കോളജുകള്‍ തുറക്കുമ്പോള്‍
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഒക്ടോബറില്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബര്‍ നാലു മുതല്‍ ടെക്‌നിക്കല്‍, പോളിടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര കോളജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണെമെന്നാണ് നിര്‍ദേശം. ഇവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബയോബബിള്‍ മാതൃകയില്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇടകലര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ കൊവിഡ് ബാധിക്കാതിരിക്കാനുള്ള സുരക്ഷാമാര്‍ഗമാണ് ബയോ ബബിള്‍. ഹോസ്റ്റലുകള്‍, പരിശീലനസ്ഥലങ്ങള്‍ എന്നിങ്ങനെയുള്ള ഇടങ്ങളിലെ കൊവിഡ് പ്രതിരോധമാണ് ബയോബബിള്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ക്ലാസുകളിലല്ലാതെ വിദ്യാര്‍ഥികള്‍ക്ക് പരസ്പരം ഇടപഴകാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതൊക്കെ എത്രമാത്രം പ്രായോഗികമാകും എന്നാണറിയേണ്ടത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനവും സ്ഥിരീകരണ(ടി.പി.ആര്‍)നിരക്കും കുറഞ്ഞതിനാലാണ് കോളജുകള്‍ തുറക്കാന്‍ സര്‍ക്കാരിനു പ്രേരണയായത്. കൊവിഡ് വ്യാപനം കുറഞ്ഞുവെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിനാലാണ് രാത്രികാല കര്‍ഫ്യൂ, ഞായര്‍ ലോക്ക്ഡൗണ്‍ എന്നിവ പിന്‍വലിച്ചത്.
ഓണ്‍ലൈന്‍ പഠനം ഫലവത്താകുന്നില്ലെന്ന് ഇതിനകം തന്നെ സര്‍ക്കാരിന് ബോധ്യപ്പെട്ടതാണ്. പ്ലസ്‌വണ്‍ പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത് കഴിഞ്ഞദിവസമാണ്. ഓണ്‍ലൈന്‍ വഴിയുള്ള പ്ലസ്‌വണ്‍ ക്ലാസുകള്‍ തങ്ങള്‍ക്ക് ശരിയാംവണ്ണം ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹരജിയില്‍ വിദ്യാര്‍ഥികള്‍ക്കനുകൂലമായി പ്ലസ്‌വണ്‍ പരീക്ഷ സുപ്രിംകോടതി റദ്ദ് ചെയ്താല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠനങ്ങളെ അതു പ്രതികൂലമായി ബാധിക്കും.
ഇതോടൊപ്പം കോളജുകളും സ്‌കൂളുകളും തുറന്നുപ്രവര്‍ത്തിക്കാനായോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. നിയന്ത്രണങ്ങളോടെ എത്രകാലം കോളജുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. പഠനസമയത്തല്ലാതെ കുട്ടികള്‍ തമ്മില്‍ ഇടപഴകരുതെന്ന നിബന്ധന എത്രമാത്രം പ്രായോഗികമാകും. പ്രായേണ നിബന്ധനകളും നിയന്ത്രണങ്ങളും ഇല്ലാതാകുമെന്നാണ് കരുതേണ്ടത്. കോളജില്‍ എത്തിക്കഴിഞ്ഞതിനു ശേഷമുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോളജുകളിലേക്ക് അധികം വിദ്യാര്‍ഥികളും എത്തുന്നത് പൊതുവാഹനങ്ങള്‍ വഴിയാണ്. അല്ലാതെയും പൊതുസ്ഥലങ്ങളില്‍ ഇടപെടാനുള്ള സാധ്യത ഏറെയാണ്. ഇത് വീണ്ടും കൊവിഡ് വ്യാപനത്തിനു കാരണമാകില്ലേ. മഹാമാരി മൂലമുള്ള നിയന്ത്രണങ്ങളാല്‍ ഏറ്റവും അവതാളത്തിലായത് വിദ്യാഭ്യാസരംഗമാണ് എന്നത് നിസ്തര്‍ക്കമാണ്. ക്ലാസ് മുറികളും കൂട്ടുകാരും അധ്യാപകരും കളിസ്ഥലങ്ങളും എല്ലാം വിദ്യാര്‍ഥികള്‍ക്ക് അന്യമായി. ഈ പ്രതിസന്ധി മറികടക്കാനാണ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത്. ഈ രീതിയിലുള്ള പഠനത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടെന്ന് പിന്നീട് മനസിലാവുകയും ചെയ്തു. നേരത്തെ ഓണ്‍ലൈന്‍ പഠനത്തെ പ്രകീര്‍ത്തിച്ചിരുന്നവരൊക്കെയും പിന്നീട് മിണ്ടാതായി. ഔപചാരിക രീതികള്‍ അവലംബിച്ചുള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് തടസപ്പെട്ടതിനാലാണ് നമുക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്തെ ആശ്രയിക്കേണ്ടിവന്നത്. ഇതുപക്ഷേ, പരോക്ഷമായി കോര്‍പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിനു ബദലായി ഓണ്‍ലൈന്‍ അധ്യയനത്തെ അധ്യാപകരും വിദ്യാര്‍ഥികളും കാണുന്നില്ല എന്നതാണ് വസ്തുത. വിദ്യാര്‍ഥികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള സ്‌കൂള്‍, കോളജ് പഠനം ധൈഷണികതയെ കൂടുതല്‍ ദൃഢപ്പെടുത്തും. ലാബും ലൈബ്രറിയും ഓണ്‍ലൈനിന്റെ അപര്യാപ്തതയാണ്. ഇതൊക്കെ യാഥാര്‍ഥ്യമാണെങ്കിലും കോളജ് പഠനത്തിന് സമയമായോ എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങള്‍ ഈ മാസം ഒന്നു മുതല്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒമ്പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിച്ച് മുഴുവന്‍ കോളജുകളും തുറക്കാനായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
തമിഴ്‌നാട് സര്‍ക്കാര്‍ മാതൃകയിലാണ് സംസ്ഥാനത്തെ കോളജുകള്‍ പ്രവര്‍ത്തിക്കുക എന്ന് പറയാന്‍ പറ്റാത്ത ഒരവസ്ഥ നിലവിലുണ്ട്. തമിഴ്‌നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയാറായിട്ടില്ല. ഓരോ കോളജിലേയും വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ജനുവരിയില്‍ കോളജുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഉണ്ടാകുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരാശയം ഉയര്‍ന്നത്. സര്‍ക്കാര്‍ പറയുന്നത് പോലെ ഒക്ടോബറില്‍ കോളജുകള്‍ തുറക്കുകയാണെങ്കില്‍ 50 ശതമാനം കുട്ടികളെ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവേശിപ്പിച്ച് ക്ലാസുകള്‍ ആരംഭിക്കാവുന്നതാണ്. ക്ലാസ് മുറികളിലെ പഠനത്തിനു പകരമാവില്ല ഓണ്‍ലൈന്‍ പഠനം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ സര്‍ക്കാര്‍ അടുത്ത മാസം കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. വിമര്‍ശനാത്മകമായ പഠനത്തിന് കോളജ് പഠനം തന്നെയാണ് അഭികാമ്യം. കൊവിഡ് പ്രൊട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട്, കൊവിഡിനെ പ്രതിരോധിച്ചും കൊവിഡിനൊപ്പം ജീവിച്ചും കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കലാലയ ജീവിതം വീണ്ടെടുക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞാല്‍ മൃതപ്രായത്തില്‍ കഴിയുന്ന നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്നു അത് നവോന്മേഷം പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."