കൊവിഡ് വ്യാപനം ലഹരി ഉപയോഗം വര്‍ധിപ്പിച്ചെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമായെന്ന് യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടുതലായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ലോകമെമ്പാടും ഏകദേശം 275 ദശലക്ഷം ആളുകള്‍ ലഹരി ഉപയോഗിക്കുന്നവരായി മാറി. 2010 ല്‍ നിന്ന് 22 ശതമാനമാണ് വര്‍ധന. യു.എന്‍.ഒ.ഡി.സിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ആഗോള മയക്കുമരുന്ന് വിപണികളുടെ അവലോകനവും അതുപോലെ തന്നെ ആളുകളുടെ ആരോഗ്യത്തിലും ഉപജീവനത്തിലും ലഹരിയുടെ സ്വാധീനത്തെകുറിച്ചുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം)യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈമി(യു.എന്‍.ഒ.ഡി.സി)ന്റെ 2021 ലെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് കാലത്തും കഞ്ചാവ് ഉപയോഗം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം 275 മില്ല്യണ്‍ ജനങ്ങളാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അഥവാ ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം. സാമൂഹികാരോഗ്യം സംരക്ഷിക്കാന്‍ യുവജനങ്ങളെ ബോധവത്കരിക്കണമെന്ന് യു.എന്‍.ഒ.ഡി.സി ഡയറക്ടര്‍ ഗാഡാ വാലി പറഞ്ഞു.
42 ശതമാനം കഞ്ചാവ് ഉപയോഗം വര്‍ധിച്ചുവെന്നാണ് 77 രാജ്യങ്ങളിലെ ആരോഗ്യരംഗത്തുള്ളവര്‍ പങ്കെടുത്ത സര്‍വേ പറയുന്നത്. 2010 2019 നും ഇടയില്‍ 22 ശതമാനം പേരുടെ വര്‍ധനയാണ് മയക്കുമരുന്ന് ഉപയോഗത്തിലുണ്ടായിട്ടുള്ളത്. ഇതേ തരത്തില്‍ ഉപയോഗിച്ചാല്‍ 2030 ഓടെ 11 ശതമാനം വര്‍ധനവുണ്ടാകും. കൂടുതല്‍ യുവജനങ്ങളുണ്ടാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 40 ശതമാനം വര്‍ധനവുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.
കഞ്ചാവാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ലഹരിവസ്തു. 2019 ല്‍ 200 മില്ല്യണ്‍ പേര്‍ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കണക്ക്. കഞ്ചാവ് മാര്‍ക്കറ്റുകളുള്ള യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും അവയുടെ ഉപയോഗം കുറയുകയോ അല്ലെങ്കില്‍ ഒരേ തരത്തില്‍ നില്‍ക്കുകയോ ചെയ്യുകയാണ്. എന്നാല്‍ 2010 ന് ശേഷം ആഫ്രിക്കയിലെയും ഏഷ്യയിലെയും പലരാജ്യങ്ങളിലും ഇവയുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. വിവിധ അസുഖങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."