പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് 22 അസി. എന്‍ജിനീയര്‍മാരുടെ തസ്തിക
എന്‍.സി ഷെരീഫ്
മഞ്ചേരി: നാഥനില്ലാക്കളരിയായി പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഇലക്ട്രിക്കല്‍ വിഭാഗം. വിവിധ ജില്ലകളിലായി ഒഴിഞ്ഞുകിടക്കുന്നത് 22 അസിസ്റ്റന്റ് എന്‍ജിനീ യര്‍മാരുടെ തസ്തികകള്‍. തൊട്ടടുത്ത ജില്ലകളിലെ എ.ഇമാര്‍ക്കും ഓവര്‍സിയര്‍ക്കും അധികചുമതല നല്‍കിയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാര്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണ് ഒഴിവുകള്‍ നികത്തുന്നതിന് പ്രധാന തടസം. ഡിപ്ലോമ യോഗ്യത നേടി പി.എസ്.സി വഴി ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയവരും ഐ.ടി.ഐ പൂര്‍ത്തിയാക്കി സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയറായി പിന്നീട് ഫസ്റ്റ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവരും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയതോടെയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം നിലച്ചത്. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആകുന്നത്. നിലവില്‍ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായി എത്തിയവരുടെ മുന്‍ഗണനാപ്പട്ടിക അടിസ്ഥാനമാക്കിയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം നടത്തിയിരുന്നത്.
ഇത് ശരിയല്ലെന്നും ചട്ടപ്രകാരം 3:2 അനുപാതത്തില്‍ സ്ഥാനക്കയറ്റം നല്‍കണമെന്നുമാണ് പി.എസ്.സി വഴി ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയവരുടെ പക്ഷം. ഇത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് നിയമനങ്ങള്‍ നിലച്ചത്.
ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ നിലവിലുള്ളവര്‍ക്ക് എടുത്താല്‍പ്പൊങ്ങാത്ത അധികഭാരം നല്‍കിയതോടെ പ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ വേഗത കുറഞ്ഞു. പൊതുമരാമത്തിന് കീഴില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടങ്ങളുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട അടങ്കല്‍ തുക നിശ്ചയിച്ച് കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട ചുമതല ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ്. ഇതിന് കാലതാമസം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."