കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന കര്‍ഷക സമരം
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഒമ്പത് മാസമായി സമരം ചെയ്തുവരുന്ന കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ഹരിയാനയില്‍ നടന്ന ദേശീയപാത ഉപരോധത്തിനു പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിസാന്‍ മഹാപഞ്ചായത്ത് നടത്തുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്ത് സമ്മേളനത്തില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന പ്രസ്തുത സമ്മേളനത്തിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യത്തില്‍ യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി എം.പിയായ വരുണ്‍ഗാന്ധിയും കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് അനുകൂലമായി രംഗത്തുവന്നതും യോഗി ആദിത്യനാഥ് സര്‍ക്കാരിനു വലിയ ക്ഷീണമായി. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴേക്കും കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുവന്നേക്കാം. കര്‍ഷകരെ അവഗണിച്ചുകൊണ്ട്, അവരുടെ ആവശ്യങ്ങള്‍ക്കു നേരേ മുഖം തിരിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ജയിച്ചുകയറുക എന്നതു ബി.ജെ.പിക്ക് എളുപ്പമാകില്ല.
അതിനാല്‍ തന്നെയാണ് ഒരുമുഴം മുന്‍കൂട്ടി വരുണ്‍ ഗാന്ധി എം.പി തന്റെ പാര്‍ട്ടിക്ക് നേരേ എറിഞ്ഞിട്ടുണ്ടാവുക. ബി.ജെ.പിയില്‍ അസംതൃപ്തരായി കഴിയുന്ന പല നേതാക്കളില്‍ ഒരാളാണ് വരുണ്‍ ഗാന്ധിയും.'സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ തന്നെ മാംസവും രക്തവുമാണെന്നും അവരോട് ബഹുമാനം നിലനിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും' വരുണ്‍ഗാന്ധി പറഞ്ഞതില്‍ നിന്ന് യു.പിയിലെ രാഷ്ട്രീയസമവാക്യങ്ങളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന മാറ്റത്തിന്റെ സൂചനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളോട് അകലം പാലിച്ചുകൊണ്ടായിരുന്നു കര്‍ഷക സംഘടനകള്‍ ഇതുവരെ സമരം ചെയ്തിരുന്നതെങ്കില്‍, അടുത്ത് നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കര്‍ഷകസംഘടനകള്‍ അവര്‍ക്ക് സ്വീകാര്യമായ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുകയോ, അത്തരം പാര്‍ട്ടികളുടെ പിന്തുണ തേടിക്കൊണ്ട് സ്വയം മത്സരിക്കുകയോ ചെയ്തുകൂടായ്കയില്ല. രണ്ടായാലും കര്‍ഷകര്‍ എടുക്കുന്ന ഈ തീരുമാനം യു.പി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരിക്കും.
വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം അവരുടെ വാട്ടര്‍ലൂ ആയിരിക്കുമെന്ന് പറയുന്നതും ഇതിനാലാണ്. കാരണം യു.പിയില്‍ ഓരോ വീടുകളിലും കയറി ബി.ജെപിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുവാന്‍ കര്‍ഷകര്‍ എടുത്ത തീരുമാനം അവര്‍ക്ക് കനത്ത പ്രഹരമായിരിക്കും. കര്‍ഷകസമരത്തെ അവഗണിക്കുന്നതു പോലെ കര്‍ഷകരുടെ ഈ നിലപാടിനെ ബി.ജെ.പിക്ക് അവഗണിക്കാനാവില്ല.
ഉത്തരാഖണ്ഡിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതേ നിലപാട് തന്നെയായിരിക്കും കര്‍ഷകര്‍ സ്വീകരിക്കുക എന്ന് മഹാ പഞ്ചായത്ത് സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളില്‍ തങ്ങളുടെ കുഴിമാടങ്ങള്‍ തീര്‍ത്താലും പിറകോട്ടില്ലെന്ന ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവന ജീവന്‍മരണ പോരാട്ടത്തിന് തന്നെയാണ് കര്‍ഷകര്‍ തയാറെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
നാല് ദിവസം മുമ്പ് ചണ്ഡിഗഡിലെ കര്‍ണാലില്‍ നടന്ന ദേശീയപാത ഉപരോധസമരത്തില്‍ പങ്കെടുത്തവരെ ക്രൂരമായി മര്‍ദിച്ചിട്ടും പിറകോട്ടില്ലെന്ന് അന്നുതന്നെ കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ കിസാന്‍ യൂനിയന്‍ നേതാവ് സുശീല്‍കാജന്‍ ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു. പഞ്ചാബിലും ഹരിയാനയിലുമായി 56 ഇടങ്ങളിലാണു കര്‍ഷകര്‍ അന്ന് ദേശീയപാത ഉപരോധസമരം നടത്തിയത്. സമരത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ തല അടിച്ചുപൊട്ടിച്ചു ചോര ഒഴുക്കാന്‍ ഹരിയാന കര്‍ണാലിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിഷു സിന്‍ഹ ഉത്തരവിടുന്നതിന്റെ ശബ്ദസന്ദേശം പുറംലോകം അറിഞ്ഞതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഹരിയാനയില്‍ ഉണ്ടായത്. ലാത്തിച്ചാര്‍ജിനെയും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വിവാദ ഉത്തരവിനെയും ന്യായീകരിക്കുകയായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന കള്ളം പറയാനും അദ്ദേഹം മടിച്ചില്ല.
ഒമ്പത് മാസമായി രാജ്യത്തെ കര്‍ഷകര്‍ സഹനസമരപാതയിലാണ്. കര്‍ഷകസമരത്തില്‍ നുഴഞ്ഞുകയറി ചെങ്കോട്ടയില്‍ അക്രമം നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകനെ കര്‍ഷകര്‍ തന്നെയാണ് കൈയോടെ പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചത്. കോര്‍പറേറ്റ് താല്‍പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരാകട്ടെ, സമരത്തെ അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചുവിടാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അതെല്ലാം പരജയപ്പെടുകയായിരുന്നു. ജനാധിപത്യ രീതിയിലുള്ള സമരമാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ച് സമരം അക്രമത്തിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ തുടക്കം മുതല്‍ക്കേ ബദ്ധശ്രദ്ധരായിരുന്നു കര്‍ഷക നേതാക്കള്‍. കര്‍ഷകരുടെ ഈ നയമാണ് സമരത്തെ അടിച്ചൊതുക്കി പരാജയപ്പെടുത്താമെന്ന സര്‍ക്കാര്‍ പദ്ധതിയെ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നതും. ഹരിയാന ഉപരോധത്തെ ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ക്രൂരമായ ലാത്തിച്ചാര്‍ജിന് ഉത്തരവിട്ട മുഖ്യമന്ത്രിയെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ ഡയറിനോടാണ് ടിക്കായത്ത് ഉപമിച്ചത്. താലിബാനി സര്‍ക്കാരാണ് ഹരിയാന ഭരിക്കുന്നതെന്നും അന്നദ്ദേഹം പറയുകയുണ്ടായി. ലാത്തിച്ചാര്‍ജിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അക്രമത്തോടാണ് ഉപമിച്ചത്.
അന്നത്തെ ഉപരോധസമരത്തില്‍ എടുത്ത തീരുമാനമാണ് യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഹാ പഞ്ചായത്ത് സമ്മേളനം നടത്തുക എന്നത്. അതിന്റെ ഭാഗമായാണ് ആദിത്യനാഥ് സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞദിവസം യു.പിയിലെ മുസഫര്‍ നഗറില്‍ ലക്ഷങ്ങള്‍ അണിനിരന്ന കര്‍ഷകരുടെ മഹാപഞ്ചായത്ത് സമ്മേളനം നടന്നതും. 40 കര്‍ഷക സംഘടനകള്‍ തുടക്കമിട്ട സമരം അതിന്റെ വിജയകരമായ സമാപ്തിയോടടുക്കുന്നു എന്നുവേണം കര്‍ഷകര്‍ മഹാ പഞ്ചായത്തിലെടുത്ത തീരുമാനത്തെ കാണാന്‍. വരും മാസങ്ങളില്‍ കൂടുതല്‍ മഹാ പഞ്ചായത്തുകള്‍ നടത്തുവാനുള്ള കര്‍ഷക സംഘടനകളുടെ സംയുക്ത തീരുമാനം, ബി.ജെ.പി സര്‍ക്കാരിന്റെ അന്ത്യം കാണാതെയോ, കര്‍ഷകര്‍ക്കെതിരായ വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയോ ചെയ്യാതെ അവസാനിക്കുവാന്‍ പോകുന്നില്ലെന്ന സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."