വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയാൽ ബലാത്സംഗ കുറ്റം ചുമത്താനാവില്ല; ഫേസ്ബുക്ക് കാമുകനെതിരേ ഭർതൃമതിയായ യുവതിയുടെ ഹരജി തള്ളി
കൊച്ചി: ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയാൽ പുരുഷനെതിരേ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. മനഃപൂർവം വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ പറ്റുകയുള്ളൂവെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ കൊല്ലം പുനലൂർ പൊലിസ് എടുത്ത കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് പ്രതിയായ യുവാവ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
മലയാളികളായ ഇരുവരും ആസ്‌ത്രേലിയയിൽ വച്ച് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഭർതൃമതിയായ പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയിരുന്നില്ല. പിന്നീട് ഇവരെ വിവാഹം കഴിക്കാൻ യുവാവ് തയാറാകാത്തതിനെ തുടർന്നാണ് പുനലൂർ പൊലിസിൽ യുവതി പരാതി നൽകിയത്. ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മത പ്രകാരമാണന്ന് പ്രഥമ വിവര റിപ്പോർട്ടിൽനിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.
വിവാഹിതയായ ഒരു സ്ത്രീക്ക് നൽകുന്ന വിവാഹ വാഗ്ദാനം പാലിക്കാൻ കഴിയാത്തതാണ്. നിലവിൽ വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരാളെ വിവാഹം ചെയ്യാനാവില്ലെന്ന് യുവതിക്കും അറിയാം. നിയമപരമായി നിലനിൽക്കാത്ത അത്തരം വാഗ്ദാനത്തിന്റെ പേരിൽ ബലാത്സംഗ കുറ്റം ചുമത്താൻ കഴിയില്ലെന്നും ഇത്തരത്തിൽ നേരത്തെ പുറപ്പെടുവിച്ച രണ്ട് സമാനവിധികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതൊടൊപ്പം വഞ്ചനാ കേസും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്കെതിരേ ചുമത്തിയ ഐ.പി.സി 376, 417,493 വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.
Consensual sex on marriage promise not rape, says Kerala HC. It will be rape only if promise was given in bad faith
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."