'പറയേണ്ടതെല്ലാം മുഖ്യമന്ത്രി പറഞ്ഞു; വഴിയേ പോകുന്നവരോട് വിശദീകരിക്കേണ്ട ആവശ്യം ലീഗിനില്ല': പി.എം.എ സലാം
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഏ.ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതികരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിനുള്ള മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു.
വഴിയേ പോകുന്നവരോട് മറുപടി പറയേണ്ട ആവശ്യം ലീഗിനില്ല. എ.ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
'മുഖ്യമന്ത്രി ഞങ്ങളൊക്കെ പറയുന്നതിനപ്പുറം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ട്രാന്‍പോര്‍ട്ട് ബസിന് കല്ലെറിയുന്ന പോലെ വെറുതെ എറിഞ്ഞു പോകുന്നവരുണ്ട്. ജലീല്‍ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. മുസ്ലിം ലീഗൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ രാഷ്ട്രീയ പാര്‍ട്ടിയെ ഉത്തരവാദിത്തപ്പെട്ട സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ എതിര്‍ക്കുമ്പോഴല്ലേ ഞങ്ങള്‍ മറുപടി പറയേണ്ടതുള്ളൂ. ഒരു വ്യക്തി വന്ന് വഴിയെ പോകുന്നവരെയൊക്കെ ചീത്ത പറഞ്ഞാല്‍ നമ്മള്‍ അയാളെ എന്താണ് വിളിക്കുക? സ്വാഭാവികമായിട്ടും അങ്ങനെ കണ്ടാല്‍ മതി,'' പി.എം.എ സലാം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കെ.ടി ജലീലിനെ കൈവിട്ട് സഹകരണ മന്ത്രി വി.എന്‍ വാസവനും രംഗത്ത് എത്തി. സഹകരണബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
അതേസമയം ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു ജലീലിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."