വിധിയെഴുതുന്ന ഗുജറാത്ത്
ആദ്യഘട്ട നിയമസഭ വോട്ടെടുപ്പിനായി ഗുജറാത്ത് ഇന്ന് ബൂത്തിലേക്ക് പോകും. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിലെ ഏറ്റവും ഉന്നതരായ രണ്ടുപേരുടെ തട്ടകമാണ് ഗുജറാത്ത്. യു.പിയിലൂടെയാണ് ഡൽഹിയിലെ രാജ്യാധികാരത്തിലേക്കുള്ള വഴിയെന്ന വായ്ത്താരിയൊക്കെ പഴങ്കഥയാണ്. ഗുജറാത്താണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. അതുകൊണ്ട് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പെന്ന് കരുതണം.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായതു മുതൽ എതിരാളികളില്ലെന്നു പ്രഖ്യാപിക്കാൻ മാത്രം കരുത്തരായ ബി.ജെ.പിയായിരുന്നു ഗുജറാത്തിലുണ്ടായിരുന്നത്. എന്നാൽ 2017ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പോരാട്ടം താൽക്കാലികമായെങ്കിലും ചിത്രം മാറ്റി. ഇത്തവണ ബി.ജെ.പിക്ക് കോൺഗ്രസ് അത്ര വെല്ലുവിളിയല്ല. സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്ത ആം ആദ്മി ഇരുപാർട്ടികൾക്കും വെല്ലുവിളിയാണ്.
ആം ആദ്മി പാർട്ടിയുടെ പ്രകടനം ഗുജറാത്തിന്റെ രാഷ്ട്രീയഗതി ഇന്നല്ലെങ്കിൽ നാളെ മാറ്റുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നഗരമേഖലകളിൽ കോൺഗ്രസിന് സ്വാധീനമോ മികച്ച സ്ഥാനാർഥികളോ ഇല്ല. അവിടെ മധ്യവർഗ വോട്ടർമാർക്കിടയിൽ ആം ആദ്മി പാർട്ടിയാണ് ആവേശമാകുന്നത്. ഗോത്രവിഭാഗങ്ങൾക്കു സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് കോൺഗ്രസിന്റെ ശക്തി. ഗോത്രവിഭാഗങ്ങൾക്കായി സംവരണം ചെയ്ത 27 മണ്ഡലങ്ങളിൽ 15 എണ്ണം 2017ൽ കോൺഗ്രസ് വിജയിച്ചിരുന്നു. പരമ്പരാഗതമായി തങ്ങൾക്കൊപ്പം നിൽക്കുന്ന ഗോത്രവിഭാഗക്കാരുടെ പിന്തുണ തുടർന്നും ലഭിക്കുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
ഗുജറാത്ത് വംശഹത്യ നടന്ന് 20 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആരെയെല്ലാം ഉൾക്കൊള്ളുന്നുണ്ടെന്ന ചോദ്യം പ്രധാനമാണ്. ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന് ഇത്തവണ അവസരമില്ലെന്നാണ് കോൺഗ്രസും ആം ആദ്മിയും പറയുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ബി.ജെ.പി ഹിന്ദുത്വവികാരം കൈവിട്ടിട്ടില്ല. ബിൽക്കീസ് ബാനു കുറ്റവാളികളെ വിട്ടയച്ചത് നേട്ടമായി ബി.ജെ.പി ചൂണ്ടിക്കാട്ടുന്നുണ്ട്. ഏക സിവിൽ കോഡ്, മതമൗലികവാദം തടയാൻ പ്രത്യേക സെൽ രൂപീകരണം തുടങ്ങിയ വാഗ്ദാനങ്ങളൊക്കെയുണ്ട്. സംസ്ഥാനത്ത് ഒൻപത് ശതമാനമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് പൂർണമായും പുറത്താണ് മുസ്‌ലിംകൾ. ഒരു രാഷ്ട്രീയപ്പാർട്ടിയും സ്ഥാനാർഥിപ്പട്ടികയിൽ അർഹമായ പ്രാതിനിധ്യം നൽകിയിട്ടില്ല. മുസ്‌ലിംകളുടെ പ്രശ്‌നങ്ങൾ ആരും തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നില്ല. ഒരു പാർട്ടിയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുസ്‌ലിംകളെ പരിഗണിച്ചിട്ടുമില്ല.
182 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആറു മുസ്‌ലിം സ്ഥാനാർഥികളെ മാത്രമാണ് മത്സരിപ്പിക്കുന്നത്. 1995ൽ കോൺഗ്രസ് 10 മുസ്‌ലിംകളെ മത്സരിപ്പിച്ചിരുന്നു. 2002ലെ വംശഹത്യക്ക് ശേഷം ആറിൽക്കൂടുതൽ മുസ്‌ലിംകളെ മത്സരിപ്പിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. 2017ൽ കോൺഗ്രസ് മത്സരിപ്പിച്ച ആറുപേരിൽ വിജയിച്ചത് മൂന്ന് പേർ മാത്രം. 2012ൽ അഞ്ചു പേരെ മത്സരിപ്പിച്ചതിൽ വിജയിച്ചത് രണ്ടുപേർ. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിൽ മൂന്ന് സ്ഥാനാർഥികൾ മാത്രമാണ് മുസ്‌ലിംകളായുള്ളത്. ബി.ജെ.പിയുടെ പട്ടികയിൽ ഒരാൾ പോലുമില്ല. 1998ലാണ് അവസാനമായി ബി.ജെ.പി ഒരു മുസ്‌ലിമിനെ സ്ഥാനാർഥിയാക്കിയത്. വാഗ്രയിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി തോൽക്കുകയും ചെയ്തു.
ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളുടെ മോചനം, ഏക സിവിൽ കോഡ്, സാക്കിയ ജഫ്രി കേസ് തുടങ്ങി മുസ്‌ലിംകൾക്കും തെരഞ്ഞെടുപ്പിൽ വിഷയങ്ങളുണ്ട്. 2002ലെ വംശഹത്യക്കാലത്ത് ഏറ്റവും ക്രൂര കൂട്ടക്കൊല നടന്ന നരോദയിൽ വംശഹത്യക്കേസിൽ ശിക്ഷിക്കപ്പെട്ട മനോജ് കുൽക്കർണിയുടെ മകൾ പായൽ കുൽക്കർണിയാണ് ബി.ജെ.പി സ്ഥാനാർഥി. 97 പേർ ക്രൂരമായി കൊല്ലപ്പെട്ട നരോദാ പാട്യയിലെയും 11 പേർ കൊല്ലപ്പെട്ട നരോദാ ഗാമിലെയും കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതിനാണ് ഗുജറാത്ത് മന്ത്രിയായിരുന്ന മായാ കൊട്‌നാനിക്ക് രാജിവയ്‌ക്കേണ്ടിവന്നത്. പായൽ കുൽക്കർണിക്കായുള്ള പ്രചാരണത്തിൽ മായാ കൊട്‌നാനി മുന്നിലുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ട മനോജ് കുൽക്കർണി ഇപ്പോൾ ജാമ്യത്തിലിറങ്ങി മകൾക്കായി പ്രചാരണത്തിലാണ്. കൂട്ടക്കൊലയും വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി നോക്കുന്നത്.
മുസ്‌ലിം വോട്ടുകൾ മണ്ഡലത്തിൽ നിർണായക ശക്തിയായി ഇപ്പോഴുമുണ്ട്. കോൺഗ്രസിനാണ് മുസ്‌ലിംകൾ പരമ്പരാഗതമായി വോട്ടു ചെയ്യാറ്. ഇത്തവണ മുസ് ലിംകൾക്കിടയിൽ ആം ആദ്മി പാർട്ടിക്കാണ് സ്വാധീനം. എന്നാൽ വംശഹത്യയെക്കുറിച്ച് ആം ആദ്മി പാർട്ടിക്കും മിണ്ടാട്ടമില്ല. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാതെ ഭാവിയെക്കുറിച്ച് ആലോചിച്ച് വോട്ടു ചെയ്യണമെന്നാണ് നരോദയിലെ മുസ്‌ലിംകൾക്ക് ആം ആദ്മി പാർട്ടി സ്ഥാനാർഥി ഓം പ്രകാശ് തിവാരി നൽകുന്ന ഉപദേശം.
വംശഹത്യ മുസ്‌ലിംകളെ കടുത്ത ദാരിദ്ര്യത്തിലാക്കിയിട്ടുണ്ട്. തെരുവിലും ചവറുകൂനയിൽ കെട്ടിപ്പൊക്കിയ താൽക്കാലിക കോളനികളിലും മറ്റുമാണ് നരോദയിലെ അവരുടെ ജീവിതം. ഓരോ തെരഞ്ഞെടുപ്പും ഗുജറാത്തിലെ മുസ്‌ലിംകൾക്ക് അവഗണനയുടെ രണ്ടാം വംശഹത്യയാണ്. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ഓരോ ജനാധിപത്യ വിശ്വാസിയും സ്വയം ചോദിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."