ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് കോടതി, ജീവിക്കണമെന്ന് പ്രതികള്‍; കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നാളെ
തിരുവനന്തപുരം: കോവളത്തെത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച്ച വിധിച്ചിരുന്നു. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
നിങ്ങള്‍ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. കുറ്റബോധമുണ്ടോ എന്നും കോടതി ചോദിച്ചു. ഞങ്ങള്‍ക്ക് ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
2018 മാര്‍ച്ച് 14നാണ് ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിന്‍ യുവതിയെ ആളൊഴിഞ്ഞ പൊന്ത കാട്ടില്‍ കൊണ്ടുവന്ന് കഞ്ചാവ് നല്കി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 35 ദിവസങ്ങള്‍ക്ക് ശേഷമാണ് ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്തകാട്ടില്‍ കണ്ടെത്തുന്നത്.
18 സാഹചര്യ തെളിവുകള്‍, 30 സാക്ഷികള്‍ എന്നിവ ആധാരമാക്കിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."