യു.പിയിലും ഗോവയിലും മത്സരിക്കുമെന്ന് ശിവസേന
മുംബൈ: ഉത്തര്‍പ്രദേശിലും ഗോവയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നു ശിവസേന. യു.പിയില്‍ ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ശിവസേനാ നേതൃത്വം വ്യക്തമാക്കിയപ്പോള്‍, എണ്പതു മുതല്‍ നൂറുവരെ സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുകയെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞത്.
40 നിയമസഭാ മണ്ഡലങ്ങളുള്ള ഗോവയില്‍ 20 വരെ സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലടക്കം പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും. ഉത്തര്‍പ്രദേശിലെ കര്‍ഷക സംഘടനകള്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ കാത്തിരുന്നു കാണാമെന്നും സഞ്ജയ് റാവത്ത് മുംബൈയില്‍ പറഞ്ഞു.
ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് 2019ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം അധികാരത്തിലെത്തിയതിനു പിന്നാലെ, കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. യു.പിയിലും ഗോവയിലുമടക്കം ശിവസേന മത്സരിക്കുന്നതിനെ മറ്റു പാര്‍ട്ടികള്‍ കരുതലോടെയാണ് നോക്കിക്കാണുന്നത്.
അതേസമയം, യു.പിയില്‍ 403 സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു ശിവസേനയുടെ യു.പി ഘടകം നേരത്തെ വവ്യക്തമാക്കിയിരുന്നത്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നു വ്യക്തമാക്കി യു.പി ശിവസേനാ അധ്യക്ഷന്‍ താക്കൂര്‍ സിങ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആദ്യഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ചില സീറ്റുകളില്‍ മത്സരിക്കാനാണ് പിന്നീട് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."