അനധികൃത വിദേശികൾക്കായി കേരളത്തിലെ ആദ്യ തടങ്കൽ പാളയം തുറന്നു
തിരുവനന്തപുരം: രാജ്യത്തെ അനധികൃത വിദേശികളെ പാർപ്പിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യ തടങ്കൽ കേന്ദ്രം തുറന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് കേന്ദ്രം തുറന്നത്. തൃശൂർ പൊലിസിന്റെ കരുതലിലുണ്ടായിരുന്ന നാല് അന്തേവാസികളെ ചൊവ്വാഴ്ച പുലർച്ചെ നാലിന് കൊട്ടിയത്തേക്ക് മാറ്റി.
സാമൂഹികനീതി വകുപ്പിന് കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവർ, വിസയുടെയോ, പാസ്‌പോർട്ടിന്റേയോ കാലാവധി തീർന്ന ശേഷവും തുടരുന്നവർ, ശിക്ഷാ കാലാവധി പൂർത്തിയാക്കി തിരിച്ചുപോകാനുള്ള നടപടികളുമായി കാത്തിരിക്കുന്നവർക്ക് രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനുമാണ് തടങ്കൽപ്പാളയം സ്ഥാപിച്ചത്.
കൊട്ടിയം മയ്യനാട് 32 സെന്റിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം. പൊതുമരാമത്ത് വകുപ്പ് നിരക്കിൽ ഇളവ് വരുത്തി 11 മാസത്തേക്ക് 1,10,000 രൂപ നിരക്കിൽ സ്ഥലം, കെട്ടിടം, പുറമ്പോക്ക് എന്നിവ വാടകയ്ക്ക് നൽകുന്നതിന് നവംബർ രണ്ടിന് സാമൂഹികനീതി വകുപ്പ് ഡയറക്ടർ കെട്ടിട ഉടമയുമായി കരാർ ഒപ്പിട്ടിരുന്നു. കേന്ദ്രത്തിൽ 20 അന്തേവാസികളെ പാർപ്പിക്കാൻ കഴിയും.
വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഹോം മാനേജരായും ക്ലർക്കായും ചുമതല നൽകിയിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കൊല്ലം ജില്ലാ സാമൂഹികനീതി ഓഫിസറെയും നിയോഗിച്ചു. താൽകാലിക കുക്കിനെയും നിയോഗിച്ചു. കേന്ദ്രത്തിന്റെ സുരക്ഷാ മേധാവിയായി ഒരു സബ് ഇൻസ്‌പെക്ടറെ പൊലിസ് നിയമിച്ചു.
Kerala opens its first detention centre for foreigners
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."