കോണ്‍ഗ്രസിന് പുതിയ മാര്‍ഗരേഖ; സ്റ്റേജില്‍ ചാടിക്കയറേണ്ട
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ മാര്‍ഗരേഖയുമായി നേതൃത്വം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനായി പത്തു നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. ചുമതലാബോധമുള്ള സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ പുനഃക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍, ജാഥകള്‍, സമരങ്ങള്‍ എന്നിവയിലും നേതാക്കളുടെ പത്രസമ്മേളനങ്ങളിലും പിന്നില്‍നിന്ന് തിക്കും തിരക്കുമുണ്ടാക്കുന്നതും നിയന്ത്രിക്കാന്‍ കൃത്യമായ പെരുമാറ്റച്ചട്ടവും നിലവില്‍ വരും. പാര്‍ട്ടി പരിപാടികളില്‍ സ്റ്റേജില്‍ കയറുന്ന നേതാക്കള്‍ ആരൊക്കെയെന്ന് നേരത്തെ തന്നെ തീരുമാനിക്കും. നേതാക്കളും പ്രവര്‍ത്തകരും സ്റ്റേജില്‍ ചാടിക്കയറി തിരക്കുണ്ടാക്കുന്നത് ഒഴിവാക്കും.
പാര്‍ട്ടി ഭാരവാഹികള്‍ക്ക് യൂണിറ്റ്തലം മുതല്‍ സംസ്ഥാനതലം വരെ ചുമതലകള്‍ കൃത്യമായി വീതിച്ചുകൊടുക്കും. എല്ലാ കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തും. ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാത്ത ഭാരവാഹികളെ ഒഴിവാക്കും.
ഒരേ സമയം ഒരു പദവി എന്ന നിബന്ധന കൊണ്ടുവരും.
നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അച്ചടക്കരാഹിത്യം നിയന്ത്രിക്കാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രത്യേക അച്ചടക്കസമിതി രൂപീകരിക്കും. ജില്ലാ കമ്മിറ്റിയില്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത പരാതിയില്‍ അപ്പീല്‍ പ്രകാരം സംസ്ഥാന കമ്മിറ്റി നേരിട്ട് നടപടി സ്വീകരിക്കും. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. സാമൂഹമാധ്യമങ്ങളിലൂടെയോ മറ്റു രീതിയിലോ അച്ചടക്കരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. നിലവിലുള്ള ഐക്യം തകര്‍ക്കുന്ന രീതിയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നാലും നടപടിയുണ്ടാകും.
വ്യക്തികേന്ദ്രീകൃതമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രീകൃതമായ ബോര്‍ഡുകള്‍ പ്രചാരണത്തിനു വേണ്ടി മാത്രം സ്ഥാപിക്കാം. എന്നാല്‍ ഇതില്‍ അനാവശ്യമായി നേതാക്കളുടെ ചിത്രങ്ങള്‍ തിരുകിക്കയറ്റരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. പരിപാടികളില്‍ പാര്‍ട്ടിയുടെ ഔദ്യോഗികമായി അംഗീകരിച്ച ചര്‍ക്ക ആലേഖനം ചെയ്ത പതാക മാത്രം ഉപയോഗിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."