നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ കൂട്ടനടപടി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇടതു തരംഗമുണ്ടായിട്ടും കനത്ത തോല്‍വി സമ്മാനിച്ച എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്കെതിരേ കൂട്ട നടപടി. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
മുതിര്‍ന്ന നേതാവായ സി.കെ മണിശങ്കറിനെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. എം. സ്വരാജിന്റെ അപ്രതീക്ഷിത പരാജയത്തില്‍ തൃപ്പൂണിത്തുറയില്‍നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം സി.എന്‍ സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റി. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി നടത്തിയ പരിശോധനയ്ക്കു ശേഷമാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി കമ്മിഷനെ വച്ചിരുന്നു. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 12 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പാര്‍ട്ടിക്ക് ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന തൃപ്പൂണിത്തുറയില്‍ സുന്ദരന്‍ എം. സ്വരാജിനെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ ഇടപെടല്‍ നടത്തിയെന്നും സ്വരാജിനു വേണ്ടി പാര്‍ട്ടി നേതൃത്വം വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെന്നും ഏരൂരിലടക്കം വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തല്‍.
തൃക്കാക്കരിയിലുണ്ടായ തോല്‍വിയിലാണ് മണിശങ്കറിനെതിരേ നടപടി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി വിന്‍സെന്റിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കി.
തൃക്കാക്കരയിലേറ്റ പരാജയത്തിലാണ് ഇരുവര്‍ക്കുമെതിരായ നടപടി. പെരുമ്പാവൂരില്‍ ഇടതുമുന്നണി ഘടകകക്ഷി സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി മോഹനനെതിരായ നടപടി പരസ്യ ശാസനയിലൊതുങ്ങി.
കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണിനെ മാറ്റി. പിറവം പരാജയത്തിലാണ് നടപടി. ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
പിറവം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ പരാതി സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി.എം ദിനേശ് മണി, പി.എം ഇസ്മാഈല്‍ എന്നിവരും തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ പരാതി ഗോപി കോട്ടമുറിക്കല്‍, കെ.ജെ ജേക്കബ് എന്നിവരുമാണ് അന്വേഷിച്ചത്. ഇന്നലെ ചേര്‍ന്ന ജില്ല കമ്മിറ്റിയും സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."