മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഡിഫന്‍സില്‍ അവസരങ്ങളേറെ
മെഡിക്കല്‍ ബിരുദ കോഴ്സുകള്‍ കഴിഞ്ഞാല്‍ ഡിഫന്‍സില്‍ ജോലി നോക്കാന്‍ താല്പര്യമുള്ളവര് ഏറെയാണ്. അവസരങ്ങള്‍ ഏതൊക്കെയാണെന്ന് പലര്‍ക്കും അറിയില്ല.
എം.ബി.ബി.എസ്. ബിരുദമെടുത്തവര്‍ക്ക് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന് (എസ്.എസ്.സി.) ഓഫിസര്‍ ആകാന്‍ അവസരമുണ്ട്. ഫൈനല്‍ എം.ബി.ബി.എസ് പരീക്ഷ ആദ്യ, രണ്ടാം ശ്രമത്തില്‍ ജയിച്ചിരിക്കണം.
പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി, ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ബി.ഡി.എസ് കഴിഞ്ഞവര്‍ക്ക് ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന് (എസ്.എസ്.സി) ഓഫിസര്‍ ആകാന്‍ അവസരമുണ്ട്. എം.ഡി.എസ്. ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. നീറ്റ് (എം.ഡി.എസ്.) യോഗ്യതയും വേണം.
നീറ്റ് എം.ഡി.എസ് സ്കോര്‍ പരിഗണിച്ച് അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന് ക്ഷണിക്കും. ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്. ബിരുദധാരികളായ പുരുഷന്മാര്ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ റീമൗണ്ട് വെറ്ററിനറി കോറില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന് അവസരമുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സര്‍വിസ് സെലക്ഷന് ബോര്‍ഡ് (എസ്.എസ്.ബി.) അഭിമുഖം ഉണ്ടാകും. എസ്.എസ്.സി. അനുവദിക്കുന്ന ദിവസം 30 വയസില്‍ താഴെയായിരിക്കുകയും ഡിപ്പാര്‍ട്ട്മെന്റല്‍ പെര്‍മനന്റ് കമ്മിഷന് ടെസ്റ്റില്‍ യോഗ്യത നേടുകയും ചെയ്താല്‍, പെര്‍മനന്റ് കമ്മിഷന് അവരെ പരിഗണിക്കും. എം.വി.എസ്.സി. ഡോക്ടറേറ്റ് ബിരുദക്കാരെയും പെര്‍മനന്റ് കമ്മിഷനായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."