കാനത്തിനെതിരേ ഇസ്മാഈല്‍ പക്ഷത്തിന്റെ നീക്കം സമ്മേളനം മുന്നില്‍ക്കണ്ട്
സ്വന്തം ലേഖകന്‍
ആലപ്പുഴ: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം സി.പി.ഐയില്‍ വീണ്ടും വിഭാഗീയത തലപൊക്കുന്നു. സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാന്‍ തയാറെടുക്കുന്ന പാര്‍ട്ടിയില്‍ മേധാവിത്വം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒതുങ്ങിക്കൂടിയിരുന്ന കെ.ഇ ഇസ്മാഈല്‍ പക്ഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പടയൊരുക്കത്തിനു തുടക്കം കുറിച്ചത്.
ജനറല്‍ സെക്രട്ടറി ഡി. രാജയ്‌ക്കെതിരേയുള്ള പരസ്യപ്രസ്താവന ഉയര്‍ത്തി പാര്‍ട്ടിയില്‍ കാനവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ ഒരുമിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്മാഈല്‍ പക്ഷം. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഇതുസംബന്ധിച്ച സൂചനകളാണ് നല്‍കുന്നത്. കാനത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ കേന്ദ്ര നേതൃത്വത്തിനു കത്തെഴുതിയ ദേശീയ നിര്‍വാഹകസമിതി അംഗം ഇസ്മാഈലിന്റെ നടപടിയും ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതും ഇതിന്റെ ഭാഗമായാണ്.
അടുത്ത ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സമ്മേളന തിയതികള്‍ നിശ്ചയിക്കാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ പോര്. രാജയ്‌ക്കെതിരായ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി അക്കാര്യം പരസ്യമായി സ്ഥിരീകരിച്ചത് തെറ്റായ നിലപാടാണെന്നും ഇതു ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്നതായതിനാല്‍ ദേശീയ നിര്‍വാഹകസമിതി ചര്‍ച്ചചെയ്യണമെന്നുമാണ് ഇസ്മാഈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കാനത്തിന്റെ സമീപനത്തില്‍ അതൃപ്തരായവരുടെ പിന്തുണയോടുകൂടിയാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. വിഭാഗീയ കെട്ടടങ്ങാത്ത കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലയിലെ നേതാക്കളുടെ പിന്തുണ ഇസ്മാഈല്‍ പക്ഷത്തിനുണ്ട്. പറവൂര്‍, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച ഉത്തരവാദിത്വം ജില്ലാ കൗണ്‍സിലിന്റെ തലയില്‍ കെട്ടിവച്ചതും എല്‍ദോ എബ്രഹാമിന്റെ ആര്‍ഭാട വിവാഹം പരാജയകാരണമാണെന്ന ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച കാനത്തിന്റെ നടപടിയും എറണാകുളത്ത് അതൃപ്തി വര്‍ധിപ്പിച്ചു. മണ്ണാര്‍ക്കാട്ടും പീരുമേട്ടിലും ദേശീയ നേതാക്കളായ ഡി. രാജ, അതുല്‍കുമാര്‍ അന്‍ജാന്‍, തുടങ്ങിയവരുടെ പരിപാടിക്ക് ജനപങ്കാളിത്തം കുറഞ്ഞത് സംസ്ഥാന റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചതും ജനയുഗത്തെ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനെ പരസ്യമായി ശാസിച്ചതും കൊല്ലത്തെ അച്ചടക്കനടപടികളും കാനത്തിനെതിരായ നീക്കത്തില്‍ തുണയാകുമെന്നാണ് ഇസ്മാഈല്‍ പക്ഷത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."