നിസാമുദ്ദീന്‍ മര്‍കസ് ആസ്ഥാനത്തിന്റെ താക്കോല്‍ തിരിച്ചുനല്‍കാന്‍ ഉത്തരവ്; ഉടമസ്ഥാവകാശ തര്‍ക്കമുന്നയിക്കാന്‍ പൊലിസിന് എന്തധികാരമെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്തിന്റെ താക്കോല്‍ പള്ളിയിലെ മുഖ്യ പുരോഹിതനും തബ്‌ലീഗ് ജമാഅത്ത് മേധാവിയുമായ മൗലാനാ സഅദിന് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് പരത്തിയെന്നാരോപിച്ച് 2020 മാര്‍ച്ചില്‍ പൊലിസ് പൂട്ടിയ കെട്ടിടമാണിത്. പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഡല്‍ഹി പൊലിസ് ഉന്നയിച്ച ആരോപണങ്ങള്‍ കോടതി പരിശോധിക്കുന്നില്ലെന്നും അത് ഈ കേസിലെ വിഷയമല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.
കെട്ടിടത്തിന്റെ ഉടമസ്ഥതയില്‍ തര്‍ക്കമുണ്ടെന്നും യഥാര്‍ഥ ഉടമക്ക് മാത്രമേ താക്കോല്‍ അവകാശപ്പെടാനാവൂയെന്നുമായിരുന്നു പൊലിസ് വാദം. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാന്‍ പൊലിസിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. ആരാണ് യഥാര്‍ഥ ഉടമയെന്ന് തീരുമാനിക്കുന്നത്, നിങ്ങളാണോ?. ആരുടെ കയ്യില്‍ നിന്നാണോ താക്കോല്‍ വാങ്ങിയത്, അയാള്‍ക്ക് തന്നെ അത് തിരിച്ചുകൊടുക്കണം.
പകര്‍ച്ചവ്യാധി നിയമപ്രകാരമാണല്ലോ നിങ്ങള്‍ കെട്ടിടം പൂട്ടിയിട്ടത്. ആ കേസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. താക്കോല്‍ കൈമാറുന്നതിന് പൊലിസിന് വ്യവസ്ഥ വയ്ക്കാം. എന്നാല്‍ ഉടമസ്ഥാവകാശം ചോദ്യംചെയ്യാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. മൗലാനാ സഅദ് ഒളിവിലാണെന്നും അതിനാല്‍ അദ്ദേഹത്തിന് താക്കോല്‍ കൈമാറാന്‍ കഴിയില്ലെന്നും പൊലിസ് തുടര്‍ന്ന് വാദിച്ചു. എന്നാല്‍ അദ്ദേഹം ഒളിവിലല്ലെന്ന് മാത്രമല്ല, പൊലിസിന് മുന്നില്‍ ഹാജരായിട്ടുണ്ടെന്നും മര്‍ക്കസിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
നഷ്ടപരിഹാര ബോണ്ട് വാങ്ങി താക്കോല്‍ നല്‍കാമെന്ന പൊലിസിന്റെ നിലപാടും കോടതി തള്ളി. ഒരു രേഖയും വാങ്ങാതെയാണ് താക്കോല്‍ കൈമാറേണ്ടതെന്ന് കോടതി പറഞ്ഞു. ഒന്നാം കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് പൂട്ടിയ കെട്ടിടം ഇപ്പോഴും പൂര്‍ണമായി തുറക്കാന്‍ അനുവദിക്കാത്തതിനെതിരേ മര്‍ക്കസ് അധികൃതരും ഡല്‍ഹി വഖഫ് ബോര്‍ഡുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ കെട്ടിടത്തിന്റെ പേരില്‍ ഉടമസ്ഥാവകാശ തര്‍ക്കമുണ്ടെന്നും കെട്ടിടത്തിന്റെ ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ, കെട്ടിടത്തിന്റെ പ്ലാന്‍, കെട്ടിടം നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ പകര്‍പ്പ് തുടങ്ങിയവയും സമര്‍പ്പിക്കാന്‍ മര്‍ക്കസ് അധികൃതരോട് ആവശ്യപ്പെടണമെന്നുമാവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ റമളാന്‍ കാലത്ത് മാത്രം കെട്ടിടത്തിലെ പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി നല്‍കിയിരുന്നു. മെയില്‍ മറ്റു സമയങ്ങളിലും നിസ്‌കാരത്തിന് അനുമതിയായി. എന്നാല്‍, കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."