പെഗാസസില്‍ കേന്ദ്ര സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍
പെഗാസസില്‍ നേരത്തെ എടുത്ത നിലപാടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതാണ് കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ കണ്ടത്. രണ്ടുതവണ സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് സമയം നീട്ടിച്ചോദിച്ച സര്‍ക്കാര്‍ കേസ് വിചാരണയ്‌ക്കെടുത്തപ്പോള്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാവില്ലെന്നും ദേശസുരക്ഷയെ ബാധിക്കുമെന്നും പറഞ്ഞ് മലക്കംമറിയുകയായിരുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തെപ്പോലും അനുസരിക്കാന്‍ തങ്ങള്‍ തയാറല്ലെന്ന സൂചനയാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പൗരന്റെ സ്വകാര്യവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയോയെന്ന കോടതിയുടെ ചോദ്യത്തിന് വിവരംനല്‍കിയാല്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് സഹായകരമാകുമെന്നും രാജ്യസുരക്ഷ മുന്‍നിര്‍ത്തി അത് നല്‍കാനാവില്ലെന്നുമുള്ള വിചിത്ര നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ദേശസുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയത് കോടതിയുടെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മോദി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍ എന്നിവരുടെയൊക്കെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ കേസിന്റെ വിചാരണാവേളയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന മുടന്തന്‍ ന്യായം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ പറഞ്ഞത്. പെഗാസസ് ഉപയോഗിച്ച് പൗരന്റെ വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയോ, ഇല്ലയോ എന്നുള്ള ഒറ്റക്കാര്യം മാത്രമേ കോടതിക്ക് അറിയേണ്ടതുണ്ടായിരുന്നുള്ളൂ. അതിനുള്ള ഉത്തരമായാണ് ദേശസുരക്ഷ ഉയര്‍ത്തിപ്പിടിച്ച് തുഷാര്‍ മേത്ത കാടടച്ച് വെടിവച്ചത്.
സര്‍ക്കാരിന്റെ നിരീക്ഷണത്തിന് നിയമാനുസൃത നടപടിക്രമമുണ്ട്. അത് പാലിച്ചോ എന്നറിയാന്‍ വിശദമായ സത്യവാങ്മൂലം സഹായകരമാകുമെന്ന് പറഞ്ഞ കോടതിക്ക് ശരിയായ ഉത്തരം നല്‍കാതെ ദേശസുരക്ഷയെക്കുറിച്ച് പറയുകയായിരുന്നു തുഷാര്‍ മേത്ത. ഈ സന്ദര്‍ഭത്തിലാണ് താങ്കള്‍ കാടടച്ച് വെടിവയ്ക്കുകയാണോയെന്ന് കോടതി ചോദിച്ചത്. മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എന്നിവരും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടയിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കാനാവില്ലെന്ന പ്രതിലോമപരമായ നിലപാട് കേന്ദ്രം സ്വീകരിച്ചത്. തങ്ങളുടെ രാഷ്ട്രീയതാല്‍പര്യം സംരക്ഷിക്കാന്‍ കോടതിയുടെ ഉത്തരവുപോലും വകവയ്ക്കുകയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മാത്രമായിട്ടെ തുഷാര്‍ മേത്തയുടെ വാദത്തെ കാണാനാകൂ.
സ്വകാര്യതയുടെ ലംഘനം സംബന്ധിച്ചുള്ളതാണ് ഹരജി. അതിനാല്‍ ദേശീയസുരക്ഷയെക്കുറിച്ച് പറയേണ്ടതില്ലെന്ന് ഒരുഘട്ടത്തില്‍ കോടതിക്ക് പറയേണ്ടിവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇതില്‍നിന്ന് തന്നെ സര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പലരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഏകാധിപത്യ സര്‍ക്കാരുകള്‍ ഇസ്‌റാഈലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെയും എതിര്‍ വിഭാഗങ്ങളുടെയും ഫോണ്‍ ചോര്‍ത്തുന്നതുപോലെ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലും ഭരണാധികാരികള്‍ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെയും മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജഡ്ജിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തിയിട്ടുണ്ട്.
ഐ ഫോണുകളിലെയും ആന്‍ഡ്രോയ്ഡ് ഫോണുകളിലെയും വിവരങ്ങള്‍ പെഗാസസ് ചോര്‍ത്തും. കോളുകള്‍ റെക്കോഡ് ചെയ്യും. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി എവിടെയാണ്, ആരെയൊക്കെ കണ്ടു, സംസാരിച്ചു എന്നീ വിവരങ്ങളെല്ലാം പെഗാസസിലൂടെ സര്‍ക്കാരിന് അറിയാന്‍ കഴിയും, മാത്രമല്ല വ്യക്തി അറിയാതെ അയാളുടെ ഫോണിലേക്ക് തീവ്രവാദ, ഭീകരവാദ ആശയങ്ങള്‍ കയറ്റാനും കഴിയും. ഇതിലൂടെ ഏതൊരു വ്യക്തിയെയും തീവ്രവാദിയായി മുദ്രകുത്താന്‍ സര്‍ക്കാരിന് കഴിയും.
ലോകത്ത് ഇന്നോളം വികസിപ്പിച്ചെടുത്തതില്‍ ഏറ്റവും ശക്തമായ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. പെഗാസസ് ഒരു വ്യക്തിയുടെ ഫോണില്‍ കടന്നുവന്നാല്‍ 24 മണിക്കൂറും ആ വ്യക്തി പെഗാസസിന്റെ നിരീക്ഷണത്തിലായിരിക്കും. പെഗാസസ് ഇത്തരമൊരു മാല്‍വെയര്‍ വികസിപ്പിച്ചെടുത്തത് ക്രിമിനലുകളുടെയും ഭീകരവാദികളുടെയും വിവരങ്ങളറിയാനാണ്. അതാണ് നമ്മുടെ സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചത്. ഇതിനെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് ദേശീയസുരക്ഷയുടെ കാര്യം പറഞ്ഞ് വിശദമായ സത്യവാങ്മൂലം നല്‍കാനാവില്ലെന്ന ധിക്കാരപരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതുസംബന്ധിച്ച് ഒന്നുരണ്ട് ദിവസത്തിനകം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ സോളിസിറ്റര്‍ ജനറലിനെ ഓര്‍മിപ്പിച്ചിരിക്കുകയാണ്. എന്ത് ഉത്തരവാണ് തങ്ങള്‍ പുറപ്പെടുവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാമെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി വാദം അവസാനിപ്പിച്ചത്. അതിനുമുമ്പ് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് സമയമുണ്ടെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കുന്നില്ലെങ്കില്‍ ഭരണഘടനാ സ്ഥാപനമായ പരമോന്നത നീതിപീഠത്തെപ്പോലും കേന്ദ്രസര്‍ക്കാര്‍ വകവയ്ക്കുന്നില്ലെന്ന സന്ദേശമായിരിക്കും പൊതുസമൂഹത്തിന് അതുവഴി കിട്ടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."