ഏഴുമാസത്തിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ടത് 10 നേതാക്കള്‍
ഇ.പി മുഹമ്മദ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ആരംഭിച്ച നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്നലെ രാജിവച്ച കെ.പി അനില്‍കുമാറുള്‍പ്പെടെ ഏഴുമാസത്തിനിടെ 10 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. എ.ഐ.സി.സി മുന്‍ വക്താവ് പി.സി ചാക്കോ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതിക സുഭാഷ്, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, കെ.സി റോസക്കുട്ടി, കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ് വിശ്വനാഥന്‍ എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് രാജിവച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവരില്‍ പലരും പാര്‍ട്ടി വിട്ടത്.
ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറും തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വിട്ട് എല്‍.ജെ.ഡിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു നാലുദിവസം മുമ്പ് പാലക്കാട്ടെ മുതിര്‍ന്ന നേതാവും യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാനുമായ എ. രാമസ്വാമിയും കോണ്‍ഗ്രസ് വിട്ടു.
ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് മുന്‍ എം.എല്‍.എയും പാലക്കാട്ടെ മുതിര്‍ന്ന നേതാവുമായിരുന്ന എ.വി ഗോപിനാഥ്, നെടുമങ്ങാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന പി.എസ് പ്രശാന്ത് എന്നിവരും ഒടുവിലായി കെ.പി അനില്‍കുമാറും കോണ്‍ഗ്രസ് വിട്ടത്. പി.സി ചാക്കോ, ലതിക സുഭാഷ്, പി.എം സുരേഷ്ബാബു എന്നിവര്‍ എന്‍.സി.പിയില്‍ ചേര്‍ന്നപ്പോള്‍ പി.എസ് പ്രശാന്തും അനില്‍കുമാറും സി.പി.എമ്മിലെത്തി. എ.വി ഗോപിനാഥ് പ്രാഥമിക അംഗത്വം രാജിവച്ചെങ്കിലും ഇതുവരെ മറ്റു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. ഗോപിനാഥിനെ തിരികെയെത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ സജീവമാണ്. തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലാണ് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട കെ.സി റോസക്കുട്ടി സി.പി.എമ്മില്‍ ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ പാര്‍ട്ടി വിട്ട എം.എസ് വിശ്വനാഥന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.കെ വിശ്വനാഥനും പാര്‍ട്ടി വിട്ടെങ്കിലും ദിവസങ്ങള്‍ക്കകം തിരിച്ചെത്തി. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ കഴിവില്ലായ്മയെ വിമര്‍ശിച്ച് പടിയിറങ്ങിയ പി.സി ചാക്കോ ഇപ്പോള്‍ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."