സെപ്റ്റംബര്‍ 11: എഫ്.ബി.ഐ രേഖകള്‍ പുറത്തുവിട്ടു; വിമാനം റാഞ്ചിയവരുമായി സഊദി സര്‍ക്കാരിന് ബന്ധമില്ല
വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട ആദ്യഘട്ട രഹസ്യരേഖകള്‍ പുറത്തുവിട്ട് എഫ്.ബി.ഐ.
16 പേജുള്ള രേഖകളില്‍ ആക്രമണത്തിനു വേണ്ടി യു.എസ് വിമാനങ്ങള്‍ റാഞ്ചിയവര്‍ക്ക് യു.എസിലെ സഊദി സഹായികളുമായി ബന്ധമുണ്ടെന്ന് പറയുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ സഊദി സര്‍ക്കാരിന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുമില്ല. വിമാനം റാഞ്ചി ആക്രമണം നടത്തിയവരില്‍പെട്ട സഊദികള്‍ക്ക് സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടാന്‍ ഇരകളുടെ ബന്ധുക്കള്‍ പ്രസിഡന്റ് ജോ ബൈഡനില്‍ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. തുടര്‍ന്നാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ ബൈഡന്‍ നിര്‍ദേശിച്ചത്.
അക്രമിസംഘത്തിലെ 19ല്‍ 15 പേരും സഊദിക്കാരായതിനാല്‍ സഊദി സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ ബന്ധമുണ്ടെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. അതിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനും സഊദി പൗരനായിരുന്നു.
ആരോപണം നിഷേധിച്ച സഊദി എംബസി രഹസ്യരേഖകള്‍ പൂര്‍ണമായും പുറത്തുവിടുന്നതിനെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരായ ആരോപണങ്ങള്‍ എന്നേക്കുമായി ഇല്ലാതാകാന്‍ ഇതു സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരാക്രമണം സംബന്ധിച്ച് സഊദി സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു അറിവുമില്ലായിരുന്നുവെന്നും ഒരുതരത്തിലും ഇതുമായി ബന്ധമില്ലെന്നും പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നതായി സഊദി എംബസി വ്യക്തമാക്കി.
ഭീകരാക്രമണ ഇരകളുടെ ബന്ധുക്കള്‍ കോടിക്കണക്കിനു ഡോളര്‍ സഊദിയില്‍നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. വിമാനം റാഞ്ചിയവരില്‍ പെട്ട ഖാലിദ് അല്‍ മിഹ്ദാര്‍, നവാഫ് അല്‍ ഹസ്മി എന്നിവര്‍ക്ക് സഊദി പണമയച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."