പൊലിസ് കൊടിയഴിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരുപ്പ് നടത്തി
അമ്പലത്തറ: പാതയോരത്ത് സ്ഥാപിച്ച കൊടികള്‍ നീക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ അമ്പലത്തറ പൊലിസ് സ്റ്റേഷനിലായിരുന്നു സംഭവം.
മൂന്നാം മൈല്‍ ചുണ്ണംകുളം പാതയോരത്ത് സ്ഥാപിച്ച കൊടികളാണ് പൊലിസ് അഴിച്ചുമാറ്റിയത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇവിടെ സ്ഥാപിച്ചിരുന്ന കൊടികള്‍ യഥാസമയം ബന്ധപ്പെട്ടവര്‍ നീക്കാതെ വന്നതോടെയാണ് ഇവ അഴിച്ചു മാറ്റുന്നതിന് പൊലിസ് മുന്‍കൈയെടുത്തത്. കൊടികള്‍ അഴിച്ചു മാറ്റുമ്പോള്‍ ഇവിടെയുണ്ടായിരുന്ന സി.പി.എമ്മിന്റെ പാര്‍ട്ടി കൊടി കൂടി പൊലിസ് അഴിച്ചു മാറ്റിയതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ഇതേ തുടര്‍ന്ന് ഇരുപതോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ അമ്പലത്തറ സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തുകയും അവിടെ കുത്തിയിരുപ്പ് സമരം നടത്തുകയുമായിരുന്നു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ ഇവര്‍ സ്റ്റേഷനില്‍ നിന്നും പിരിഞ്ഞു പോവുകയായിരുന്നു.
അതേ സമയം ജില്ലയില്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുന്ന കൊടികളും സ്തൂപങ്ങളും സംഘര്‍ഷങ്ങള്‍ വരുത്തിവെക്കുന്നതായി കണ്ടെത്തിയതിനാല്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും കൊടികളും സ്തൂപങ്ങളും പാതയോരത്ത് നിന്നും ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും സംയുക്തമായി തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. എന്നാല്‍ ഈ തീരുമാനം വര്‍ഷങ്ങളായി കടലാസിലാണ്.
അതേ സമയം ഒരു പ്രദേശത്ത് സമയ പരിധി കഴിഞ്ഞിട്ടും ഇവ അഴിച്ചു മാറ്റാതെ വരുമ്പോള്‍ സ്വാഭാവികമായും അധികൃതര്‍ ഇത്തരം കൊടികളും തോരണങ്ങളും അഴിച്ചു മാറ്റാറുണ്ട്.
ഈ അവസരത്തില്‍ പ്രദേശത്തുള്ള മുഴുവന്‍ കൊടികളും കക്ഷിഭേദമന്യേ നിയപാലകര്‍ അഴിച്ചു കൊണ്ട് പോകാറുണ്ട്. ഇങ്ങനെയൊരു സംഭവം മാത്രമാണ് അമ്പലത്തറ സ്റ്റേഷന്‍ പരിധിയിലും ഉണ്ടായതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."