വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സി.പി.എം ഒത്താശ ഞെട്ടിപ്പിക്കുന്നത് : കെ.സുധാകരന്‍
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാന്‍ ഒത്താശ ചെയ്യുന്ന സി.പി.എമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരന്‍ . സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം. വിദ്യാഭ്യാസ രംഗത്തെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ക്കെട്ടാനുള്ള ഏതു നീക്കവും ചെറുക്കും. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഭരിക്കുന്ന എസ്.എഫ്.ഐ ഈ വിഷയത്തില്‍ മൗനം ഭജിക്കുന്നതും യൂനിയന്‍ ചെയര്‍മാന്‍ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്.
മുഖ്യമന്ത്രിയുടെ നാട്ടിലെ സര്‍വകാലാശാലയില്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാന്‍ ശ്രമിച്ചിട്ടും അതിന്റെ ഉത്തരവാദിത്വം സര്‍വകലാശാലയുടെ തലയില്‍ മുഖ്യമന്ത്രി കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്തു. മതനിരപേക്ഷതയുടെ അപ്പോസ്‌ത്തോലരെന്ന് സ്വയം വാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്മഗാന്ധിയെയും നെഹ്‌റുവിനെയും തമസ്‌ക്കരിച്ച് വര്‍ഗീയവാദികളെ പ്രകീര്‍ത്തിക്കുന്ന ബി.ജെ.പി ശൈലി തന്നെയാണ് സി.പി.എമ്മും എസ്.എഫ്.ഐയും സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാല്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കണ്ണൂര്‍ സര്‍വകലാശാല പിന്നോട്ട് പോയതും വിവാദ വിഷയം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കാന്‍ തയ്യാറായതും കെ.എസ്.യു, യൂത്ത്‌കോണ്‍ഗ്രസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്. എന്നാല്‍ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാന്‍ സാധിക്കില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്.സിലബസ് രൂപീകരണത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ പ്രത്യേക താല്‍പ്പര്യം മാത്രമാണ് പരിഗണിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."