ട്രൈബ്യൂണലുകളില്‍ അംഗങ്ങളെ നിയമിച്ച് കേന്ദ്രം വിമര്‍ശനമേറ്റു
ന്യൂഡല്‍ഹി: രാജ്യത്തെ ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിക്കാത്തതിന് സുപ്രിംകോടതിയുടെ കടുത്ത വിമര്‍ശനം നേരിട്ടതിന് പിന്നാലെ മൂന്ന് ട്രൈബ്യൂണലുകളിലേക്ക് അംഗങ്ങളെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍.
നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, ഇന്‍കം ടാക്സ് അപ്പല്ലറ്റ് ട്രൈബ്യൂണല്‍, ആംഡ് ഫോഴ്സ് ട്രൈബ്യൂണല്‍ എന്നിവയുടെ അംഗങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.
എട്ട് ജുഡീഷ്യല്‍ അംഗങ്ങളും 10 സാങ്കേതിക വിദഗ്ധരായ അംഗങ്ങളും അടക്കം 18 പേരെയാണ് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നിയമിച്ചത്. അഞ്ചു വര്‍ഷത്തേക്കോ 65 വയസ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് കാലാവധി.
ഇന്‍കം ടാക്സ് അപ്പല്ലറ്റ് ട്രൈബ്യൂണലില്‍ 13 അംഗങ്ങളെയാണ് നിയമിച്ചത്.
ഇതില്‍ ആറുപേര്‍ ജുഡീഷ്യല്‍ അംഗങ്ങളും ബാക്കിയുള്ളവര്‍ അക്കൗണ്ടിങ് മേഖലയിലെ വിദഗ്ധരുമാണ്. നാലു വര്‍ഷമോ 67 വയസോ ആണ് കാലാവധി.
ആംഡ് ഫോഴ്സ് ട്രൈബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളെയാണ് നിയമിച്ചത്. നാലുവര്‍ഷമോ 67 വയസോ ആണ് കാലാവധി. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നികത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."