കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പുറത്ത്
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പുറത്ത്
എന്‍.സി ഷെരീഫ്
മഞ്ചേരി: സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പില്‍ മുസ് ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കേണ്ടെന്ന നിര്‍ദേശം വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക വിഭാഗ വികസനവകുപ്പ് മുഖേന തുടങ്ങുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്നാണ് മുസ് ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളെ പുറത്താക്കിയത്. സംഭവം വിവാദമായതോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ എന്നിവരോടാണ് കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. എ.എ റഷീദ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡ പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാക്കിയിരുന്നു. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയിലാണ് മുസ് ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുന്നത്.
കേന്ദ്രം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ മുസ് ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ്. കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വിജ്ഞാപനത്തില്‍ ന്യൂനപക്ഷങ്ങളിലെ പിന്നോക്കക്കാര്‍ക്കായി പുതിയ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പറയുന്നില്ല.
പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ യോഗ്യതയുള്ള വിഭാഗങ്ങളുടെ പട്ടികയില്‍ 47 വിഭാഗം ഗുണഭോക്താക്കള്‍ ഇടംപിടിച്ചെങ്കിലും മുസ് ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് ഒരു വിഭാഗവും ഉള്‍പ്പെട്ടിട്ടില്ല.
സാധാരണ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളില്‍ മറ്റുപിന്നോക്ക വിഭാഗങ്ങള്‍ (ഒ.ബി.സി) എന്നതില്‍ മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താറുണ്ട്. നവംബര്‍ 15 ആണ് സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികള്‍ അവരുടെ സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ലഭിച്ച അപേക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ ഇ-ഗ്രാന്‍ഡ്‌സ് പോര്‍ട്ടല്‍ മുഖേന നവംബര്‍ 30നകം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."