നിപ ഭീതിയകലുന്നു; ഇതുവരെ പുറത്തു വന്ന 61 ഫലവും നെഗറ്റിവ്
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയകലുന്നു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാ ഫലം നെഗറ്റിവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റിവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ ഇതുവരെ പുറത്തുവന്ന 61 ഫലവും നെഗറ്റിവ് ആയിരിക്കുകയാണ്.
സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. പുറത്ത് വന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റിവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. റൂട്ടുമാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയിരുന്നു. അങ്ങിനെ ഒരു സംഭവം പരിസരത്ത് കണ്ടെത്താനായിട്ടില്ല.
നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്കയച്ചേക്കും. ആടിന്റെയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്റെ 23 രക്തസാമ്പിളുകളും വവ്വാലിന്റെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുള്ളത്. രണ്ട് സെറ്റ് റമ്പൂട്ടാന്‍ പഴങ്ങളുമുണ്ട്.
ഇന്നലെ സാമ്പിളുകള്‍ അയക്കാനായിരുന്നു തീരുമാനമെങ്കിലും സാധിച്ചില്ല. ഇന്ന് വിമാനമാര്‍ഗം കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്.
കാട്ടുപന്നികളെ തല്‍ക്കാലം വെടിവെച്ച് പിടിക്കേണ്ടെന്നാണ് തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികള്‍ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വനം വകുപ്പ്. അങ്ങനെ കണ്ടെത്തിയാല്‍ മാത്രം പന്നികളെ പിടികൂടി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."