തകര്‍ത്തുപെയ്ത് തുലാമഴ; ഇന്ന് രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
തകര്‍ത്തുപെയ്ത് തുലാമഴ; ഇന്ന് രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്്. ഇന്ന് രണ്ട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ അടുത്ത രണ്ടുദിവസം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എറണാകുളം, പാലക്കാട് ജില്ലകള്‍ക്കാണ് മഞ്ഞ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് 10-11-2023 ന് വെള്ളിയാഴ്ച്ച രാത്രി 11.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ് അറിയിച്ചു.
മഴക്കുറവ് മറികടന്ന് ജില്ലകള്‍
രണ്ടാഴ്ചയ്ക്കിടെ വിവിധ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ എല്ലാ ജില്ലകളിലെയും മഴക്കുറവ് പരിഹരിക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ ഒന്‍പത് വരെയുള്ള സമയത്ത് 449.3 മി.മീ മഴ കേരളത്തില്‍ ലഭിച്ചു. സാധാരണ നിലയില്‍ 378.9 മി.മീ മഴയാണ് ലഭിക്കേണ്ടത്. ഈ സീസണില്‍ 19 ശതമാനം അധിക മഴ ലഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം 556.8 മി.മീ. കൊല്ലം 504.4 മി.മീ. ആലപ്പുഴ 543.6 മി.മീ. പത്തനംതിട്ട 797.7 മി.മീ. ഇടുക്കി 414.9 മി.മീ. കോട്ടയം 512.8 മി.മീ. എറണാകുളം 540.1 മി.മീ. തൃശൂര്‍ 434.5 മി.മീ. മലപ്പുറം 410 മി.മീ. പാലക്കാട് 374.3 മി.മീ. കോഴിക്കോട് 403.5 മി.മീ. വയനാട് 215 മി.മീ. കണ്ണൂര്‍ 338.5 മി.മീ. കാസര്‍കോട് 335.3 മി.മീ. ഇതില്‍ ആലപ്പുഴ, എറണാകുളം, കാസര്‍കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട,തിരുവനന്തപുരം ജില്ലകളില്‍ അധികമഴ ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട അളവിലും മഴ ലഭിച്ചു. സെപ്റ്റംബറിലും കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."