ആറന്മുളയിലും ജാഗ്രതക്കുറവ്; വീണാ ജോര്‍ജിന്റെ പ്രചാരണങ്ങളില്‍ 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: കോഴഞ്ചേരി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ 267 പാര്‍ട്ടി അംഗങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതായി സി.പി.എം. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ആറന്മുളയില്‍ പ്രാദേശിക നേതാക്കളുടെ പേര് എടുത്ത് പറഞ്ഞുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
തുടര്‍ഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ നല്‍കരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറയുന്നു.
ഇരവിപേരൂര്‍ കോഴഞ്ചേരി പന്തളം പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടങ്ങളിലായാണ് 267 പാര്‍ട്ടി കേഡര്‍മാര്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവലോകനം നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അന്ന് പാര്‍ട്ടി സംസ്ഥാന ഘടകം നേരിട്ടിറങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."