പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല; എല്ലാ കണ്ണുകളും സഊദിയിലേക്ക്
അട്ടിമറികള്‍ കൊണ്ടും ഏഷ്യന്‍ വീര്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഖത്തര്‍ ലോകകപ്പില്‍ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷം ഇന്ന് സഊദിയും പോളണ്ടും പോരിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സഊദി താരങ്ങളിലാണ്. അര്‍ജന്റീനയെ അട്ടിമറിച്ച് ശ്രദ്ധപിടിച്ചു പറ്റിയ ഗ്രീന്‍ ഫാല്‍ക്കന്‍സിന്റെ പ്രയാണം എവിടെ വരെ എന്ന് വിലയിരുത്താനുള്ള മല്‍സരമായി ഇതിനെ കാണുന്നവര്‍ കുറവല്ല. ആദ്യ വിജയം വണ്‍ഡേ മിറാക്ക്ള്‍ അല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് സഊദി ഇന്ന് ബൂട്ടുകെട്ടുന്നത്. മലയാളത്തില്‍ പറഞ്ഞാല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തതല്ലെന്ന് തെളിയിക്കണം.
കരുത്തരായ മെക്‌സിക്കോയോട് സമനില പിടിച്ചാണ് പോളണ്ടിന്റെ വരവ്. ഇന്ന് വിജയിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശനം എളുപ്പമാക്കുകയാണ് പോളണ്ടിന്റെ ലക്ഷ്യം. മരണഗ്രൂപ്പില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. കാരണം അടുത്ത മല്‍സരം അര്‍ജന്റീനയുമായിട്ടാണ്. ഒരു സമനില പോലും സഊദിയോട് അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മൂന്ന് പോയിന്റ് നേടിക്കഴിഞ്ഞ സഊദിക്ക് സമനില കുരുങ്ങിയാലും അവസാന മല്‍സരത്തില്‍ വിജയിച്ചാല്‍ ആയുസ് നീട്ടിക്കിട്ടും.
സഊദിയെ സംബന്ധിച്ചെടുത്തോളം ഈ ഗ്രൂപ്പില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും ദുര്‍ബലരായ എതിരാളികള്‍ പോളണ്ട് ആണ്. അടുത്ത മല്‍സരത്തില്‍ മികച്ച ടീമായ മെക്‌സിക്കോയെയാണ് നേരിടേണ്ടത്. അതിനാല്‍ ഇന്ന് വിജയിച്ചാല്‍ സഊദിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും.
ഗോള്‍ കീപ്പര്‍ മുഹമ്മദ് ഉവൈസിന്റെ ഉജ്വല ഫോം സഊദിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. അര്‍ജന്റീനയെ തടഞ്ഞുനിര്‍ത്തുന്നതില്‍ നിര്‍ണായകമായത് ഉവൈസിന്റെ എണ്ണംപറഞ്ഞ സേവുകളായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളടിച്ച് അവര്‍ അര്‍ജന്റീനയെ ഞെട്ടിച്ചത്. വലിയ എതിരാളിയോട് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഊദിക്ക് സാധിച്ചു. സലീം അല്‍ ദോസരിയുടെ തകര്‍പ്പന്‍ ഗോള്‍ ഇതിനു തെളിവാണ്.
എന്നാല്‍, ഉയര്‍ന്നുപറക്കുന്ന ഗ്രീന്‍ ഫാല്‍ക്കന്‍സിന്റെ ചിറകരിയാന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടിന് കരുത്തുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാഴ്‌സലോണ സ്‌ട്രൈക്കര്‍ക്ക് ലോകകപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള അവസരമാണിത്. ലോകകപ്പില്‍ നാല് മല്‍സരങ്ങള്‍ കളിച്ചെങ്കിലും ഗോളടിക്കാനായിട്ടില്ല. ദോഹ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.30നാണ് മല്‍സരം.
സാധ്യതാ ടീം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."