വിജയിച്ചത് ഖത്തറിന്റെ നയതന്ത്രം, CIA, മൊസാദ് മേധാവികള്‍ ദോഹയില്‍ ഒന്നിച്ചിരുന്ന് അടുത്ത മണിക്കൂറില്‍ വൈറ്റ്ഹൗസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം
ദോഹ: ഇന്ന് മുതല്‍ ഗസ്സയില്‍ ദിവസവും നാലുമണിക്കൂര്‍ വീതം വെടിനിര്‍ത്തല്‍ പദ്ധതി നിലവില്‍വരുമ്പോള്‍ വിജയിച്ചത് ഖത്തറിന്റെ തന്ത്രപരമായ ഇടപെടല്‍. കഴിഞ്ഞമാസം ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ സയണിസ്റ്റ് ഭരണകൂടത്തിനെതിരേ ആദ്യം രംഗത്തുവന്നതും ഫലസ്തീനികള്‍ക്ക് സഹായം പ്രഖ്യാപിച്ചതും ഖത്തറായിരുന്നു. അതു മുതല്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും പ്രധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയും നടത്തിയ നീക്കങ്ങളാണ് ഇന്നലെ വിജയം കണ്ടത്.
ഫലസ്തീന്‍ വിഷയത്തില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്ന അറബ് രാജ്യമാണ് ഖത്തര്‍ എങ്കിലും ഇതോടൊപ്പം തന്നെ ഇസ്രായേല്‍ സര്‍ക്കാരുമായി ഖത്തര്‍ ഭരണകൂടം പിണക്കത്തിലായിരുന്നുമില്ല. ഫലസ്തീന്‍ വിഷയം മാത്രമല്ല മറ്റ് മനുഷ്യാവകാശ വിഷയങ്ങളിലും ഖത്തര്‍ പലപ്പോഴും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. അതോടൊപ്പം തന്നെ യൂറോപുമായും അമേരിക്കയുമായും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന നയതന്ത്രമാണ് ഖത്തറിന്റെത്. ഈ നയതന്ത്രനീക്കമാണ് ഇസ്രായേല്‍ ആക്രമണത്തിന് അറുതിവരുത്താനും ഖത്തര്‍ ഉപയോഗിച്ചത്.
ഒരുവേള ദോഹയില്‍ യു.എസ് ചാര സംഘടന സി.ഐ.എയുടെയും ഇസ്‌റാഈല്‍ ചാര സംഘടന മൊസാദിന്റെയും മേധാവികളെ ഒന്നിച്ചിരുത്താനും ഖത്തറിനായി. പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ദോഹയില്‍ ചേന്ന സിഐഎ, മൊസാദ് മേധാവികളുടെ ക്ലോസ്ഡ് ഡോര്‍ മീറ്റിങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അങ്ങകലെ വൈറ്റ് ഹൗസില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ദിവസവും നാലുമണിക്കൂര്‍ വീതം വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസില്‍വച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി അറിയിക്കുമ്പോള്‍ ദോഹയിലെ മീറ്റിങ് സമാപിച്ച് അധികമണിക്കൂറുകള്‍ പിന്നിട്ടിരുന്നില്ല.
ഇനി അറിയേണ്ടത്, വെടിനിര്‍ത്തലിന് മുന്നോട്ടുവച്ച ഉപാധികളാണ്. പത്ത് പതിനഞ്ച് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ കൊണ്ട് സമ്മതിപ്പിക്കുകയും രണ്ട് ദിവസത്തേക്കെങ്കിലും പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യം ഖത്തര്‍ മുന്നോട്ടുവച്ച ഫോര്‍മുല. ഇത് ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമായിരുന്നു എന്നാണ് സൂചനകള്‍. മാത്രമല്ല, നേരത്തെ രണ്ട് തവണകളിലായി ഹമാസ് ബന്ദികളെ മോചിപ്പിച്ചതും ഖത്തര്‍ പറഞ്ഞത് പ്രകാരമായിരുന്നു. ആദ്യമായി ഫലസ്തീന് പുറത്ത് ഹമാസിന് ഓഫീസ് സൗകര്യങ്ങള്‍ അനുവദിച്ച രാജ്യമാണ് ഖത്തര്‍. കൂടാതെ ഹമാസിന്റെ നിലവിലെ ഒന്നാമനും രണ്ടാമനുമായ മുന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയും രാഷ്ട്രീയ കാര്യ മേധാവി ഖാലിദ് മിശ്അലും കഴിയുന്നതും ഖത്തറിലാണ്. രാജ്യാന്തര സമ്മര്‍ദ്ദം ഉണ്ടായിട്ട് പോലും ഹമാസ് നേതാക്കളെ അവിടെ കഴിയാന്‍ ഖത്തര്‍ അനുവദിച്ചു.
മുമ്പ് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശ കാലത്ത് താലിബാനും യു.എസും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ആതിഥ്യമരുളിയ ചരിത്രവുമുണ്ട് ഖത്തറിന്. യു.എസിനെയും താലിബാനെയും ഒരു മേശക്ക് ചുറ്റും ഇരുത്തിയ ഖത്തര്‍ അന്ന് നയതന്ത്രത്തിന്റെ പുതിയ ഏട് രചിക്കുകയായിരുന്നു. അഫ്ഗാന് പുറത്ത് താലിബാന്‍ ഓഫീസ് തുറന്നതും ഖത്തറിലായിരുന്നു. അഫ്ഗാനില്‍നിന്ന് യു.എസ് പിന്‍മാറിയതിനെത്തുടര്‍ന്ന് അവിടെ താലിബാന്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഇന്ത്യയുടെയും താലിബാന്‍ നേതാക്കളുടെയും കൂടിക്കാഴ്ചകള്‍ക്കും ഖത്തര്‍ സൗകര്യമൊരുക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."