ്പെടാനിടയാക്കിയത്. നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവിലെ താജുന്നീസയെയാണു റസാഖ് തന്റെ ജീവിതസഖിയാക്കിയത്. താജുന്നീസയെ വിവാഹ മോചിതയാക്കി സമ്പന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാനും ഉമ്മയും സഹോദരിമാരും അബ്ദുറസാഖിനെ പ്രേരിപ്പിച്ചിരുന്നെന്നു സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
അജുമോന്‍ ഉപ്പയെ
കാത്തിരിക്കുകയാണ്
ഉപ്പ തന്റെ എളാപ്പയുടെ കൊലക്കത്തിക്കിരയായത് ആറു വയസുകാരനായ അജ്മല്‍ അറിഞ്ഞിട്ടില്ല. ഉപ്പ നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയതാണ്. മിഠായിയുമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണു അജുമോന്‍. വെറ്റിലപ്പാറ ഹോളിക്രോസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ അജ്മല്‍ ഉപ്പയുടെ കൈപിടിച്ചാണു എന്നും സ്‌കൂളില്‍ പോവാറുള്ളത്. എന്ത് ചോദിച്ചാലും ഉപ്പ വാങ്ങി തരും. എന്നോട് ഉപ്പ ഡോക്ടര്‍ ആവണമെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നും അറിയാതെ. രണ്ട് ദിവസം മുമ്പ് ഉപ്പച്ചി വാങ്ങി നല്‍കിയ ഷര്‍ട്ടും പാന്റും അലമാരയില്‍ നിന്നെടുത്തു വീട്ടില്‍ കൂടിയവര്‍ക്കെല്ലാം കാണിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു അജ്മല്‍ ഇന്നലെ.
---------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."