ജാതി സെൻസസ് വൈകിപ്പിക്കുന്നത് ആർക്കുവേണ്ടി?
അഡ്വ. വി.കെ ബീരാൻ
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് 2011ലാണ് ഇന്ത്യയിൽ അവസാനം ജാതി സെൻസസ് നടത്തിയത്. എന്നാൽ അതിന്റെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓരോ പത്ത് വർഷം കൂടുമ്പോഴും രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക സർവേ നടത്തി 77.5% വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ തിട്ടപ്പെടുത്തണമെന്നാണ് സുപ്രിംകോടതി മണ്ഡൽ കേസിൽ 1992ലെ വിധിന്യായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കൽപിച്ചിരിക്കുന്നത്. എന്നാൽ ഇൗ ഉത്തരവ് ജലരേഖയായി കിടക്കുകയാണ്. ജാതി സെൻസസ് നടത്തി സാമൂഹ്യ-സാമ്പത്തിക സർവേ നടത്താത്തതുകൊണ്ട് പിന്നോക്ക വിഭാഗങ്ങൾ കൂടുതൽ പിന്നോക്കമായിക്കൊണ്ടിരിക്കുകയാണ്.
ഒരു നൂറ്റാണ്ടായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും സർക്കാരുദ്യോഗത്തിൽ പിന്നോക്ക സംവരണം ആരംഭിച്ചിട്ട്. എന്നാൽ സംവരണ നടത്തിപ്പിലെ പാകപ്പിഴമൂലം പലയിടത്തും യഥാർഥ പിന്നോക്കക്കാർ കൂടുതൽ പിന്നോക്കമാകുകയും പിന്നോക്കത്തിലെ മുന്നോക്കക്കാർ വൻ പുരോഗതി നേടുകയും അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ സർക്കാർ ഉദ്യോഗങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 1991ൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മണ്ഡൽ കേസ് വാദം കേട്ടുതുടങ്ങിയപ്പോൾ പ്രഗത്ഭ ന്യായാധിപൻമാരുടെ ശ്രദ്ധയിൽ മേൽപ്പറഞ്ഞ വസ്തുതവരികയും അതിനു പരിഹാരം കാണുന്നതിനു പരമോന്നത കോടതി ഒരു സംവിധാനം മണ്ഡൽ കേസ് വിധിന്യായത്തിൽ നിർദേശിച്ചു.
ഇ.എം.എസിന്റെ ഭാഷയിൽ 'കൽപാന്ത കാലത്തോളം സംവരണം തുടരാൻ കഴിയില്ലെന്ന അഭിപ്രായവും' സി.എച്ച് മുഹമ്മദ് കോയയുടെ വാക്കുകളിൽ 'സംവരണമെന്ന കുപ്പിപ്പാൽ കഴുത്തിൽ കെട്ടി എന്നെന്നും കഴിഞ്ഞുകൂടാമെന്ന് പിന്നോക്കക്കാർ മോഹിക്കരുത്' എന്ന ഉപദേശവും ഇത്തരത്തിൽ സ്മരണീയമാണ്. ഇതിനർഥം സംവരണം എല്ലാകാലത്തേക്കും നിലനിർത്താൻ കഴിയില്ലന്നും കാലക്രമേണ പിന്നോക്കക്കാർ വേണ്ടത്ര പ്രാതിനിധ്യം നേടിക്കഴിഞ്ഞാൽ പടിപടിയായി സംവരണം അവസാനിപ്പിക്കണമെന്നുമാണ്. 1992ലെ മണ്ഡൽ കേസിലെ വിധിന്യായത്തിൽ പിന്നോക്കക്കാരിൽ പിന്നോക്കമായി നിൽക്കുന്ന ചില പിന്നോക്ക വിഭാഗക്കാരായ സംവരണ സമുദായങ്ങളുടെ സ്ഥിതി സുപ്രിംകോടതിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ നിർദേശങ്ങൾ നൽകി. അതിൽ സുപ്രധാനമായത്, ഓരോ 10 വർഷം കൂടുമ്പോഴും സംവരണം പുനഃപരിശോധിച്ചു മതിയായ പ്രാതിനിധ്യം കിട്ടിയ വിഭാഗങ്ങളെ ഒഴിവാക്കണമെന്നും വളരെ താഴെ കിടക്കുന്നവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകി സംവരണ ലിസ്റ്റ് പുനർനിർണയിക്കണമെന്നുമായിരുന്നു. അതായത് മതിയായ പ്രാതിനിധ്യം കിട്ടിയ വിഭാഗങ്ങൾക്ക് ഭരണഘടനയുടെ 16 (4) വകുപ്പനുസരിച്ച് സംവരണത്തിന് അർഹതയില്ലെന്നും അവരെ സംവരണ ലിസ്റ്റിൽ നിലനിർത്തുന്നത് ഭരണഘടനാവിരുദ്ധവുമാണെന്ന് സാരം.
ഇക്കാര്യങ്ങൾ നടപ്പാക്കാൻ വേണ്ടി സ്ഥിരം സംവിധാനം കേന്ദ്ര-സംസ്ഥാനതലത്തിൽ ഉണ്ടാക്കണമെന്നും അതിനായി നിയമനിർമാണം നടത്തണമെന്നും കോടതി വിധിച്ചു. ഇൗ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരുൾപ്പെട്ട പിന്നോക്ക സമുദായ കമ്മിഷനുകൾ കേന്ദ്ര, സംസ്ഥാന തലത്തിൽ രൂപീകരിക്കണമെന്നും സംവരണ പുനഃപരിശോധനയിൽ കമ്മിഷന്റെ അഭിപ്രായം തേടണമെന്നും നിർദേശിച്ചു. സുപ്രിംകോടതി ഉത്തരവനുസരിച്ച് 1993 മാർച്ചിൽ പ്രാബല്യത്തിൽ വന്ന കേരള സ്റ്റേറ്റ് ബാക്ക്‌വേഡ് ക്ലാസസ് കമ്മിഷൻ ആക്ട് 1993ലെ 11ാം വകുപ്പനുസരിച്ച് ഓരോ 10 വർഷം കൂടുമ്പോൾ സംവരണ ലിസ്റ്റ് നിർബന്ധമായും സംസ്ഥാന സർക്കാർ പുനഃപരിശോധിച്ച് പുനർനിർണയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മുസ്‌ലിം സമുദായം കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കൈവരിച്ചത്. എന്നിട്ടും എന്തുകൊണ്ട് സംസ്ഥാന സർക്കാർ ഉദ്യോഗത്തിൽ പട്ടികജാതി, പട്ടികവർഗത്തെക്കാൾ പിന്നിലായി? ലേഖനത്തോടൊപ്പം കൊടുത്ത പട്ടികയിൽ പറയുന്നതുപോലെ 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന്റെ സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം വെറും 11.4 ശതമാനമാണ്. എന്നാൽ 22.2 ശതമാനം ജനസംഖ്യയുള്ള ഈഴവർക്ക് ഉദ്യോഗത്തിൽ 22.7 ശതമാനം പ്രാതിനിധ്യമുണ്ട്. ഇതനുസരിച്ചാണെങ്കിൽ 27 ശതമാനമെങ്കിലും ഉദ്യോഗ പ്രാതിനിധ്യം മുസ്‌ലിംകൾക്കു ലഭിക്കണം. ഇതിനായി സംവരണം പുനരവലോകനം ചെയ്ത് റോസ്റ്ററിൽ രണ്ടാമത്തെ പോസ്റ്റും മുസ്‌ലിം സംവരണവിഹിതം 12 ശതമാനത്തിനു പകരം 18 ശതമാനവും ആക്കണം. അല്ലെങ്കിൽ ഈ വിഭാഗം എന്നെന്നേക്കുമായി പിന്തള്ളപ്പെടും. ഗൾഫ് ജോലിയും ഫാക്ടറി ജോലിയും പട്ടിണി മാറ്റാനാണെങ്കിൽ സർക്കാർ ജോലി അധികാരത്തിലെ പങ്കാളിത്തമാണ്, പൗരന്റെ മൗലികാവകാശമാണ്. ഇതു ലഭിക്കാത്ത വിഭാഗങ്ങളെല്ലാം പാർശ്വവൽക്കരിക്കപ്പെടും.
മുസ്‌ലിം പിന്നോക്ക വിഭാഗത്തിന് ഇപ്പോഴത്തെ സംവരണരീതികൊണ്ട് യാതൊരു നേട്ടവും ഇല്ലെന്നു മാത്രമല്ല, സംസ്ഥാനത്ത് സംവരണം ഇല്ലായിരുന്നുവെങ്കിൽഅവരുടെ സ്ഥിതി ഇതിനേക്കാൾ മെച്ചപ്പെടുമായിരുന്നു. ഉദാഹരണത്തിന്, ഒരു തസ്തികയിൽ അഞ്ചു ഒഴിവുകളുണ്ടെങ്കിൽ ഇപ്പോഴത്തെ നിയമമനുസരിച്ചു ഒന്നാമത്തെ നിയമനം ഒന്നാം റാങ്കുകാരനും രണ്ടാമത്തേത് ഈഴവർക്കും മൂന്നാമത്തെ നിയമനം രണ്ടാം റാങ്കുകാരനും ലഭിക്കും. നാലാമത്തേത് പട്ടികജാതിക്കാരനും അഞ്ചാമത്തെ നിയമനം ലിസ്റ്റിലെ മൂന്നാം റാങ്കുകാരനുമാണ്. അങ്ങനെ ഒരു തസ്തികയിൽ അഞ്ചു ഒഴിവുകളുണ്ടായാൽ പോലും മെറിറ്റിൽ നാലാം റാങ്കുള്ള മുസ്‌ലിം ഉദ്യോഗാർഥിക്ക് ഉദ്യോഗം ലഭിക്കുകയില്ല. അതിനാൽ ഈ നിയമം മാറ്റിയേ തീരൂ.
സർക്കാർ ഉദ്യോഗങ്ങളിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്രസാഹിത്യപരിഷത്തിന്റെ നിഗമനം ചുവടെ ചേർക്കുന്നു.
'ഈഴവരുടെ പ്രാതിനിധ്യം ഏതാണ്ട് സമതുലിതമാണ്. മറ്റു പിന്നോക്ക വിഭാഗങ്ങളുടേത് ഏറെ പിന്നിലാണ്. മുസ്‌ലിംകളുടെ അവസ്ഥ ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ പട്ടികവർഗക്കാരുടേതിനേക്കാൾ പിന്നോക്കമാണ്. സർക്കാർ ഉദ്യോഗം എന്നത് സാമൂഹ്യ-സാമ്പത്തിക അവസ്ഥ നിർണയിക്കുന്നതിൽ സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തിൽ ഈ അസന്തുലിതാവസ്ഥ അടിയന്തിരശ്രദ്ധ അർഹിക്കുന്നു'.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2017 ഓഗസ്റ്റിലെ ഏഴാം പതിപ്പ് 'കേരള പഠനം, കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?' എന്ന പുസ്തകത്തിൽ സർക്കാർ ഉദ്യോഗത്തിൽ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളാണ് ഇൗ ലേഖനത്തോടൊപ്പമുള്ളത്.
2000ൽ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ 7383 പോസ്റ്റുകൾ മുസ്‌ലിം സമുദായത്തിന് സംവരണപ്രകാരം അവകാശപ്പെട്ടതിൽ കുറവാണ് കിട്ടിയതെന്ന് കണ്ടെത്തി. അപൂർവം ചില മെറിറ്റിൽ വരുന്ന ഉദ്യോഗങ്ങൾ ഉൾപ്പെടെയാണ് ഈ കണക്ക്. അതായത്, മെറിറ്റിലും സംവരണത്തിലുംകൂടി ലഭിച്ചത് കഴിച്ചാണ് 7383 പോസ്റ്റിന്റെ കുറവെന്ന് ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മെറിറ്റിൽ കിട്ടിയത് ഒഴിവാക്കുമ്പോൾ ഈ ബാക്ക്‌ലോഗ് അതിനെക്കാൾ കൂടും. ഇൗ റിപ്പോർട്ടിൽ മുസ്‌ലിം സമുദായത്തിന്റെ പരിതാപ അവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈഴവർക്ക് ജനസംഖ്യാനുപാതികമായി സംവരണം കിട്ടിക്കഴിഞ്ഞെന്നും പറയുന്നുണ്ട്.
മേൽവിവരിച്ച അനീതിക്കെതിരേ ഭരണരംഗത്ത് പ്രത്യേകിച്ച്, പിന്നോക്കത്തിൽ പിന്നോക്കമായ ഈ വിഭാഗങ്ങൾക്ക് യാതൊരു സ്വാധീനവും ചെലുത്താൻ കഴിയാത്ത അവസ്ഥയിൽ കോടതി മാത്രമേ ആശ്രയമുള്ളു എന്ന് മനസ്സിലായതിനാൽ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ്ങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് ഭരണഘടനയുടെ അനുഛേദം 32 പ്രകാരം 2019 ജൂൺ മാസത്തിൽ സുപ്രിംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. അത് ജൂലൈ ഒന്നാം തിയതി സുപ്രിംകോടതി മുമ്പാകെ പരിഗണനയ്ക്ക് വന്നു. സമഗ്രമായ വാദം കേട്ട കോടതി കേരളത്തിലെ പ്രശ്‌നം മാത്രം ഉന്നയിച്ചിട്ടുള്ളതിനാൽ കേരള ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്യാൻ നിർദേശിച്ചു. അതനുസരിച്ച് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹരജി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വിശദ വാദം കേട്ട് അന്നേ ദിവസംതന്നെ ഇടക്കാല ഉത്തരവിലൂടെ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെ അപലപിച്ചുകൊണ്ട് അഞ്ചു പേജുള്ള ഉത്തരവ് പാസാക്കുകയും ചെയ്തു. പിന്നീട് കേസിൽ വിശദമായി വാദം കേട്ട് ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് 2020 സെപ്റ്റംബർ എട്ടിന് ട്രസ്റ്റിന്റെ വാദങ്ങളെല്ലാം ശരിവച്ചു. ആറു മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ഒരു കൊല്ലം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ ഹരജിക്കാരൻ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുകയും 2021 ഒാഗസ്റ്റ് മൂന്നാം തിയതി മുതൽ ആറു മാസത്തിനുള്ളിൽ സർക്കാരുകൾ എല്ലാ നടപടികളും പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മേൽപ്പറഞ്ഞ കോടതി ഉത്തരവിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും സർക്കാരുകൾ കൈക്കൊണ്ടിട്ടില്ല.
അതിനിടെ 2020 സെപ്റ്റംബർ എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹരജികൾ 2021 ജൂൺ 28ന് ജസ്റ്റിസ് റോഹിൻ്റൻ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശദവാദം കേൾക്കുകയും ഹരജി ഫയലിൽ സ്വീകരിക്കാതെ തള്ളുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി വിധി നടപ്പാക്കാൻ ഒരു വർഷംകൂടി സമയം അനുവദിക്കുകയും ചെയ്തു. സുപ്രിംകോടതി നൽകിയ സമയം 2022 ജൂൺ 28ന് അവസാനിച്ചിട്ടും ഇതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അവസാനശ്രമമെന്ന നിലക്ക് മൈനോറിട്ടി ഇന്ത്യൻസ് പ്ലാനിങ്ങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് സുപ്രിംകോടതിയിൽ 2022 ഒാഗസ്റ്റ് 18ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തിരിക്കയാണ്. കഴിഞ്ഞ തിങ്കളാഴ്ച ജസ്റ്റിസ് കെ.എം. ജോസഫിന്റെയും ജസ്റ്റിസ് ഋഷികേശ് റോയിയുടെയും ബെഞ്ചിൽ വാദത്തിനു വന്നുവെങ്കിലും കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരിക്കെ ഈ കേസ് വാദം കേട്ട് കക്ഷികൾക്കനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാൽ അദ്ദേഹം ബെഞ്ചിൽ നിന്ന് പിന്മാറുകയും മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരിക്കയാണ്.
ആർക്കുവേണ്ടിയാണ് ജാതി സെൻസസ് നടത്താതിരിക്കുന്നതെന്ന് സർക്കാരുകൾ വ്യക്തമാക്കേണ്ടിയിരിക്കുന്നു. പിന്നോക്കക്കാരെ സർക്കാർ ഉദ്യോഗ പ്രാതിനിധ്യമില്ലായ്മയിൽ നിർത്തി മുന്നോക്കക്കാർ അനർഹ ആനുകൂല്യം അനുഭവിക്കാൻ അവസരം ഒരുക്കുകയാണ് ഇത്തരം നടപടിയിലൂടെ. പിന്നോക്ക വിഭാഗങ്ങൾ ഇതിനെതിരേ ശക്തമായി രംഗത്തെത്തേണ്ടതുണ്ട്.
(മുൻ അഡിഷനൽ അഡ്വക്കറ്റ് ജനറലാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."