നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയ്ക്ക് നേരിയ പനി; സമ്പര്‍ക്ക പട്ടിക വിപുലപ്പെടുത്താന്‍ സാധ്യത
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ അമ്മയ്ക്ക് നേരിയ പനിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെ സാമ്പിള്‍ പരിശോധിക്കും.പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണെന്നും ആരോഗ്യമന്ത്രി അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12-കാരന് റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്. കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."