അതൃപ്തി മുതലാക്കാന്‍ സി.പി.എം; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വലവീശുന്നു
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷരെ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളില്‍ ഉടലെടുത്ത അസംതൃപ്തി പരമാവധി മുതലാക്കാനുറച്ച് സി.പി.എം.
കേരളത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ കരുത്തുറ്റ പാര്‍ട്ടിയാക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് കണ്ണൂരില്‍ സി.പി.എമ്മിനോട് 'കട്ട'യ്ക്ക് നില്‍ക്കുന്ന കെ.സുധാകരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷനാക്കിയത്.
ഒപ്പം വി.ഡി സതീശനെ പ്രതിപക്ഷനേതാവുമാക്കിയതോടെ പാര്‍ട്ടിക്കും മുന്നണിക്കും ഒരു പോലെ ഊര്‍ജസ്വലത കൈവന്നു. എന്നാല്‍ ഇതിനിടെയുണ്ടായ അസംതൃപ്തി മുതലെടുത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസില്‍നിന്നും മുസ്‌ലിം ലീഗില്‍നിന്നും സംഘ്പരിവാരില്‍നിന്നു പോലും പുറത്തുപോയ നേതാക്കളെ ഇടവേളയയ്ക്കു ശേഷം സി.പി.എം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതിവേഗമാണ് നടപടി. ഡി.സി.സി അധ്യക്ഷരുടെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് ആദ്യം സി.പി.എമ്മിലെത്തിയത് കെ.പി.സി.സി മുന്‍സെക്രട്ടറി പി.എസ് പ്രശാന്താണ്. ഹൈക്കമാന്‍ഡിനെ പരസ്യമായി വെല്ലുവിളിച്ച പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി മൂന്നാം ദിവസമാണ് സി.പി.എം സ്വീകരിച്ചത്.
കൂടുതല്‍ നേതാക്കള്‍ വൈകാതെ കോണ്‍ഗ്രസ് വിടുമെന്ന് അനില്‍കുമാര്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവര്‍ക്കും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് എ. വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പരസ്യമായി അസംതൃപ്തി അറിയിച്ച പാലക്കാട്ടെ എ.വി ഗോപിനാഥ് സി.പി.എമ്മില്‍ പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഗോപിനാഥ് സി.പി.എമ്മുമായി ചര്‍ച്ച തുടങ്ങിയെങ്കിലും സുധാകരന്‍ ഇടപെട്ടാണ് ആ നീക്കം തടഞ്ഞത്. പാര്‍ട്ടിക്കെതിരേ പരസ്യവിമര്‍ശനം നടത്തുന്നവരോട് യാതൊരു കരുണയും വേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് സുധാകരനു നല്‍കിയ നിര്‍ദേശം.
അതിനാല്‍ പരസ്യവിമര്‍ശനം നടത്തിയവര്‍ക്കെതിരേ ഉടനടി അച്ചടക്കത്തിന്റെ വാള്‍ വീശിയതോടെ ഡി.സി.സി പ്രസിഡന്റുമാരുടെ പേരില്‍ വലിയ പൊട്ടിത്തെറിയുണ്ടായില്ല.
എന്നാല്‍ വിമതരെ പിടിക്കാന്‍ സി.പി.എം ചാക്കുമായി ഇറങ്ങിയ സാഹചര്യത്തില്‍ അസംതൃപ്തരുമായി സംസാരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."