സ്ഥാനം തെറ്റിയാല്‍...
കൃഷ്ണൻ ചേലമ്പ്ര
‘പെന്ഷന് അപേക്ഷയില്‍ നടപടിയെടുക്കാതെ സ്വാതന്ത്ര്യ സമര സേനാനിയെ 23 വര്‍ഷം വട്ടം കറക്കിയതിന് മദ്രാസ് ഹൈക്കോടതി അധികൃതരെ രൂക്ഷമായി വിമര്‍ശിച്ചു’. വാര്‍ത്തയുടെ ആദ്യവാക്യം വായിച്ച മാത്രയില്‍ ഒരു ചോദ്യം ഉയരും: ആരാണ് വിമര്‍ശിച്ചത്? വാചകത്തില്‍ ഒരു പദം സ്ഥാനം മാറിക്കിടന്നതാണ് വായനക്കാരില്‍ സന്ദേഹമുണര്‍ത്തുന്നത്. മദ്രാസ് ഹൈക്കോടതി അധികൃതരെയാണ് വിമര്‍ശിച്ചത് എന്ന ധ്വനിയാണ് ഇവിടെ. മറിച്ച് ‘പെന്ഷന് അപേക്ഷയില്‍ നടപടിയെടുക്കാതെ സ്വാതന്ത്ര്യ സമര സേനാനിയെ വട്ടം കറക്കിയ അധികൃതരെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു’ എന്നെഴുതിയിരുന്നുവെങ്കില്‍ വായനക്കാരന് സംശയം വരില്ലായിരുന്നു. വളരെ നിസാരമായ പിഴവാണെന്നു തോന്നാമെങ്കിലും വായനക്കാരെ സംശയ മുനയില്‍ നിർത്തുന്നതാകരുത് പത്രഭാഷ.
തമിഴ്നാട്ടില്‍നിന്നു വന്ന വാര്‍ത്തയിലേക്കൊന്നു കണ്ണോടിക്കാം: ‘മന്ത്രി ദിണ്ടുക്കല്‍ സി. ശ്രീനിവാസന് പങ്കെടുത്ത ഉസിലം പെട്ടിയിലെ ഒരു പ്രചാരണ യോഗത്തില്‍ വെള്ളിയാഴ്ച രാത്രി ചിലര്‍ കല്ലേറു നടത്തി’. ഒറ്റവായനയില്‍ പിശകൊന്നുമില്ലെന്നു തോന്നാമെങ്കിലും വെള്ളിയാഴ്ച എന്ന പദം സ്ഥാനം തെറ്റിക്കിടന്നതു കാരണം വായനക്കാരന് സ്വാഭാവികമായും സംശയം തോന്നാം, വെള്ളിയാഴ്ച രാത്രിയില്‍ മാത്രമല്ലേ കല്ലേറുണ്ടായുള്ളൂ; ബാക്കി ദിവസമൊന്നും കുഴപ്പമുണ്ടായില്ലല്ലോ എന്ന്. ‘വെള്ളിയാഴ്ച രാത്രി മന്ത്രി ദിണ്ടുക്കല്‍...’ എന്നായിരുന്നു തുടക്കമെങ്കില്‍ ആശയക്കുഴപ്പം ഒഴിവായേനേ. ‘ഒരു’ എന്നത് അധികപ്പറ്റു തന്നെ.
അരോചക വാചകങ്ങള്‍
റിപ്പോര്‍ട്ട് തയാറാക്കാനുള്ള ആവേശത്തില്‍ എഴുതിയുണ്ടാക്കിയത് ഒരാവര്‍ത്തി വായിച്ചാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ പത്രഭാഷയിലെ കല്ലു കടി. അഥവാ വാര്‍ത്തകള്‍ കംപ്യൂട്ടറില്‍ അടിച്ച ശേഷം അവധാനപൂര്‍വം വായിച്ചു നോക്കാനുള്ള ക്ഷമ കാണിക്കുക. ലേഖകനു തെറ്റു പറ്റില്ലെന്ന ധാരണയോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പത്രാധിപന്മാരും അലസത കൈവെടിയണം. അല്ലാത്തപക്ഷം അച്ചടിച്ചുവരുന്ന വികല സൃഷ്ടികള്‍ക്ക് ചില ഉദാഹരണങ്ങള്‍:
‘പടിഞ്ഞാറന്‍ സാഹിത്യ രൂപമായ നോവലിന് മലയാളത്തില്‍ വിത്ത് പാകുകയും വാണിജ്യമേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനുതകുന്ന ബാങ്കിങ്ങിന് കേരളത്തില്‍ തുടക്കം കുറിക്കാനും കഴിഞ്ഞ വ്യക്തിയാണ് അപ്പു നെടുങ്ങാടി’. ആദ്യ വായനയില്‍ അസുഖകരമായി ഒന്നും തോന്നില്ലെങ്കിലും ഒരു കല്ലുകടി അനുഭവപ്പെടുന്നില്ലേ? ഈ വാചകത്തിലെ ആദ്യഭാഗത്തെ ‘പാകുകയും’ എന്നതു മാറ്റി ‘പാകുവാനും’ എന്നാക്കി മാറ്റി നോക്കൂ. വായന സുഖദായകമായില്ലേ? നിസാരമെങ്കിലും അക്ഷന്തവ്യമായ വ്യാകരണപ്പിശകാണിത്.
‘മലയാളികള്‍ വിസ്മയാവേശത്തോടെ ഏറ്റുവാങ്ങിയ മധുരഗാന ശില്പിയുടെ മക്കള്‍...’ സലീല്‍ ചൗധരിയെക്കുറിച്ചെഴുതിയ വാര്‍ത്തയിലാണ് ഈ വാചകം. ‘മധുരഗാന ശില്പിയുടെ മക്കള്‍’ എന്ന പ്രയോഗം എന്തുമാത്രം അരോചകമായിരിക്കുന്നു. മലയാളികള്‍ സലീല്‍ ചൗധരിയെ ഏറ്റുവാങ്ങിയത് ‘മധുരഗാന ശില്പി’ എന്ന നിലയിലല്ല. ‘മലയാളികള്‍ വിസ്മയാവേശത്തോടെ ഏറ്റുവാങ്ങിയ മധുരഗാനങ്ങളുടെ ശില്പിയായ സലീല്‍ ചൗധരിയുടെ മക്കള്‍’ എന്നോ... ‘മധുരഗാനങ്ങള്‍ സംഭാവന ചെയ്ത സലീല്‍ ചൗധരി എന്ന ഗാന ശില്പിയുടെ മക്കള്‍’ എന്നോ എഴുതിയിരുന്നുവെങ്കില് അരോചകത്വം ഒഴിവാക്കാമായിരുന്നു.
ഗോചരമല്ലാത്ത ഓണാശംസ
‘കുരുത്തോലകളും കുലവാഴകളും വര്‍ണാഭമായ ഓണാശംസകളുമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മഠവും പരിസരങ്ങളും. തിരുവോണ ദിവസത്തെ അമ്മയുടെ പ്രഭാഷണം...’
കുരുത്തോലകളും കുലവാഴകളും ദൃഷ്ടി ഗോചരമാണ്. എന്നാല്‍ വര്‍ണാഭമായ ഓണാശംസകളോ? അതു കാണാനാവുമോ? ഓണാശംസ രേഖപ്പെടുത്തിയ ബാനറുകളായിരിക്കും ലേഖകന്‍ ഉദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ ‘കുരുത്തോലകളും കുലവാഴകളും ഓണാശംസകള്‍ രേഖപ്പെടുത്തിയ ബാനറുകളുമായി...’ എന്നു വേണം എഴുതേണ്ടത്. എന്നാലേ വാചക ഘടന ശരിയാകൂ. ‘മഠവും പരിസരവും’ എന്നു മതി. പരിസരങ്ങള്‍ എന്നെഴുതുന്നത് തെറ്റ്. ‘തിരുവോണ ദിവസത്തെ അമ്മ’...അങ്ങനെയൊരമ്മയുണ്ടോ? ‘തിരുവോണ ദിവസം അമ്മയുടെ പ്രഭാഷണം’ എന്നത് ശരിപ്രയോഗം.
‘ഇതുകൊണ്ട് പഴയ മല് തിരക്ക് ഒഴിഞ്ഞത് കൊണ്ട് സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ് ’...പ്രാദേശിക വാര്‍ത്തയില്‍ നിന്ന്. ‘ഇതുകൊണ്ട് പഴയ ബസ് സ്റ്റാൻഡില്‍ തിരക്കൊഴിഞ്ഞതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ് ’ എന്നെഴുതിയിരുന്നുവെങ്കില്‍ ‘കൊണ്ട് ’ രണ്ടിടത്ത് വരുന്നത് ഒഴിവാക്കാം. ഈ വാചകം ഒന്നു കൂടി ഭംഗിയാക്കാം, ‘തന്മൂലം പഴയ ബസ് സ്റ്റാൻഡ് തിരക്കൊഴിഞ്ഞതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ് ’ എന്നെഴുതിയിരുന്നുവെങ്കില്‍.
കൈകാര്യത്തിലെ അപകടം
‘സ്ത്രീകള്‍ക്കെതിരേ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മൂന്നംഗ വനിതാ സംഘം താമസ സ്ഥലത്തെത്തി കരി ഓയില്‍ ഒഴിച്ചും അടി കൊടുത്തും കൈകാര്യം ചെയ്തു‘. ഇതില്‍ ‘മൂന്നംഗ വനിതാ സംഘ’ത്തെയും ‘നേതൃത്വ’ത്തെയും കൊണ്ടു വരേണ്ടതുണ്ടായിരുന്നോ? ‘ഭാഗ്യലക്ഷ്മിയും രണ്ടു കൂട്ടുകാരികളും’ എന്നു നേരേ ചൊവ്വേ അങ്ങു പറഞ്ഞാല്‍ പോരായിരുന്നോ? ‘കരി ഓയില്‍ ഒഴിച്ചും അടി കൊടുത്തും കൈകാര്യം ചെയ്യുന്ന’തിനെക്കാള് ഭേദം ‘കരി ഓയില്‍ ഒഴിക്കുകയും അടിക്കുകയും ചെയ്യു’കയല്ലേ? അടിക്കുന്നതും കരി ഓയില്‍ ഒഴിക്കുന്നതും ‘കൈകാര്യ’ത്തില്‍ പെട്ടതു തന്നെ. അതിനാല്‍ അത് എടുത്തു പറയേണ്ടതില്ല.
‘ഈ കുടുംബത്തെ സംരക്ഷിക്കേണ്ടത് യു.പി. സര്‍ക്കാരിന്റെ കടമയാണ്. ഒരു ശബ്ദത്തിനും ഈ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ല’. ഒരു വാക്യത്തില്‍ രണ്ടു ‘ശബ്ദം’ വായനയുടെ സുഖം തകര്‍ത്തു. ‘ഒരു ശബ്ദത്തിനും ഈ കുടുംബത്തെ നിശബ്ദമാക്കാന്‍ കഴിയില്ല’ എന്നെഴുതിയാല്‍ ഒഴുക്കു കൂടും.
‘എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കുന്നതിന് 44 ലക്ഷം രൂപ അനുവദിക്കുന്ന’തിനെക്കാള് ഭംഗി ‘എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ‘സ്മാര്‍ട്ട് ’ ആക്കുന്നതിന് പണം അനുവദിക്കുന്ന’തല്ലേ?
അപകട വാര്‍ത്ത: ‘സ്വകാര്യ ബസ് മുന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ച് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു’. ബസ് വയലിലേക്കു മറിയുന്നത് അപകടം തന്നെയല്ലേ? ‘സ്വകാര്യ ബസ് മുന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ച് വയലിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു’ എന്നു എഴുതിയാല്‍ ‘മറിഞ്ഞുണ്ടായ അപകട’ത്തില്‍ നിന്ന് വായനക്കാരനെ രക്ഷിക്കാം. മറ്റൊരു ‘അപകടം’ കൂടി ഈ വാര്‍ത്തയില്‍ ഒളിഞ്ഞിരിപ്പുണ്ട്. മുന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ചു എന്നാണ് ലേഖകന്‍ പറയുന്നത്. മുന്‍ വശത്തെ രണ്ടു ചക്രങ്ങളും ഒരേ സമയം ഊരിത്തെറിക്കുമോ? അങ്ങനെ സംഭവിച്ചാല്‍ അത് ഭയാനകമായ സംഭവമാണ്. പക്ഷേ വാര്‍ത്തയില്‍ അതൊന്നും പരാമര്‍ശിക്കുന്നേ ഇല്ല. അതിനാല്‍ ‘സ്വകാര്യ ബസ് മുന്‍ചക്രം ഊരിത്തെറിച്ചാല്’ മതി.
ആരാന്റെ ഭാര്യയും മകനും
‘ഭാര്യയെ കോടതി വരാന്തയില്‍ വച്ച് ഭര്‍ത്താവ് വെട്ടിക്കൊന്നു’ തലക്കെട്ട്. ഭാര്യയെ ഭര്‍ത്താവല്ലാതെ മറ്റാരെങ്കിലും വെട്ടിക്കൊല്ലുമോ? കൊല്ലാം. പക്ഷേ തലക്കെട്ടിന്റെ രൂപം അപ്പോള്‍ മാറും. ഇവിടെ 'ഭാര്യയെ കോടതി വരാന്തയില്‍ വെട്ടിക്കൊന്നു' എന്നത് പൂര്‍ണമായ തലക്കെട്ടാണ്. ഭര്‍ത്താവാണ് വെട്ടിക്കൊന്നതെന്ന് ഇതില്‍ അന്തര്‍ലീനമാണ്. കോടതി വരാന്തയില്‍ ‘വച്ച് ’ എന്ന് എഴുതേണ്ടതുമില്ല. വാര്‍ത്തയില്‍ ‘വച്ച് ’ നിവൃത്തി ഇല്ലാത്തിടത്തു മാത്രം ഉപയോഗിക്കുക.
‘ഭാര്യ വെട്ടേറ്റു മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍’ എന്ന തലക്കെട്ടും അപാകം നിറഞ്ഞതാണ്. ഭാര്യക്കു പകരം യുവതിയോ മധ്യവയസ്കയോ വീട്ടമ്മയോ അധ്യാപികയോ ഇവരില്‍ ആര്‍ക്കെങ്കിലും വെട്ടേൽക്കുന്നതായിരുന്നു ഭംഗി. ‘ഭാര്യ’ തന്നെ വെട്ടേറ്റു മരിക്കുകയാണെങ്കില്‍ അറസ്റ്റിലാവുന്നത് യുവാവോ വൃദ്ധനോ വയോധികനോ വക്കീലോ മറ്റോ ആവുന്നതാണ് ഉചിതം. ഉദാ: ‘ഭാര്യ വെട്ടേറ്റു മരിച്ചു, ഗൃഹനാഥന് അറസ്റ്റില്‍.’
‘തന്റെ മകനോട് തമ്പുരാനുണ്ടായ വികാരം നീരസം, വെറുപ്പ്, അവഗണന, നിരാകരണം, മര്‍ദനം എന്നിവയൊക്കെ കൂടിച്ചേര്‍ന്നതാണ് ’ ഇതില്‍ മര്‍ദനം ഒരു വികാരമല്ലെന്നറിയുക. പകരം പീഡനമനോഭാവം എന്നാവാം. തമ്പുരാന്റെ മകന് തന്നെയായതിനാല്‍ ‘തന്റെ’ എന്നതിനെന്തു പ്രസക്തി? ‘മകനോട് തമ്പുരാനുണ്ടായ വികാരം...’ എന്നാരംഭിച്ചാല് മതി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."