HOME
DETAILS

മിന്നൽ നിയമനങ്ങൾ കൊല്ലുമോ ജനാധിപത്യത്തെ

  
backup
November 25 2022 | 20:11 PM

4563245623-2


പണവും മദ്യവും കൊടുത്ത് ചിലപ്പോഴൊക്കെ സ്വാധീനിക്കാൻ കഴിയുന്നതായിരുന്നു 1990കളുടെ തുടക്കം വരെ ഇന്ത്യയില്‍ പലയിടത്തും തെരഞ്ഞെടുപ്പുകള്‍. ദരിദ്രരും നിരക്ഷരരുമായ പാവം ജനങ്ങള്‍ ഒരു നേരത്തെ വിശപ്പകറ്റാനോ കഠിന യാഥാര്‍ഥ്യങ്ങളില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും ഒളിച്ചോടാനോ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന നൂറോ ഇരുന്നൂറോ രൂപയിലോ വിലകുറഞ്ഞ മദ്യത്തിലോ സ്വന്തം സമ്മതിദാനാവകാശം തീറെഴുതിക്കൊടുക്കുക പതിവായിരുന്നു. 1990 ഡിസംബര്‍ 12ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ടി.എന്‍ ശേഷന്‍ ചുമതലയേറ്റതോടെയാണ് ജനാധിപത്യത്തിന്റെ പരിതാപകരമായ ഇൗ അവസ്ഥയ്ക്ക് മാറ്റംവന്നത്. ആധാര്‍ കാര്‍ഡ് എന്ന സങ്കല്‍പം പോലുമില്ലാതിരുന്ന അക്കാലത്ത് വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ സാധ്യമാക്കിയെന്നതുതന്നെയാണ് ടി.എന്‍ ശേഷന്റെ പ്രസക്തി.തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടായിരുന്നെങ്കിലും ശേഷനുമുമ്പുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ അതൊന്നും കര്‍ശനമാക്കാന്‍ മിനക്കെട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ 'തോളില്‍' ഭരണഘടന ബൃഹത്തായ അധികാരം വച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി പറഞ്ഞിരുന്നു. അന്തരിച്ച ടി.എന്‍ ശേഷനെപ്പോലെ ശക്തമായ നിലപാടുള്ള ആളാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി വരേണ്ടതെന്നും പരമോന്നത നീതിപീഠം ഓര്‍മിപ്പിക്കുകയുണ്ടായി.പുതിയ തെരഞ്ഞെടുപ്പു കമ്മിഷണറായി മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരക്കിട്ട് നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍.


വിരമിക്കാന്‍ ഒരു മാസമുള്ളപ്പോഴാണ് അരുണ്‍ ഗോയലിനെ നിര്‍ബന്ധിത അവധിയെടുപ്പിച്ചതും തെരഞ്ഞെടുപ്പ് കമ്മിഷണറായി അവരോധിച്ചതും. ഇതിനെതിരേയുള്ള ഹരജി കഴിഞ്ഞദിവസം പരിഗണിക്കവേയാണ് 'മിന്നല്‍ നിയമന'ത്തിനുപിന്നില്‍ കേന്ദ്രസര്‍ക്കാരിന് എന്തെങ്കിലും കൗശലമുണ്ടോ എന്ന് പരമോന്നത കോടതി ആശങ്കപ്പെട്ടത്. വ്യവസായ സെക്രട്ടറിയായിരുന്ന അരുണ്‍ ഗോയല്‍ ഡിസംബര്‍ 31നായിരുന്നു വിരമിക്കേണ്ടിയിരുന്നത്. എന്നാല്‍ നവംബര്‍ 18ന് സര്‍വിസില്‍നിന്ന് സ്വയം വിരമിക്കുകയും 19ന് തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗോയലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയും 21ന് അദ്ദേഹം ചുമതലയേല്‍ക്കുകയുമായിരുന്നു. വിരമിച്ച് 24 മണിക്കൂറിനുള്ളില്‍ ഒരാളെ മറ്റൊരു ലാവണത്തില്‍ നിയമിച്ചതിലെ 'ധൃതി'യിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവര്‍ക്ക് സംശയം തോന്നിയത്.


സുപ്രിം കോടതിയിലെ ഏതാനും ന്യായാധിപരുടെ മാത്രം സംശയമല്ലിത്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ വിശ്വസിക്കുന്ന ഓരോ പൗരന്റെയും ആശങ്ക കൂടിയാണ് കോടതി പങ്കുവച്ചത്. സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ച, രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്തവരെയാണ് തെരഞ്ഞടുപ്പ് കമ്മിഷണര്‍മാരായി സാധാരണ നിയമിക്കാറുള്ളത്. എന്നാല്‍ സ്വയം വിരമിച്ച ഒരാളെ പിറ്റേന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിലെ അസ്വാഭാവികതയാണ് നിയമജ്ഞനായ പ്രശാന്ത് ഭൂഷണ്‍ ഭരണഘടനാബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഇരുട്ടിവെളുക്കുംമുമ്പ് ഒരാളെ ഇത്തരം പരമോന്നത പദവികളില്‍ നിയമിക്കുന്നതില്‍ എന്ത് നടപടിക്രമമാണ് കേന്ദ്ര സര്‍ക്കാര്‍ പാലിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അരുണ്‍ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടത്.


സ്വയംവിരമിക്കാന്‍ മൂന്നുമാസത്തെ നോട്ടിസ്‌ കാലാവധി വേണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് അരുണ്‍ ഗോയലിന് ഇത്തരം നിബന്ധനകളൊന്നും ബാധകമാകാത്തത്. ഗോയല്‍ അടക്കമുള്ള നാലുപേരുടെ പാനല്‍ തയാറാക്കിയതിന്റെ മാനദണ്ഡത്തിലും അവ്യക്തതകളുള്ളതായി സുപ്രിംകോടതി നിരീക്ഷിച്ചു. നാലുപേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതിലും അതിന് നിയമമന്ത്രാലയത്തിന്റെ അംഗീകാരം കിട്ടുന്നതിലും നിയമനോത്തരവ് നല്‍കുന്നതിലുമെല്ലാം വെറും 24 മണിക്കൂര്‍ പര്യാപ്തമോ എന്ന ഭരണഘടനാ ബെഞ്ചിന്റെ ചോദ്യവും ഒട്ടേറെ ആശങ്കകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇത്തരം മിന്നല്‍ നിയമനങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വില ഇടിച്ചുതാഴ്ത്താനേ ഉപകരിക്കൂ. അങ്ങനെ സംഭവിക്കുമ്പോള്‍ ഫലത്തില്‍ ആ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ് അട്ടിമറിക്കപ്പെടുക. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുതന്നെ അത് ഭീഷണിയാവുമെന്നതില്‍ സംശയമില്ല. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്നതിനുപകരം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെട്ട സമിതി നിയമനം നടത്തുമ്പോഴല്ലേ ഇത്തരം നിയമനങ്ങള്‍ നീതിപൂര്‍വമാകുകയൂള്ളൂ എന്ന് സുപ്രിംകോടതി ആരാഞ്ഞപ്പോള്‍ നിഷേധാത്മക മറുപടിയാണ് സോളിസിറ്റര്‍ ജനറലിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്തായാലും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം രാഷ്ട്രീയ നിയമനമാകുന്നുവെന്ന ആരോപണം രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് ഭൂഷണമല്ല. പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പും പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകളും ആഗതമാകുന്ന സാഹചര്യത്തില്‍.


തെരഞ്ഞെടുപ്പ് കമ്മിഷനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ചില വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചപ്പോള്‍ മൂന്നംഗ കമ്മിഷനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റൊരു കമ്മിഷണറും പരാതി തള്ളണമെന്നും മറ്റൊരു കമ്മിഷണറായ അശോക് ലവാസ പരാതിയില്‍ കഴമ്പുണ്ടെന്നും നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. വസ്തുതകള്‍ തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂടി മറുകണ്ടം ചാടിയതോടെ ലവാസ ഒറ്റപ്പെടുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും വൈകാതെ കമ്മിഷണര്‍സ്ഥാനം രാജിവച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി പോവുകയുമായിരുന്നു. പകപോക്കാനെന്നോണം അശോക് ലവാസയുടെ ഭാര്യക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതും രാജ്യം കണ്ടതാണ്.


'പ്രധാനമന്ത്രിയെക്കുറിച്ച് ഒരാരോപണം ഉയരുന്നു, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നടപടിയെടുക്കേണ്ടിയും വരുന്നു. പക്ഷേ, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ മുട്ട് വിറച്ചാലോ. അയാള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലല്ലോ. എങ്കില്‍ വ്യവസ്ഥ അപ്പാടെ തകരുകയല്ലേ സംഭവിക്കുക' എന്ന ജസ്റ്റിസ് കെ.എം ജോസഫിന്റെ ചോദ്യം ഏതൊരിന്ത്യന്‍ പൗരന്റെയും ചോദ്യമാണ്. അതിനാൽ സ്വതന്ത്രവും നിഷ്പക്ഷവും ആര്‍ജവമുള്ളതുമായ ഒരു കമ്മിഷന്‍ യാഥാര്‍ഥ്യമാവാന്‍ നിയമന സമിതിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ കൂടി അംഗമാക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ സംശുദ്ധിയിൽ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം വരൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago