'രാജ്യതാല്‍പര്യത്തിന് എതിരായ പരാമര്‍ശങ്ങള്‍ വേണ്ട'
കാസര്‍കോട്: ക്ലാസുകളിലും പ്രസ്താവനകളിലും അധ്യാപകര്‍ക്ക് നിയന്ത്രണവുമായി കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല. അധ്യാപകരോ ജീവനക്കാരോ പ്രകോപനപരമായ ദേശവിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരായതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കി. വൈസ് ചാന്‍സലറുടെ അനുമതിയോടെയുള്ള സര്‍ക്കുലര്‍ ഓഗസ്റ്റ് 30നാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഓണ്‍ലൈന്‍ ക്ലാസിനിടെ കേന്ദ്ര സര്‍ക്കാരിനെയും സംഘ്പരിവാര്‍ സംഘടനകളെയും വിമര്‍ശിച്ച അസി. പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ എ.ബി.വി.പി അടക്കമുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അധ്യാപകരെയാകെ വരുതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍വകലാശാല നടത്തുന്നതെന്ന് ആരോപണമുയര്‍ന്നു. സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് പുതിയ സര്‍ക്കുലര്‍. അതേസമയം, അനധികൃതമായി തിരുകിക്കയറ്റിയ സംഘ്പരിവാര്‍ അനുഭാവികളാണ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ നിയന്ത്രിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരെ കൂടി നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേരള കേന്ദ്ര സര്‍വകലാശാല എന്‍.എസ്.യു.ഐ യൂനിറ്റ് കുറ്റപ്പെടുത്തി. ദേശവിരുദ്ധം എന്ന് പറയുന്നത് സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള തന്ത്രമാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും എന്‍.എസ്.യു.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."